നേപ്പാളിൽ ഹെലികോപ്റ്റർ തകർന്ന് വീണ് 5 മരണം; മരിച്ചവരിൽ 4 പേർ ചൈനീസ് പൗരൻമാർ
Mail This Article
കാഠ്മണ്ഡു∙നേപ്പാളിലെ നുവകോട്ട് ജില്ലയിലെ ശിവപുരി മേഖലയിൽ ബുധനാഴ്ചയുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ 5 പേർ മരിച്ചു. പ്രാദേശിക സമയം ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു അപകടം. മരിച്ച നാല് പേർ ചൈനീസ് പൗരൻമാരും ഒരാൾ ഹെലികോപ്റ്ററിന്റെ പൈലറ്റായ നേപ്പാൾ സ്വദേശിയുമാണെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എയർ ഡൈനസ്റ്റി കമ്പനിയുടെ ഹെലികോപ്റ്ററാണ് തകർന്നു വീണത്. കാഠ്മണ്ഡു ത്രിഭുവൻ വിമാനത്താവളത്തിൽനിന്നും സയാഫ്രുബെൻസിയിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം.
പറന്നുയർന്നു വൈകാതെ തന്നെ ഹെലികോപ്ടറിന് ഗ്രൗണ്ട് സ്റ്റാഫുമായുള്ള ബന്ധം നഷ്ടപ്പെട്ടു. അരുൺ മല്ലയായിരുന്നു ക്യാപ്റ്റൻ. മരിച്ച ചൈനീസ് പൗരന്മാർ റാസുവയിലേക്കുള്ള യാത്രയിലായിരുന്നുവെന്നാണു റിപ്പോർട്ട്. ഉച്ചയ്ക്ക് 1:54ന് കാഠ്മണ്ഡുവിൽ നിന്നാണു ഹെലികോപ്റ്റർ പുറപ്പെട്ടത്. സൂര്യ ചൗർ മേഖലയ്ക്ക് മുകളിൽ വച്ച് ഹെലികോപ്റ്ററിന് ബന്ധം നഷ്ടപ്പെട്ടു.
ത്രിഭുവൻ രാജ്യാന്തര വിമാനത്താവളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാർട്ടേഡ് ഹെലികോപ്റ്റർ സർവീസാണ് എയർ ഡൈനസ്റ്റി. 1993-ൽ സ്ഥാപിതമായ എയർ ഡൈനസ്റ്റി ഹെലികോപ്റ്റർ സർവീസ് കാഠ്മണ്ഡു, പൊഖാറ, ലുക്ല എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് നേപ്പാളിലുടനീളം ആഭ്യന്തര ചാർട്ടേഡ് ഹെലികോപ്റ്റർ സർവീസുകൾ നടത്തിയിരുന്നത്. ഇതു മൂന്നാം തവണയാണ് എയർ ഡൈനസ്റ്റിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെടുന്നത്.
2013 സെപ്റ്റംബർ 26ന് ലുക്ല വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ എയർ ഡൈനസ്റ്റിയുടെ യൂറോകോപ്റ്റർ എഎസ് 350 ഹെലികോപ്റ്റർ തകർന്നു വീണിരുന്നു. അപകടത്തിൽ നാലുപേര്‍ അത്ഭുതകരമായാണു രക്ഷപ്പെട്ടത്. 2019 ഫെബ്രുവരി 27നുണ്ടായ മറ്റൊരപകടത്തിൽ എയർ ഡൈനസ്റ്റിയുടെ എയർബസ് എച്ച്125 ചാർട്ടർ ഹെലികോപ്ടർ ടാപ്ലെജംഗിൽ വച്ച് തകർന്നു വീണിരുന്നു. നേപ്പാൾ ടൂറിസം മന്ത്രി രബീന്ദ്ര പ്രസാദ് അധികാരി ഉൾപ്പെടെ ഏഴുപേരാണ് അന്ന് നടന്ന അപകടത്തിൽ കൊല്ലപ്പെട്ടത്.