‘എല്ലാ ഉത്തരവാദിത്തങ്ങളും ഞാൻ ഏറ്റെടുക്കുന്നു’: ബംഗ്ലദേശിൽ ഭരണം ഏറ്റെടുത്ത് സൈന്യം; ആരാണ് വഖാർ ഉസ് സമാൻ?
Mail This Article
ന്യൂഡൽഹി∙ ഷെയ്ഖ് ഹസീനയുടെ രാജിക്കു തൊട്ടുപിന്നാലെ രാജ്യത്തിന്റെ നിയന്ത്രണമേറ്റെടുത്ത് രംഗത്തെത്തിയത് ബംഗ്ലദേശ് ചീഫ് ഓഫ് ആർമി സ്റ്റാഫ് വഖാർ ഉസ് സമാനായിരുന്നു. ‘‘നിങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനും എല്ലാ ഉത്തരവാദിത്തങ്ങളും ഞാൻ ഏറ്റെടുക്കുന്നുവെന്ന് വാക്കുനൽകുന്നു’’ എന്ന വഖാർ ഉസ് സമാന്റെ വാക്കുകളിൽത്തന്നെ സൈന്യം അധികാരത്തിലേറിയതിന്റെ സൂചന വ്യക്തമായുണ്ട്. ആരാണ് വഖാർ ഉസ് സമാൻ?
1966 സെപ്റ്റംബർ 16ന് ബംഗ്ലദേശിലെ ഷേർപുർ ജില്ലയിൽ ജനിച്ച വഖാർ ഉസ് സമാൻ, ബംഗ്ലദേശ് സൈന്യത്തിന്റെ ഏറ്റവും ഉന്നത ഉദ്യോഗസ്ഥനാണ്. ബംഗ്ലദേശ് സൈനിക അക്കാദമി, ജോയിന്റ് സർവീസസ് കമാൻഡ് ആൻഡ് സ്റ്റാഫ് കോളജ് ബ്രിട്ടൻ, ബംഗ്ലദേശ് ഡിഫൻസ് സർവീസ് കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.
1985 ഡിസംബർ 20ന് സൈന്യത്തിൽ സേവനം ആരംഭിച്ചു. 2020ൽ ലഫ്റ്റനന്റ് ജനറലായ ഇദ്ദേഹം പിന്നീട് ആംഡ് ഫോഴ്സ് ഡിവിഷന്റെ 15ാമത് പ്രിൻസിപ്പൽ സ്റ്റാഫ് ഓഫിസറായി. പിന്നീട് 2023 ഡിസംബർ 29ന് ബംഗ്ലദേശ് കരസേനയുടെ മേധാവിയിയായ വഖാർ സൈന്യത്തിന്റെ തന്ത്രപരമായ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിച്ചു. 2024 ജൂണിലാണ് ബംഗ്ലദേശിന്റെ സംയുക്ത സൈനിക മേധാവിയാകുന്നത്.