ADVERTISEMENT

തിരുവനന്തപുരം∙ ഒന്‍പതാം ക്ലാസ് വരെയുള്ള ഓള്‍ പാസ് സംവിധാനം, സംസ്ഥാന സിലബസില്‍ പഠിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ ഗുണനിലവാരം കുത്തനെ തകര്‍ക്കുന്നുവെന്ന ശക്തമായ തിരിച്ചറിവാണു സിപിഎം അനുകൂല അധ്യാപക, വിദ്യാര്‍ഥി സംഘടനകളുടെയും ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും എതിര്‍പ്പുകള്‍ മറികടന്നു മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിനു പിന്നില്‍. എട്ടിലെ കുട്ടികള്‍ക്കും സംസ്ഥാനത്തെ അധ്യാപകര്‍ക്കും ഈ വര്‍ഷം മുതല്‍ കുറഞ്ഞതു 30% മാര്‍ക്കെന്ന കടമ്പയാണു മുന്നിലുള്ളത്. 

തുടര്‍മൂല്യനിര്‍ണയ സംവിധാനത്തില്‍ വാരിക്കോരി മാര്‍ക്ക് നല്‍കി കൂട്ടത്തോടെ ജയിപ്പിച്ചുവിടുന്ന കുട്ടികള്‍ ഉപരിപഠനത്തിനായുള്ള ദേശീയ പ്രവേശന പരീക്ഷകളില്‍ നിരാശാജനകമായ രീതിയില്‍ പിന്നോട്ടുപോകുന്നുവെന്ന നിരന്തര വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. എന്നാല്‍ മിനിമം മാര്‍ക്ക് ഒറ്റയടിക്ക് എസ്എസ്എല്‍സിക്കു നടപ്പാക്കാതെ എട്ടാം ക്ലാസ് മുതല്‍ നടപ്പാക്കാനാണു സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. 8,9,10 ക്ലാസുകളിലെ വാര്‍ഷിക എഴുത്തു പരീക്ഷയില്‍ വിജയിക്കാന്‍ 30% മാര്‍ക്ക് നേടണമെന്ന നിബന്ധനയാണു ഘട്ടംഘട്ടമായി നടപ്പാക്കുന്നത്. 

ഈ അധ്യയന വര്‍ഷം 8ാം ക്ലാസിലും അടുത്ത അധ്യയന വര്‍ഷം 8,9 ക്ലാസുകളിലും വാര്‍ഷിക പരീക്ഷയില്‍ ഈ പരിഷ്‌കാരം നടപ്പാക്കി തുടങ്ങാനാണു പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ തീരുമാനം. 2027 മാര്‍ച്ചിലെ എസ്എസ്എല്‍സി പരീക്ഷ മുതൽ ഇതു പ്രാബല്യത്തിലാകും. നിലവിലെ എട്ടാം ക്ലാസുകാര്‍ 10ാം ക്ലാസിലെത്തുന്നതു മുതലാകും എസ്എസ്എല്‍സിയിലും പരിഷ്‌കാരം നടപ്പാക്കുക. അതേസമയം ഈ വര്‍ഷം 30% മാര്‍ക്ക് നേടാത്തതിന്റെ പേരില്‍ ഒരു കുട്ടിക്കും അടുത്ത ക്ലാസിലേക്കുള്ള സ്ഥാനക്കയറ്റം തടയില്ല. പകരം അവരും ആ നിലവാരം നേടിയെന്ന് ഉറപ്പാക്കിയ ശേഷം സ്ഥാനക്കയറ്റം നല്‍കാനാണ് തീരുമാനം. അതിനായി ഈ വിദ്യാര്‍ഥികള്‍ക്ക് അധ്യാപക പിന്തുണയോടെ അവധിക്കാല പഠനമൊരുക്കി 'സേവ് എ ഇയര്‍'(സേ) പരീക്ഷ നടത്തുന്നതാണു പരിഗണനയിലുള്ളത്. എസ്സിഇആര്‍ടി ശുപാര്‍ശ ചെയ്യുന്നതും ഇതാണ്. 

