താഴ്ന്നുപറന്ന് ഹസീനയുടെ വിമാനം, റഫാൽ കവചമൊരുക്കി ഇന്ത്യ; ചടുലതയോടെ ഡോവൽ
Mail This Article
ന്യൂഡൽഹി∙ ബംഗ്ലദേശിൽനിന്ന് പലായനം ചെയ്തെത്തിയ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ സുരക്ഷയ്ക്കായി ഇന്ത്യ ഒരുക്കിയത് കനത്ത സന്നാഹങ്ങൾ. ഷെയ്ഖ് ഹസീനയുടെ സൈനിക വിമാനം ധാക്കയിൽനിന്ന് ഇന്ത്യയെ ലക്ഷ്യമാക്കി പുറപ്പെട്ടെന്ന വിവരം ലഭിച്ചതോടെ ദ്രുതഗതിയിലായിരുന്നു നീക്കങ്ങൾ.
തിങ്കളാഴ്ച വൈകിട്ട് 3 മണിയോടെയാണ് ബംഗ്ലദേശിൽനിന്ന് ഇന്ത്യൻ അതിർത്തി ലക്ഷ്യമാക്കി താഴ്ന്നുപറന്ന വിമാനം വ്യോമസേനയുടെ റഡാറിൽ പതിഞ്ഞത്. ഹസീനയുടെ വിമാനമാണെന്ന് തിരിച്ചറിഞ്ഞ വ്യോമസേന ഉദ്യോഗസ്ഥർ ഇന്ത്യൻ ആകാശത്തേക്ക് കടക്കാൻ വിമാനത്തിന് അനുമതി നൽകി. വിമാനത്തിന്റെ സുരക്ഷ ഉറപ്പുവരുത്താൻ ബംഗാളിലെ ഹാഷിമാര വ്യോമത്താവളത്തിലെ 101 സ്ക്വാഡ്രനിൽനിന്ന് രണ്ട് റഫാൽ യുദ്ധവിമാനങ്ങളെ അയയ്ക്കാൻ ഉടനടി നിർദേശമെത്തി. ബിഹാറിലും ജാർഖണ്ഡിലുമായി ഇവ വിമാനത്തിന് സുരക്ഷയൊരുക്കി.
വ്യോമസേന ചീഫ് മാർഷൽ വി.ആർ.ചൗധരി, കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി എന്നിവർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു. ഈ സമയം ഇന്റലിജൻസ് ഏജൻസി മേധാവിമാരുമായും ജനറൽ ദ്വിവേദി, ലഫ്റ്റനന്റ് ജനറൽ ജോൺസൺ ഫിലിപ്പ് മാത്യു എന്നിവർ ഉന്നതതലയോഗം ചേർന്നു. വൈകിട്ട് 5.45ന് ഹസീനയുടെ വിമാനം ഗാസിയാബാദിലെ ഹിൻഡൻ വിമാനത്താവളത്തിൽ എത്തി. പിന്നാലെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ വ്യോമാസ്ഥാനത്തെത്തി ഹസീനയുമായി കൂടിക്കാഴ്ച നടത്തി. ഒരു മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു.
ബംഗ്ലദേശിലെ സാഹചര്യവും ഭാവി നീക്കങ്ങളും ഡോവലിനെ ഹസീന അറിയിച്ചെന്നാണ് വിവരം. കൂടിക്കാഴ്ചയുടെ വിവരങ്ങൾ ഡോവൽ പിന്നീട് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര സുരക്ഷാകാര്യ കാബിനറ്റ് കമ്മിറ്റിയുടെ യോഗത്തെ അറിയിച്ചു. കാബിനറ്റ് കമ്മിറ്റി യോഗത്തിന്റെ അടിസ്ഥാനത്തിൽ, ബംഗ്ലദേശ് സാഹചര്യം ചർച്ച ചെയ്യാൻ സർവകക്ഷിയോഗം ചേർന്നു. ഇതിന്റെ അടിസ്ഥാനത്തിലാകും തുടർനീക്കങ്ങൾ. ലണ്ടനിൽ രാഷ്ട്രീയ അഭയം തേടുമെന്നു കരുതുന്ന ഹസീന ഏതാനും ദിവസംകൂടി ഇന്ത്യയിൽ തുടരുമെന്നാണ് കരുതുന്നത്.