ADVERTISEMENT

ധാക്ക/ന്യൂഡൽഹി∙ ബംഗ്ലദേശിൽനിന്നു രാജിവച്ച് പലായനം ചെയ്ത ഷെയ്ഖ് ഹസീന ഗാസിയാബാദിലെത്തിയതിനു പിന്നാലെ ഇന്ത്യയിൽ തിരക്കിട്ട നീക്കങ്ങൾ. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ഷെയ്ഖ് ഹസീനയുമായി കൂടിക്കാഴ്ച നടത്തി. ഗാസിയാബാദിലെ ഹിൻഡൻ വ്യോമസേനാത്താവളത്തിലായിരുന്നു കൂടിക്കാഴ്ച. ഇവിടെയാണ് ബംഗ്ലദേശ് വ്യോമസേനയുടെ സി–130 വിമാനത്തിൽ ഷെയ്ഖ് ഹസീനയും സഹോദരി ഷെയ്ഖ് രഹാനയും എത്തിയത്. ഹസീനയെത്തിയതിനു പിന്നാലെ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് ബംഗ്ലദേശിലെ സ്ഥിതിഗതികൾ ധരിപ്പിച്ചു. ഹസീനയുമായി മോദി കൂടിക്കാഴ്ച നടത്തുമോയെന്നതിൽ വ്യക്തതയില്ല. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സുരക്ഷാകാര്യ കാബിനറ്റ് സമിതി യോഗം ‍ഡൽഹിയിൽ ചേർന്ന് ബംഗ്ലദേശിലെ സ്ഥിതിഗതികൾ വിലയിരുത്തി. വിദേശകാര്യമന്ത്രി എസ്.ജയശങ്കർ, ധനമന്ത്രി നിർമല സീതാരാമൻ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, അഭ്യാന്തരമന്ത്രി അമിത് ഷാ തുടങ്ങിയവർ പങ്കെടുത്തു. ഹിൻഡൻ വ്യോമസേനാത്താവളത്തിൽനിന്ന് ഹസീന ലണ്ടനിലേക്ക് പോകുകയും അവിടെ അഭയം തേടുകയും ചെയ്യുെമന്നാണ് റിപ്പോർട്ട്.

ഷെയ്ഖ് ഹസീന രാജിവച്ചതിന് പിന്നാലെ രാജ്യത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. രാജ്യത്തെ ഉടൻ ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് ബംഗ്ലദേശ് ചീഫ് ഓഫ് ആർമി സ്റ്റാഫ് വേക്കർ ഉസ് സമാൻ പ്രഖ്യാപിച്ചു. എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഉൾപ്പെടുത്തിയാകും സർക്കാരെന്നും പാർട്ടികളുമായി നടത്തിയ അടിയന്തര ചർച്ചയിൽ ഇക്കാര്യത്തിൽ ധാരണയായെന്നും സൈനിക മേധാവി അറിയിച്ചു. പ്രതിസന്ധി പരിഹരിക്കാൻ പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീനുമായി ചർച്ച നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘‘രാജ്യം പ്രതിസന്ധിയിലാണ്. ഞാൻ പ്രതിപക്ഷനേതാക്കളെ കണ്ടു നടത്തിയ ചർച്ചയിൽ രാജ്യത്തെ നയിക്കാൻ ഇടക്കാല സർക്കാർ രൂപീകരിക്കാനുള്ള തീരുമാനമെടുത്തിട്ടുണ്ട്. നിങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനും എല്ലാ ഉത്തരവാദിത്വങ്ങളും ഞാൻ ഏറ്റെടുക്കാമെന്ന് വാക്കു നൽകുന്നു. നിങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റപ്പെടും. അക്രമം അവസാനിപ്പിക്കാൻ ഞങ്ങളോട് സഹകരിക്കണം. ഞങ്ങളുമായി സഹകരിക്കുകയാണെങ്കിൽ ഒന്നിച്ച് പ്രശ്നങ്ങൾക്ക് വളരെപ്പെട്ടെന്ന് പരിഹാരം കാണാനാകും. അക്രമത്തിലൂടെ നമുക്കൊന്നും നേടാനാകില്ല.’’– രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ചീഫ് ഓഫ് ആർമി സ്റ്റാഫ് വേക്കർ ഉസ് സമാൻ പറഞ്ഞു. പ്രക്ഷോഭം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾക്ക് കത്തുനൽകാൻ ധാക്ക സർവകലാശാല പ്രഫസർ ആസിഫ് നസ്റുളിലിനോട് സൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആയിരക്കണക്കിന് പ്രക്ഷോഭകാരികളാണ് ധാക്കയിലെ സെൻട്രൽ സ്ക്വയറിലെത്തിയത്. ഷെയ്ഖ് ഹസീനയുടെ ഔദ്യോഗിക വസതി പ്രക്ഷോഭകർ കയ്യേറി. ഭരണകക്ഷിയായ അവാമി ലീഗിന്റെ പ്രവർത്തകരും പ്രതിഷേധക്കാരും തമ്മിലുള്ള സംഘർഷത്തിൽ നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. ധാക്ക വിടുന്നതിനു മുൻപ് പ്രസംഗം റെക്കോർഡ് ചെയ്യാൻ ഷെയ്ഖ് ഹസീന ആഗ്രിച്ചിരുന്നെങ്കിലും സാധിച്ചില്ലെന്ന് അവരോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