പുതിയ പരിഷ്‌കാരം നടപ്പാക്കുമ്പോള്‍ കുട്ടികള്‍ 30 ശതമാനം മാര്‍ക്ക് നേടാന്‍ പ്രാപ്തരാണെന്ന് ഉറപ്പാക്കേണ്ട കൂടുതല്‍ ഉത്തരവാദിത്തം അധ്യാപകര്‍ക്കായിരിക്കും. സ്‌കൂളുകള്‍ ഇതുവരെ നേടിപ്പോന്നിരുന്ന വിജയശതമാനം അതേപടി നിലനിര്‍ത്താന്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ട നിലയാണ് ഉണ്ടാകുന്നത്. തുടര്‍മൂല്യനിര്‍ണയത്തിന്റെ ഭാഗമായി അധ്യാപകര്‍ വാരിക്കോരി മാര്‍ക്ക് നല്‍കുന്നുവെന്ന വിമര്‍ശനം നിലനില്‍ക്കുമ്പോഴാണു പുതിയ നീക്കം. സ്‌കൂള്‍ തലത്തില്‍ നല്‍കുന്ന തുടര്‍ മൂല്യ നിര്‍ണയത്തിന്റെ 20% മാര്‍ക്കും എസ്എസ്എല്‍സി എഴുത്തു പരിക്ഷയിലെ മാര്‍ക്കും ചേര്‍ത്ത് 30% നേടിയാല്‍ ജയിക്കാമെന്നതാണു നിലവിലെ രീതി. തുടര്‍ മൂല്യനിര്‍ണയത്തിനു ബഹുഭൂരിപക്ഷം കുട്ടകള്‍ക്കും 20% മാര്‍ക്കും നല്‍കുന്നതിനാല്‍ എഴുത്തു പരിക്ഷയില്‍ 10% മാര്‍ക്ക് നേടിയാലും ജയിക്കാനാകും. 

ഇതു നിലവാരം ഇടിക്കുന്നതായുളള വിലയിരുത്തലിനെ തുടര്‍ന്നാണ് ഈ അധ്യയന വര്‍ഷം മുതല്‍ എസ്എസ്എല്‍സി വിജയ മാനദണ്ഡം എഴുത്തു പരീക്ഷയില്‍ 30% മാര്‍ക്ക് ആക്കി പരിഷ്‌കരിക്കുമെന്നു മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിച്ചത്. ഈ തീരുമാനത്തെ വിദ്യാഭ്യാസ വിദഗ്ധരടക്കം സ്വാഗതം ചെയ്‌തെങ്കിലും സിപിഎം അനുകൂല അധ്യാപക സംഘടനയായ കെഎസ്ടിഎയും ശാസ്ത്രസാഹിത്യ പരിഷത്തും എതിര്‍ത്തതു വിവാദമായിരുന്നു. സര്‍ക്കാരും സിപിഎമ്മും ഇടപെട്ടതോടെ കെഎസ്ടിഎ നിലപാടു മയപ്പെടുത്തിയെങ്കിലും പരിഷത്ത് ഇതിനെതിരായ പ്രചാരണ പരിപാടിയുമായി രംഗത്തുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണു ഘട്ടം ഘട്ടമായി പരീക്ഷാ പരിഷ്‌കാരം നടപ്പാക്കാനുള്ള പുതിയ തീരുമാനം. ഈ അധ്യയന വര്‍ഷം മുതല്‍ നിലവിലെ 10-ാം ക്ലാസുകാര്‍ക്ക് ഒറ്റയടിക്ക് ഈ പരിഷ്‌കാരം നടപ്പാക്കിയാല്‍ ബുദ്ധിമുട്ടാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു തീരുമാനമെന്നു മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചിരുന്നു. നിലവിലെ എട്ടാം ക്ലാസുകാര്‍ക്ക് ഈ രീതി തുടങ്ങിയ ശേഷം അവര്‍ 10-ാം ക്ലാസിലെത്തുമ്പോള്‍ മുതല്‍ എസ്എസ്എല്‍സിക്കും ബാധകമാക്കിയാല്‍ പ്രശ്‌നമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏതെങ്കിലും വിദ്യാർഥിക്ക് മിനിമം മാർക്ക് ലഭിക്കാതിരിക്കുന്ന സാഹചര്യത്തിൽ പഠന പിന്തുണ നൽകി രണ്ടാഴ്ചയ്ക്കകം വീണ്ടും പരീക്ഷ എഴുതാനുള്ള അവസരം ഒരുക്കുമെന്നു വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഒരു കുട്ടി പോലും പരാജയപ്പെടുക എന്നത് അജൻഡയിൽ ഇല്ല. മറിച്ച് എല്ലാ കുട്ടികൾക്കും മികച്ച അക്കാദമിക നിലവാരം ഉറപ്പാക്കുക എന്നതാണു ലക്ഷ്യം. ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകളിൽ ജനകീയ പങ്കാളിത്തത്തോടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനു വേണ്ടി പരിപാടി രൂപീകരിക്കും. ഇതുമായി ബന്ധപ്പെട്ട സംസ്ഥാന കോൺക്ലേവ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

