ADVERTISEMENT

ധാക്ക∙ ബംഗ്ലദേശിൽ മുൻ ഷെയ്ഖ് ഹസീന സർക്കാരിലെ വിദേശകാര്യമന്ത്രി ഹസൻ മഹമൂദിനെ സൈന്യം കസ്റ്റഡിയിലെടുത്തു. ധാക്ക വിമാനത്താവളത്തിലൂടെ രാജ്യം വിടാനൊരുങ്ങുന്നതിനിടെയാണ് ഹസനെ വ്യോമയാന വിഭാഗം തടഞ്ഞുവയ്ക്കുകയും പിന്നീട് സൈന്യത്തിന് കൈമാറുകയും െചയ്തത്. ഹസനൊപ്പം അവാമി ലീഗിന്റെ വിദ്യാർഥി സംഘടനയായ ഛാത്ര ലീഗിന്റെ രണ്ട് നേതാക്കളെയും സൈന്യം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അതേസമയം ഷെയ്ഖ് ഹസീന പലായനം ചെയ്തതിന് പിന്നാലെ ഹസീന മന്ത്രിസഭയിലെ അംഗങ്ങളും കൂട്ടത്തോടെ ബംഗ്ലദേശ് വിട്ടു. വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൊഹീബുൽ ഹസൻ ചൗധരി, സഹകരണ മന്ത്രി മുഹമ്മദ് തൻസുൽ ഇസ്ലാം, ധനമന്ത്രി അബ്ദുൽ ഹസൻ മഹമൂദ് അലി, സ്പോർട്സ് മന്ത്രി നസമുൽ ഹസൻ പാപോൻ, വിവിധ നഗരങ്ങളിലെ മേയർ‍മാർ, സുപ്രീംകോടതി ജ‍ഡ്ജിമാർ തുടങ്ങിയവരാണ് ബംഗ്ലദേശിൽനിന്ന് രക്ഷപ്പെട്ട് മറ്റു രാജ്യങ്ങളിലേക്ക് പോയത്.

കലാപം തുടരുന്നതിനിടെ 20 അവാമിനേതാക്കളുടെതും അവരുടെ കുടുംബാംഗങ്ങളുടേതുമായി 29 മൃതദേഹങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ചൊവ്വാഴ്ച കണ്ടെത്തി. ഹസീന രാജ്യംവിട്ട വിവരം പുറത്തുവന്നതോടെ കലാപകാരികൾ അവാമി പ്രവർത്തകരെയും വീടുകളെയും ലക്ഷ്യം വയ്ക്കുകയായിരുന്നു. ഒരു ഇന്തൊനീഷ്യൻ പൗരനുൾപ്പെടെ 24 പേരെ കലാപകാരികൾ ജീവനോടെ തീവച്ചു കൊന്നു. ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിന്റെ ജനറൽ സെക്രട്ടറി ഷഹീൻ ചക്ക്‌ലദാറിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിനാണ് പ്രക്ഷോഭകർ തീയിട്ടത്.

രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കു നേരെ വ്യാപക അക്രമം നടക്കുന്നതായും റിപ്പോർട്ടുണ്ട്. നൂറുകണക്കിന് ഹിന്ദുക്കളുടെ വീടുകളും ക്ഷേത്രങ്ങളും നശിപ്പിച്ചതായും ബംഗ്ലദേശിലെ ഹിന്ദു അസോസിയേഷൻ പറഞ്ഞു. ആക്രമണസാധ്യതയുള്ള മേഖലകളിൽ വിദ്യാർഥികളും ജനങ്ങളും കാവൽ നിൽക്കുകയാണ്. ധാക്കയിലെ ധാക്കേശ്വരി ദേശീയക്ഷേത്രം ആക്രമിക്കുന്നത് തടയാൻ പ്രദേശവാസികളായ ഹിന്ദുക്കളും മുസ്‌ലിങ്ങളും കാവൽ നിൽക്കുകയാണെന്ന് പ്രദേശവാസികൾ ബംഗ്ലദേശ് മാധ്യമങ്ങളോട് പറഞ്ഞു. ബംഗ്ലദേശ് ജനസംഖ്യയുടെ 8% ഹിന്ദുക്കളാണ്. കലാപം തുടരുന്ന ബംഗ്ലദേശിൽനിന്ന് 6 കുഞ്ഞുങ്ങളടക്കം 205 ഇന്ത്യക്കാരെ പ്രത്യേക ചാർട്ടർ വിമാനത്തിൽ ധാക്കയിൽനിന്ന് ഡൽഹിയിലെത്തിച്ചതായി എയർ ഇന്ത്യ അറിയിച്ചു. ചൊവ്വാഴ്ച രാത്രിയാണ് വിമാനം ധാക്കയിൽനിന്ന് പുറപ്പെട്ടത്.

English Summary:

Bangladesh crisis: 24 burnt alive as mob sets hotel on fire; Hindu homes, temples 'targeted'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com