സർക്കാർ ജോലിയിലെ സംവരണ വിഷയത്തിൽ തുടങ്ങിയ പ്രക്ഷോഭം സർക്കാരിനെതിരായ സമരമായി മാറുകയായിരുന്നു. സംവരണ വിഷയത്തിൽ ദിവസങ്ങൾക്ക് മുന്‍പ് നടന്ന സംഘർഷങ്ങളിൽ ഇരുന്നൂറിലധികം പേർ കൊല്ലപ്പെട്ടിരുന്നു. ഇതു കെട്ടടങ്ങിയതിനു പിന്നാലെയാണ് സർക്കാരിനെതിരെ പ്രക്ഷോഭം ആരംഭിച്ചത്. രാജ്യത്തെ 13 ജില്ലകളിൽ കലാപം വ്യാപിച്ചിട്ടുണ്ട്. പ്രക്ഷോഭം ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമർത്തുമെന്ന് പ്രഖ്യാപിച്ച ഷെയ്ഖ് ഹസീന രാജ്യത്ത് അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഇന്നു മുതൽ 3 ദിവസം ദേശീയ അവധിയും പ്രഖ്യാപിച്ചു. സമൂഹമാധ്യമങ്ങൾക്കും വിലക്കേർപ്പെടുത്തിയിരുന്നു. ഇന്റർനെറ്റ് സൗകര്യം തടയാൻ മൊബൈൽ കമ്പനികളോടും ആവശ്യപ്പെട്ടു.

‘വിവേചന വിരുദ്ധ വിദ്യാർഥി പ്രസ്ഥാനം’ എന്ന കൂട്ടായ്മയാണ് നിസ്സഹകരണ സമരം പ്രഖ്യാപിച്ചത്. നികുതിയും വിവിധ സർക്കാർ ബില്ലുകളും അടയ്ക്കരുതെന്ന് സമരക്കാർ ആഹ്വാനം ചെയ്തിരുന്നു. സമരത്തിൽ അണിചേരാൻ സർക്കാർ, സ്വകാര്യ ജീവനക്കാരെയും ആഹ്വാനം ചെയ്തതോടെ ഓഫിസുകളുടെ പ്രവർത്തനം സ്തംഭിച്ചു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ശനിയാഴ്ച ചർച്ചയ്ക്ക് വിളിച്ചെങ്കിലും പ്രക്ഷോഭകർ തയാറായില്ല. ഇതിനു പിന്നാലെയാണ് വിദ്യാർഥികളല്ല, ഭീകരപ്രവർത്തകരാണു പ്രക്ഷോഭത്തിനു പിന്നിലെന്നും ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമർത്തുമെന്നും ഷെയ്ഖ് ഹസീന പ്രഖ്യാപിച്ചത്. രാജ്യത്തെ ശിഥിലമാക്കാൻ ശ്രമിക്കുന്ന ഭീകരരെ അടിച്ചമർത്താൻ ജനങ്ങളോട് ഹസീന ആവശ്യപ്പെട്ടതിനു പിന്നാലെയാണ് പാർട്ടി പ്രവർത്തകർ രംഗത്തിറങ്ങിയത്. ഇതു സാഹചര്യങ്ങൾ കൂടുതൽ വഷളാക്കി.

1971ല്‍ ബംഗ്ലദേശിനെ പാക്കിസ്ഥാനില്‍നിന്നു സ്വതന്ത്രമാക്കിയ വിമോചനയുദ്ധത്തില്‍ പങ്കെടുത്ത സ്വാതന്ത്ര്യ സമരസേനാനികളുടെ മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും ഉള്‍പ്പെടെ രാജ്യത്തെ ഉന്നത സര്‍ക്കാര്‍ ജോലികളില്‍ സംവരണം നല്‍കുന്നതിനെതിരെയാണു ബംഗ്ലദേശിൽ പ്രക്ഷോഭം ആരംഭിച്ചത്. ഇതു പിന്നീട് സർക്കാരിനെതിരായ പ്രക്ഷോഭമായി മാറി. ബംഗ്ലദേശിൽ സംഘർഷം വ്യാപിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ പൗരൻമാർക്ക് കേന്ദ്രസർക്കാർ ജാഗ്രതാ നിർദേശം നൽകി.

English Summary:

Bangladesh Prime Minister Sheikh Hasina Resigns Amidst Unrest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com