അർജുന്റെ ഭാര്യയ്ക്ക് സഹകരണ ബാങ്കിൽ ജോലി; ജൂനിയർ ക്ലർക്കായി താല്ക്കാലിക നിയമനം
Mail This Article
കോഴിക്കോട്∙ കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുന്റെ ഭാര്യ കൃഷ്ണപ്രിയയ്ക്ക് കോഴിക്കോട് വേങ്ങേരി സഹകരണ ബാങ്കിൽ ജോലി നൽകും. ഇക്കാര്യം ബാങ്ക് അധികൃതർ അർജുന്റെ കുടുംബത്തെ അറിയിച്ചു. ജൂനിയർ ക്ലർക്ക് തസ്തികയിലാണ് നിയമനം. ഇപ്പോൾ താൽക്കാലികമായാണ് ജോലി നൽകുന്നത്. പിന്നീട് സർക്കാർ ചട്ടങ്ങൾ അനുസരിച്ച് സ്ഥിരപ്പെടുത്തും.
അതിനിടെ അർജുനായുള്ള തിരച്ചിൽ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കർണാടക സർക്കാർ അറിയിപ്പ് നൽകിയിട്ടില്ലെന്നും സംസ്ഥാന സർക്കാർ എല്ലാ സഹായവും ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി രേഖാമൂലം കുടുംബത്തെ അറിയിച്ചു. കഴിഞ്ഞ ദിവസം അർജുന്റെ വീട് സന്ദർശിക്കവേ കുടുംബം നൽകിയ നിവേദനത്തിന് രേഖാമൂലം മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ മറുപടിയുമായി ജില്ലാ കലക്ടർ അർജുന്റെ വീട് സന്ദർശിച്ചു.
അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ ഷിരൂരിൽ അവസാനിപ്പിച്ചിട്ട് ഒരാഴ്ചയിലേറെയായി. തിരച്ചിൽ പുനരാരംഭിക്കണമെന്ന് കർണാടക ഹൈക്കോടതി നിർദേശം നൽകിയിട്ടും മോശം കാലാവസ്ഥ ചൂണ്ടിക്കാട്ടി കർണാടക സർക്കാർ തിരച്ചിൽ നിർത്തിവച്ചിരിക്കുകയാണ്.