‘അഖിൽ മാരാർ പറഞ്ഞത് അഭിപ്രായം, മുഖ്യമന്ത്രിയെ വിമർശിച്ചാൽ കേസെടുക്കുന്നു; സഹായം സുതാര്യമാകണം’
Mail This Article
ആലപ്പുഴ ∙ മുഖ്യമന്ത്രിയെ വിമർശിച്ചാൽ കേസെടുക്കുന്നതു പരിഷ്കൃത സമൂഹത്തിനു ചേർന്നതല്ലെന്നു മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ‘‘ദുരിതാശ്വാസ നിധിയെപ്പറ്റി സംവിധായകൻ അഖിൽ മാരാർ അദ്ദേഹത്തിന്റെ അഭിപ്രായമാണു പറഞ്ഞത്. ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നൽകണം. ദുരിതാശ്വാസ നിധിയിലെ പണംകൊണ്ടല്ല ലാപ്ടോപ് വാങ്ങേണ്ടത്. അതിനു വേറെ പണം കണ്ടെത്തണം’’–ചെന്നിത്തല പറഞ്ഞു.
‘‘പ്രധാനമന്ത്രി ഇത്ര ദിവസമായിട്ടും ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാത്തതു വയനാടിനോടുള്ള അവഹേളനമാണ്. കേന്ദ്രമന്ത്രിമാർ എത്താത്തത് എന്തുകൊണ്ടാണ്? വയനാടിനെ എല്ലാവരും സഹായിക്കുകയാണ്. എന്നാൽ, പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും എത്തിയില്ല. പ്രളയത്തിൽ സർവതും നഷ്ടമായവർക്ക് ഇന്നും സഹായം കിട്ടാനുണ്ട്. കേന്ദ്ര വനം–പരിസ്ഥിതി മന്ത്രിയുടെ പ്രസ്താവന തെറ്റാണ്. വർഷങ്ങളായി അവിടെ ആളുകൾ താമസിക്കുന്നു. അവിടെ ഖനനമില്ല. മന്ത്രി പ്രസ്താവന പിൻവലിക്കണം’’– ചെന്നിത്തല പറഞ്ഞു.
കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ദുരിതാശ്വാസ നിധിയെ എതിർത്തിട്ടില്ലെന്നാണ് എന്നോടു പറഞ്ഞത്. അമേരിക്കൻ നിരോധനത്തെ തുടർന്നുള്ള ചെമ്മീൻ കയറ്റുമതിയിലെ തടസ്സം നീക്കണം. വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടണം. പുനർജനി കേസ് സംബന്ധിച്ചു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പാവങ്ങൾക്കു വേണ്ടിയുള്ള പദ്ധതിയാണത്. അതിൽ ക്രമക്കേടുണ്ടെന്നു കരുതുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.