ADVERTISEMENT

യുഎസിലെ മാന്ദ്യപ്പേടിയും പലിശഭാരം കൂട്ടിയ ബാങ്ക് ഓഫ് ജപ്പാന്റെ നടപടിയും മിഡിൽ ഈസ്റ്റിലെ യുദ്ധസാഹചര്യവും മൂലം ഇന്നലെ വൻ നഷ്ടത്തിലേക്കു കൂപ്പുകുത്തിയ ഇന്ത്യൻ ഓഹരി സൂചികകൾ, ഇന്നു നേട്ടത്തിലേക്കു ശക്തമായി കരകയറുന്നു. ഇന്നൊരുവേള, വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ ആയിരം പോയിന്റിലധികം തിരികെപ്പിടിച്ച സെൻസെക്സ് വ്യാപാരം ആദ്യ മണിക്കൂർ പിന്നിടുമ്പോഴുള്ളത് 738 പോയിന്റ് (+0.94%) നേട്ടവുമായി 79,497ൽ. 

നിഫ്റ്റിയും 24,350 പോയിന്റ് വരെ ഉയർന്നു. നിലവിൽ വ്യാപാരം പുരോഗമിക്കുന്നത് 210 പോയിന്റ് (+0.88%) നേട്ടവുമായി 24,666ൽ. ഇന്നലെ കനത്ത നഷ്ടത്തിലേക്കു വീണ യുഎസ്, ഏഷ്യൻ ഓഹരികൾ ഇന്നു നേട്ടത്തിലേറിയതും ഗിഫ്റ്റ് നിഫ്റ്റി 180 പോയിന്റ് കയറിയതും ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നു നേട്ടത്തിൽ വ്യാപാരം തുടങ്ങുമെന്ന സൂചന നൽകിയിരുന്നു. ഇന്നലെ വൻതോതിൽ ഇടിഞ്ഞ ജാപ്പനീസ് ഓഹരി വിപണി ഇന്ന് ഒൻപതു ശതമാനത്തിലധികം തിരിച്ചുകയറി. ദക്ഷിണ കൊറിയ മൂന്നും തായ്‌വാൻ നാലും ശതമാനം കയറിയതും ഇന്ത്യൻ വിപണിയെ സ്വാധീനിച്ചു. 

നിക്ഷേപകർക്ക് നേട്ടം 7 ലക്ഷം കോടി

ഇന്നലെ ഒറ്റദിവസം നിക്ഷേപകരുടെ ആസ്തിയിൽനിന്നു കൊഴിഞ്ഞത് 15.34 ലക്ഷം കോടി രൂപയായിരുന്നു. ഇന്ന് സെൻസെക്സ് നേട്ടം തിരിച്ചുപിടിച്ചതോടെ ആസ്തിയിൽ ഏഴു ലക്ഷം കോടി രൂപയുടെ വർധനയുണ്ടായി. യുഎസ് മാന്ദ്യത്തിലേക്കു പോകുന്നെന്ന ഭീതി അനാവശ്യമാണെന്ന വിലയിരുത്തൽ വന്നു കഴിഞ്ഞു. കഴിഞ്ഞമാസം യുഎസിലെ സേവന മേഖലയുടെ പ്രവർത്തനക്ഷമതാ സൂചിക 51.4 ശതമാനത്തിലെത്തി. ഇത് 50 ശതമാനത്തിനു മുകളിലാണെന്നത്, മേഖല ഉണർവിലാണെന്നാണു വ്യക്തമാക്കുക. യുഎസ് അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാൻ വൈകില്ലെന്ന വിലയിരുത്തലുകളും ഓഹരി വിപണികളെ  നേട്ടത്തിലേക്ക് ഉയർത്തി.

നേട്ടത്തിലും നഷ്ടത്തിലും ഇവർ

നിഫ്റ്റി 50ൽ ഇന്ന് 39 ഓഹരികൾ നേട്ടത്തിലും 11 എണ്ണം നഷ്ടത്തിലുമാണ്. വിശാല വിപണിയിൽ നിഫ്റ്റി ധനകാര്യ സേവനം, സ്വകാര്യബാങ്ക് എന്നിവ നേരിയ നഷ്ടത്തിലാണെന്നത് ഒഴിച്ചുനിർത്തിയാൽ മറ്റ് ഓഹരി വിഭാഗങ്ങളെല്ലാം പച്ചപ്പിലാണ്. നിഫ്റ്റി ഓട്ടോ, ഐടി, മീഡിയ, മെറ്റൽ, ഫാർമ, പൊതുമേഖലാ ബാങ്ക്, റിയൽറ്റി, ഓയിൽ ആൻഡ് ഗ്യാസ് എന്നിങ്ങനെ ഇന്നലെ വിൽപനസമ്മർദത്തിൽ മുങ്ങിയ സൂചികകളെല്ലാം ഇന്ന് 0.5 മുതൽ 2 ശതമാനം വരെ നേട്ടത്തിലായി.

ടെക് മഹീന്ദ്ര, അദാനി എന്റർപ്രൈസസ്, ബ്രിട്ടാനിയ, ജെഎസ്‌‍‍‍‍‍‌ഡബ്ല്യു സ്റ്റീൽ, വിപ്രോ എന്നിവയാണ് നിഫ്റ്റിയിൽ 2-2.5 ശതമാനം ഉയർന്ന് നേട്ടത്തിൽ മുന്നിൽ. എസ്ബിഐ ലൈഫ്, എച്ച്ഡിഎഫ്സി ലൈഫ്, ശ്രീറാം ഫിനാൻസ്, ഭാരതി എയർടെൽ, ഇൻഡസ്ഇൻഡ് ബാങ്ക് എന്നിവ 0.17 മുതൽ 1.4 ശതമാനം വരെ താഴ്ന്ന് നഷ്ടത്തിലും മുന്നിലെത്തി.

ബിഎസ്ഇയിൽ ടെക് മഹീന്ദ്ര, ജെഎസ്‌‍‍‍‍‍‌ഡബ്ല്യു സ്റ്റീൽ, എച്ച്സിഎൽ ടെക്, ഇൻഫോസിസ്, അദാനി പോർട്സ്, ടിസിഎസ് എന്നിവ നേട്ടത്തിലും നെസ്‍ലെ ഇന്ത്യ, ഭാരതി എയർടെൽ, ഇൻഡസ്ഇൻഡ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടൈറ്റൻ എന്നിവ നഷ്ടത്തിലാണ്.

English Summary:

Sensex and Nifty rebound strongly as global markets recover

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com