2024 മേയ്‌ 28ന് എസ്‌സിഇആർടിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പൊതു വിദ്യാഭ്യാസ കോൺക്ലേവ് ഇക്കാര്യം വിശദമായി ചർച്ച ചെയ്തു പൊതുവിദ്യാഭ്യാസ മേഖലയിൽ ഗുണമേന്മ വർധിപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കാരിൽ സമർപ്പിച്ചിരുന്നു. അക്കാദമിക മികവ് ഉയർത്തുന്നതിനായി സബ്ജക്ട് മിനിമം നടപ്പാക്കുന്നതിനോടൊപ്പം നിരന്തര മൂല്യനിർണയത്തിനുള്ള മാനദണ്ഡങ്ങൾ തികച്ചും മെറിറ്റിനെ അടിസ്ഥാനമാക്കി ആയിരിക്കുമെന്നതു ഉറപ്പുവരുത്തേണ്ടതാണ്. ഏതെങ്കിലും വിഷയത്തിൽ പിന്നാക്കം പോകുന്ന കുട്ടികൾ ഉണ്ടെങ്കിൽ അവർക്ക് റെമഡിയൽ ക്ലാസുകൾ നൽകി ആ വിഷയത്തിൽ പുനഃപരീക്ഷ നടത്തി അതിലൂടെ മികച്ച വിജയം കരസ്ഥമാക്കാവുന്നതുമാണെന്നും നിർദേശിച്ചു പൊതു വിദ്യാഭ്യാസ ഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

ഈ റിപ്പോർട്ട് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വർധിപ്പിക്കുന്നതിനായി ഘട്ടംഘട്ടമായി നടപടികൾ സ്വീകരിക്കേണ്ടതുണ്ട് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു മന്ത്രിസഭായോഗം അനുമതി നൽകിയത്. ഇതുമായി ബന്ധപ്പെട്ട് എല്ലാ ജില്ലയിലും ജില്ലാതല കോൺക്ലേവ് സംഘടിപ്പിക്കും. ഡിഇഒ, എഇഒ തലത്തിൽ ഗുണമേന്മാ വിദ്യാഭ്യാസ പിന്തുണാ കമ്മിറ്റികൾ രൂപീകരിക്കും. ഇക്കാര്യത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, പിടിഎ അധികൃതർ, വിദ്യാഭ്യാസ രംഗത്തെ വിദഗ്ധർ, അധ്യാപക സംഘടനകൾ തുടങ്ങിയവരുടെ പിന്തുണ ഉറപ്പാക്കും.

English Summary:

Kerala Govt Enforces Minimum 30% Marks for Classes 8 to 10 to Raise Educational Standards

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com