ADVERTISEMENT

ലോകത്തെ നമ്പർ വൺ സാമ്പത്തികശക്തിയായ അമേരിക്ക സാമ്പത്തികമാന്ദ്യത്തിലേക്ക് വീഴുന്നു എന്ന വിലയിരുത്തൽ ശക്തമായതോടെ, രാജ്യാന്തര സാമ്പത്തികരംഗത്തും ആശങ്ക കനക്കുന്നു. നിക്ഷേപകർ ഉള്ളലാഭമെല്ലാം എടുത്ത് പിൻമാറ്റം തുടങ്ങിയതോടെ രാജ്യാന്തര തലത്തിൽ ഓഹരി വിപണികളെല്ലാം ചോരക്കളമായി. ഇന്ത്യൻ വിപണിയിൽ മെറ്റൽ, ഓട്ടോ, ബാങ്കിങ്, ധനകാര്യ, എണ്ണ, ഐടി ഓഹരികളിൽ ലാഭമെടുപ്പ് സമ്മർദ്ദം ശക്തമായി.

ജാപ്പനീസ് ഓഹരി വിപണിയായ നിക്കേയ് 7 ശതമാനം ഇടിഞ്ഞതും ഗുജറാത്തിലെ ഗിഫ്റ്റ് നിഫ്റ്റി 300 പോയിന്റ് ഇടിഞ്ഞതും ഇന്ത്യൻ ഓഹരി വിപണി ഇന്ന് തകർച്ചയോടെ വ്യാപാരം ആരംഭിക്കുമെന്നതിന്റെ സൂചനകൾ നൽകിയിരുന്നു. അമേരിക്കയിൽ കഴിഞ്ഞമാസം തൊഴിലില്ലായ്മ നിരക്ക് 11-മാസത്തെ താഴ്ചയിൽ എത്തിയതും മാനുഫാക്ചറിംഗ് മേഖലയുടെ പ്രവർത്തനക്ഷമത 50 എന്ന നിലവാരത്തിന് താഴെപ്പോയതുമാണ് മാന്ദ്യഭീതിക്ക് ആക്കംകൂട്ടിയത്. ജാപ്പനീസ് കേന്ദ്രബാങ്ക് അടിസ്ഥാന പലിശനിരക്ക് കൂട്ടിയതും അതോടെ കറൻസിയായ യെൻ ഡോളറിനെതിരെ കുതിച്ചതും ജാപ്പീനീസ് ഓഹരി വിപണികളുടെ തകർച്ച ശക്തമാക്കുകയായിരുന്നു.

മിഡിൽ ഈസ്റ്റിൽ ഇറാൻ-ഇസ്രായേൽ യുദ്ധഭീതി കനക്കുന്നതും വൻ തിരിച്ചടിയാണ്. യുദ്ധപ്പേടിയും അമേരിക്കൻ മാന്ദ്യവും ക്രൂഡോയിൽ വിലയെയും വീഴ്ത്തി. ഒരുവേള ബാരലിന് 72 ഡോളർ നിലവാരത്തിലേക്ക് താഴ്ന്ന വില, ഇപ്പോൾ അൽപം മെച്ചപ്പെട്ടിട്ടുണ്ട്. രാജ്യാന്തര മാന്ദ്യപ്പേടി ക്രിപ്റ്റോകറൻസികളുടെ വിലത്തകർച്ചയ്ക്കും വഴിയൊരുക്കി. ബിറ്റ്കോയിൻ വില 53,091ലേക്ക് വീണു. ഫെബ്രുവരിക്ക് ശേഷം കുറിക്കുന്ന ഏറ്റവും മോശം വിലയാണിത്. എഥർ ഉൾപ്പെടെ മറ്റ് ക്രിപ്റ്റോകളുടെ മൂല്യവും കുറഞ്ഞു. 

ദക്ഷിണ കൊറിയൻ ഓഹരി വിപണി 4 വർഷത്തിന് ശേഷം ആദ്യമായി ഇന്ന് വ്യാപാരം നിർത്തിവച്ചു. വെള്ളിയാഴ്ച 3.7 ശതമാനവും ഇന്ന് 5.9 ശതമാനവും ഇടിഞ്ഞതിനെ തുടർന്നാണിത്. ഇന്ത്യയിൽ റിസർവ് ബാങ്ക് ഈയാഴ്ച പണനയം പ്രഖ്യാപിക്കും. പലിശനിരക്കിൽ മാറ്റംവരുത്താൻ സാധ്യത വിരളം. അതേസമയം, നിലവിലെ സാഹചര്യത്തിൽ പണപ്പെരുപ്പ, ജിഡിപി അനുമാനങ്ങളിൽ മാറ്റം വരുത്തിയേക്കുമോ എന്ന ആശങ്ക ശക്തമാണ്.

