ADVERTISEMENT

കൊച്ചി ∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം നടത്തിയെന്ന കേസിൽ സംവിധായകൻ അഖിൽ മാരാർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. വയനാട് ദുരന്തത്തില്‍ അകപ്പെട്ടവരെ സഹായിക്കാനായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകരുതെന്നു പ്രചരിപ്പിച്ചു എന്നാണ് കേസ്. കൊല്ലം റൂറൽ സൈബർ ക്രൈം പൊലീസാണ് കേസെടുത്തത്. മുൻകൂർ ജാമ്യാപേക്ഷ ഈ മാസം 23ന് വീണ്ടും പരിഗണിക്കും. വിമർശനങ്ങൾക്കും കേസിനും പിന്നാലെ അഖിൽ മാരാർ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നൽകിയിരുന്നു.

തനിക്കുമേൽ അനധികൃതമായി ജാമ്യമില്ലാ കേസുകൾ ചുമത്തുമോ എന്ന ആശങ്കയുണ്ടെന്നു ജാമ്യഹർജിയില്‍ അഖിൽ മാരാർ പറയുന്നു. ‘‘ദുരന്തങ്ങളിൽനിന്ന് ആളുകളെ രക്ഷിക്കുന്നയാളല്ല, മറിച്ച് ദുരന്തങ്ങളിൽനിന്ന് ലാഭം കൊയ്യുന്ന ആളാണ് മുഖ്യമന്ത്രി. 2018ലെ പ്രളയം കേരള സർക്കാരിന്റെ പിടിപ്പുകേടുകൊണ്ട് ഉണ്ടായതാണെങ്കിൽ വയനാട്ടിൽ ഇത്തവണ ഉരുൾപൊട്ടൽ ഉണ്ടാകുമെന്നു മുന്നറിയിപ്പുണ്ടായിട്ടും നടപടികളൊന്നും സ്വീകരിച്ചില്ല. വയനാട്ടിലെ ആളുകളെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കുന്നതിൽനിന്ന് ആളുകളെ പിന്തിരിപ്പിക്കാനുള്ള പ്രകോപനമാണ് ഉണ്ടായത്’’ എന്നാണ് പ്രോസിക്യൂഷൻ ആരോപിക്കുന്നതെന്നു ഹര്‍‍ജിയിൽ പറയുന്നു.

താൻ നിരപരാധിയാണെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവർത്തകർ പ്രതികാരം തീർക്കാനായി കള്ളക്കേസിൽ കുടുക്കുകയാണെന്നും അഖിൽ മാരാർ അവകാശപ്പെട്ടു. അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശമുണ്ട്. ജനങ്ങളുടെ പ്രശ്നങ്ങൾ സർക്കാരുകൾ കേൾക്കണം. അതിനായി പൊതുസമൂഹത്തിൽ നിന്നുയരുന്ന അഭിപ്രായങ്ങളെ ക്ഷമയോടെ കേൾക്കാൻ തയാറാകണം. അല്ലാതെ രാജാവിനെ പോലെ പെരുമാറുകയല്ല വേണ്ടത്. അഭിപ്രായങ്ങൾ അറിയിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകരുതെന്ന തരത്തിൽ ജനങ്ങൾക്കിടയിൽ വെറുപ്പുണ്ടാക്കുന്ന ഒന്നും പറഞ്ഞിട്ടില്ല.

തനിക്ക് ദുരിതാശ്വാസ നിധിയിലേക്ക് നയാപൈസ നൽകാൻ താല്‍പര്യമില്ല. ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞു. ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കുന്നതിനു പകരം വയനാട്ടിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് 4 വീടുകൾ നിർമിച്ചു നല്‍കുമെന്നുമാണ് പറഞ്ഞത്. തനിക്ക് ക്രിമിനൽ പശ്ചാത്തലങ്ങളില്ല. കുടുംബത്തിലെ വരുമാനമുള്ള ഏക ആൾ താനാണ്. കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നും ഹര്‍ജിയിൽ അഖിൽ മാരാർ പറയുന്നു.

English Summary:

Akhil Marar Seeks Anticipatory Bail Over Controversial Relief Fund Campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com