‘ഹസീന ഇന്ത്യ വിട്ടിട്ടില്ല, വിമാനം തിരിച്ചുപോയി; ബംഗ്ലദേശ് സേനയുമായി ആശയവിനിമയം നടത്തി’
Mail This Article
ന്യൂഡൽഹി ∙ ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യ വിട്ടിട്ടില്ലെന്നും ഭാവി പരിപാടികൾ തീരുമാനിക്കാൻ അവർക്ക് സമയം നൽകിയിട്ടുണ്ടെന്നും വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ. ബംഗ്ലദേശിലെ സാഹചര്യം വിശദീകരിക്കാൻ ചേർന്ന സർവകക്ഷി യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നേരത്തേ ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തിയ ബംഗ്ലദേശ് വ്യോമസേനയുടെ സി–130ജെ വിമാനം ഹിൻഡൻ വ്യോമസേനാത്താവളത്തിൽനിന്ന് പോയതായി അധികൃതർ പറഞ്ഞിരുന്നു.
എന്നാൽ ഈ വിമാനത്തിൽ ഹസീന ഉണ്ടായിരുന്നില്ലെന്നും അവർക്കൊപ്പം ഇന്ത്യയിലേക്ക് വന്ന 7 സൈനികർ ബംഗ്ലദേശിലേക്ക് തിരികെ പോകുകയായിരുന്നെന്നും വാർത്താ ഏജൻസി എഎൻഐ വ്യക്തമാക്കി. ബംഗ്ലദേശിലെ നിലവിലെ സാഹചര്യത്തെക്കുറിച്ച് എസ്.ജയ്ശങ്കർ സർവകക്ഷി യോഗത്തെ അറിയിച്ചു. ബംഗ്ലദേശ് സൈന്യവുമായും ഇന്ത്യ ആശയവിനിമയം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഷെയ്ഖ് ഹസീന ബംഗ്ലദേശ് വിടാനുണ്ടായ സാഹചര്യവും ഇന്ത്യ അവരുടെ കാര്യത്തിലെടുത്ത നടപടികളും ചർച്ചയായി. ബംഗ്ലദേശ് വിഷയത്തിൽ നൽകുന്ന പിന്തുണയ്ക്ക് എല്ലാ രാഷ്ട്രീയ പാർട്ടികളോടും മന്ത്രി നന്ദിയറിയിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു, ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, കെ.സി.വേണുഗോപാൽ, മല്ലികാർജുൻ ഖർഗെ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.