ഇന്ത്യൻ വിപണിയിൽ കൂട്ടക്കുരുതി
 

കഴിഞ്ഞയാഴ്ച 80,981ൽ വ്യാപാരം അവസാനിപ്പിച്ച സെൻസെക്സ്, ഇന്ന് വ്യാപാരം തുടങ്ങിയത് തന്നെ 2,393 പോയിന്റ് ഇടിഞ്ഞ് 78,588ൽ. നിലവിൽ 1,461 പോയിന്റ് (-1.80%) 79,516ലാണ് വ്യാപാരം പുരോഗമിക്കുന്നത്. ബിഎസ്ഇയിൽ 3,506 ഓഹരികൾ വ്യാപാരം ചെയ്യുന്നതിൽ 522 എണ്ണമേ പച്ചതൊട്ടിട്ടുള്ളൂ. 2,872 ഓഹരികളും ചുവന്നു. 112 ഓഹരികളുടെ വില മാറിയില്ല.

sensex-nifty

106 ഓഹരികൾ 52-ആഴ്ചത്തെ ഉയരത്തിലും 46 എണ്ണം താഴ്ചയിലുമുണ്ട്. 134 ഓഹരികൾ അപ്പർ–സർക്യൂട്ടിലും 160 എണ്ണം ലോവർ-സർക്യൂട്ടിലുമാണ്.

ഹിന്ദുസ്ഥാൻ യൂണിലിവർ, സൺഫാർമ, നെസ്‍ലെ ഇന്ത്യ, ഏഷ്യൻ പെയിന്റ്സ്, ഐടിസി എന്നിവയാണ് സെൻസെക്സിൽ നേട്ടത്തിലുള്ളവ. 0.3 മുതൽ 1.5 ശതമാനം വരെയാണ് നേട്ടം. ടാറ്റാ മോട്ടോഴ്സ് 4.34 ശതമാനം ഇടിഞ്ഞു. ജെഎസ്ഡബ്ല്യു സ്റ്റീൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, മാരുതി, ടാറ്റാ സ്റ്റീൽ, പവർഗ്രിഡ്, ടെക് മഹീന്ദ്ര, എൽ ആൻഡ് ടി, അദാനി പോർട്സ്, റിലയൻസ് ഇൻഡസ്ട്രീസ്, എസ്ബിഐ, ഇൻഫോസിസ് തുടങ്ങിയ പ്രമുഖരും 2.4 മുതൽ 3.2 ശതമാനം വരെ ഇടിഞ്ഞത് സെൻസെക്സിന്റെ വീഴ്ചയ്ക്ക് ആക്കം കൂട്ടി.

ബിഎസ്ഇയിലെ ലിസ്റ്റ് കമ്പനികളുടെ സംയോജിത വിപണൂമൂല്യത്തിൽ നിന്ന് ഇന്ന് ആദ്യ മണിക്കൂറിൽ തന്നെ 9.67 ലക്ഷം കോടി രൂപ കൊഴിഞ്ഞു. 457.16 ലക്ഷം കോടി രൂപയിൽ നിന്ന് 447.49 ലക്ഷം കോടി രൂപയായാണ് ഇടിവ്.

നിഫ്റ്റിയുടെ ട്രെൻഡ്

നിഫ്റ്റി50ൽ 44 ഓഹരികളും ചുവപ്പണിഞ്ഞു. 6 ഓഹരികൾ നേട്ടത്തിലാണ്. ബ്രിട്ടാനിയ, സൺ ഫാർമ, ഹിന്ദുസ്ഥാൻ യൂണിലിവർ, ടാറ്റാ കൺസ്യൂമർ, ഏഷ്യൻ പെയിന്റ്സ് എന്നിവയാണ് നേട്ടത്തിലുള്ള പ്രമുഖർ. ബ്രിട്ടാനിയ 2.18 ശതമാനം ഉയർന്നു. ജൂൺപാദ ലാഭം 40 ശതമാനം ഉയർന്നതും ബ്രോക്കറേജുകളിൽ നിന്ന് അനുകൂല സ്റ്റാറ്റസ് ലഭിച്ചതും സൺ ഫാർമയ്ക്ക് നേട്ടമായി. 

