ADVERTISEMENT

മുംബൈ∙ യുഎസ് മാന്ദ്യത്തിലേക്കു പോകുന്നുവെന്ന സൂചനകൾ ശക്തമായതിനെ തുടർന്ന് രാജ്യാന്തര ഓഹരി വിപണികൾക്കൊപ്പം ഇന്ത്യൻ ഓഹരി വിപണികളും വൻ തകർച്ചയിൽ. മിഡിൽ ഈസ്റ്റിൽ ഇസ്രയേൽ - ഇറാൻ യുദ്ധമുണ്ടായേക്കുമെന്ന ഭീതിയും തിരിച്ചടിയായി. ഒരുവേള 2,000ലേറെ പോയിന്റ് കൂപ്പുകുത്തിയ സെൻസെക്സ് ഇപ്പോൾ 1,910 പോയിന്റ് (-2.36%) താഴ്ന്ന് 79,091ലാണ് വ്യാപാരം ചെയ്യുന്നത്. നിഫ്റ്റി 619 പോയിന്റ് (-2.51%) ഇടിഞ്ഞ് 24,097ലും.

ടാറ്റാ മോട്ടോഴ്സ്, ഒഎൻജിസി, ഹിൻഡാൽകോ, ശ്രീറാം ഫിനാൻസ്, ഇൻഫോസിസ് എന്നിവ നാലു മുതൽ ആറു ശതമാനം വരെ ഇടിഞ്ഞ് നിഫ്റ്റി 50ൽ നഷ്ടത്തിൽ മുന്നിലെത്തി. ടാറ്റാ മോട്ടോഴ്സ്, ഇൻഫോസിസ്, ടാറ്റാ സ്റ്റീൽ, മാരുതി സുസുക്കി, അദാനി പോർട്സ്, എസ്ബിഐ എന്നിവയാണ് സെൻസെക്സിൽ നഷ്ടത്തിലുള്ള പ്രമുഖർ; ഇവയും 4-6 ശതമാനം താഴേക്കുപോയി.

ഓഹരി വിപണികളുടെ വീഴ്ചയും രാജ്യാന്തര സാമ്പത്തിക രംഗത്തെ അനിശ്ചിതത്വവും രൂപയെയും തളർത്തി. ഡോളറിനെതിരെ 83.86 എന്ന സർവകാല താഴ്ചയിലേക്ക് രൂപ വീണു. ഓഹരികളിൽ വിൽപന സമ്മർദ്ദം കനത്തതോടെ, ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ സംയോജിത വിപണിമൂല്യത്തിൽ നിന്ന് ഇന്നു ഒറ്റയടിക്ക് നഷ്ടമായത് 10 ലക്ഷം കോടി രൂപയാണ്.

അമേരിക്കയിൽ കഴിഞ്ഞമാസം തൊഴിലില്ലായ്മ നിരക്ക് മൂന്നുവർഷത്തെ ഉയരമായ 4.3 ശതമാനത്തിൽ എത്തിയതും ഫാക്ടറി (മാനുഫാക്ചറിങ് ഇൻഡെക്സ്) പ്രവർത്തന നിലവാരം മോശമായതുമാണ് മാന്ദ്യഭീതി വിതയ്ക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com