tata-motors-twitter

ടാറ്റാ മോട്ടോഴ്സ്, ഹിൻഡാൽകോ, ശ്രീറാം ഫിനാൻസ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, മാരുതി എന്നിവയാണ് 3 മുതൽ 4.2 ശതമാനം വരെ ഇടിഞ്ഞ് നഷ്ടത്തിൽ മുന്നിൽ. മാന്ദ്യഭീതി ഡിമാൻഡിനെ ബാധിക്കുമെന്നതാണ് സ്റ്റീൽ ഓഹരികളെ വലയ്ക്കുന്നത്. പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത പ്രവർത്തനഫലവും കഴിഞ്ഞമാസത്തെ വില്പനക്കണക്കുകളും ഓട്ടോ ഓഹരികളെയും തളർത്തി.

വിശാല വിപണിയുടെ വീഴ്ച

നിഫ്റ്റി സ്മോൾക്യാപ്പ്, മിഡ്ക്യാപ്പ് എന്നിവ രണ്ടു ശതമാനത്തിലധികം വീണു. നിഫ്റ്റി ബാങ്ക് 1.85 ശതമാനം ഇടിഞ്ഞു. നിഫ്റ്റി ഓട്ടോ 2.95 ശതമാനം, ധനകാര്യസേവനം 1.83 ശതമാനം, നിഫ്റ്റി ഐടി 2.13 ശതമാനം, മീഡിയ 2.42 ശതമാനം, മെറ്റൽ 3.14 ശതമാനം, പൊതുമേഖലാ ബാങ്ക് 2.88 ശതമാനം, സ്വകാര്യബാങ്ക് 1.81 ശതമാനം, റിയൽറ്റി 3.83 ശതമാനം, കൺസ്യൂമർ ഡ്യൂറബിൾസ് 2.18 ശതമാനം, ഓയിൽ ആൻഡ് ഗ്യാസ് 2.14 ശതമാനം എന്നിങ്ങനെ ഇടിഞ്ഞു.

petrol-crude-oil-price

ക്രൂഡോയിൽ ഉൽപാദനം, വിതരണം എന്നിവയ്ക്ക് തടസ്സമുണ്ടായേക്കാവുന്ന ഭീതിയാണ് ഓയിൽ ഓഹരികളെ വലച്ചതെങ്കിൽ മാന്ദ്യഭീതിയിലാണ് മെറ്റൽ വീണത്. മുഖ്യ വിപണിയായ അമേരിക്ക തളരുന്നത് ഐടി കമ്പനികളുടെ ഓഹരികളിലും വിറ്റൊഴിയൽ സമ്മർദ്ദത്തിന് വഴിവച്ചു.

രൂപ എക്കാലത്തെയും താഴ്ചയിൽ

ഓഹരി വിപണികളുടെ തളർച്ചയും രാജ്യാന്തര സാമ്പത്തിക രംഗത്തെ അനിശ്ചിതത്വവും രൂപയ്ക്കും വിനയാകുന്നു. ഡോളറിനെതിരെ മൂല്യം ഇന്ന് എട്ട് പൈസയോളം ഇടിഞ്ഞ് എക്കാലത്തെയും താഴ്ചയായ 83.80ൽ എത്തി. ഒട്ടുമിക്ക ഏഷ്യൻ കറൻസികളും ദുർബലമായത് രൂപയ്ക്കും ക്ഷീണമായി. ഓഹരി വിപണിയിൽ നിന്ന് വൻതോതിൽ വിദേശ നിക്ഷേപം കൊഴിഞ്ഞതും തിരിച്ചടിയായി. ലോകത്തെ ആറ് പ്രമുഖ കറൻസികൾക്കെതിരെ യുഎസ് ഡോളർ ഇൻഡെക്സ് ഇടിഞ്ഞിട്ടും ക്രൂഡോയിൽ വില താഴ്ന്നിട്ടും രൂപ ഇന്ന് തളരുകയായിരുന്നു.

English Summary:

ensex Plummets by 2,400 Points Amid Recession Fears; Investors Lose ₹9.67 Lakh Crore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com