വയനാട് ഉരുൾപൊട്ടൽ: ‘മുഴുവൻ കുടുംബങ്ങളുടെയും പുനരധിവാസം ഉറപ്പുവരുത്തും’, തിരച്ചിൽ തുടരും
Mail This Article
മേപ്പാടി∙ വയനാട് ഉരുള്‍പൊട്ടലിനെ തുടര്‍ന്നു ദുരിതാശ്വാസ ക്യാംപുകളിലും രക്ഷാപ്രവര്‍ത്തന മേഖലയിലും സംസ്ഥാന ജല അതോറിറ്റി വിതരണം ചെയ്തതു നാലേകാല്‍ ലക്ഷം ലിറ്റര്‍ ശുദ്ധജലം. മേപ്പാടി ജിയുപി സ്‌കൂള്‍, ജിഎച്ച്എസ്എസ്, ജിഎല്‍പിഎസ്, ഹെല്‍ത്ത് സെന്റര്‍ മേപ്പാടി, മിലിറ്ററി ക്യാമ്പ് മേപ്പാടി, സെന്റ് ജോസഫ് യുപി സ്‌കൂള്‍ മേപ്പാടി, എംഎസ്എ ഹാള്‍ മേപ്പാടി, ജിഎപിഎസ് റിപ്പണ്‍ തുടങ്ങി ആവശ്യമുള്ള എല്ലായിടങ്ങളിലും കൃത്യമായ ഇടവേളകളിലാണ് ശുദ്ധജല വിതരണം ചെയ്യുന്നതെന്ന് ജല അതോറിറ്റി അറിയിച്ചു.
ദുരന്തത്തിനിരയായ മുഴുവന്‍ കുടുംബങ്ങളുടെയും പുനരധിവാസം ഉറപ്പുവരുത്തുമെന്നു മന്ത്രിസഭാ ഉപസമിതി അറിയിച്ചു. ക്യാംപുകളില്‍ കഴിയുന്നവരുടെ താത്ക്കാലിക പുനരധിവാസത്തിനാണു പദ്ധതി ഒരുക്കിയിരിക്കുന്നതെന്നും ഉപസമിതി വ്യക്തമാക്കി. പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടാന്‍ ദുരിതാശ്വാസ ക്യാംപുകളില്‍ റജിസ്റ്റര്‍ ചെയ്യണമെന്ന രീതിയില്‍ നടക്കുന്ന പ്രചാരണങ്ങളില്‍ കഴമ്പില്ലെന്നും മന്ത്രിസഭാ ഉപസമിതി അറിയിച്ചിട്ടുണ്ട്. ക്യാംപുകളില്‍ താമസിക്കുന്നവരെ താത്ക്കാലികമായി പുനരധിവസിപ്പിക്കുന്നതിനു ത്രിതല പഞ്ചായത്തു പരിധിയിലുള്ള ഒഴിഞ്ഞ വീടുകള്‍, ക്വാര്‍ട്ടേഴ്സുകള്‍, ഫ്ളാറ്റുകള്‍, ഹോസ്റ്റലുകള്‍ എന്നിവ കണ്ടെത്തും. താല്‍ക്കാലിക പുനരധിവാസത്തിനായി സര്‍ക്കാരിനു കീഴിലെ ഹോട്ടലുകള്‍, ക്വാര്‍ട്ടേഴ്സുകള്‍ തുടങ്ങിയവയും ഉപയോഗപ്പെടുത്തും. ആവശ്യമായ ഘട്ടങ്ങളില്‍ ഫ്‌ളാറ്റ് സമുച്ഛയങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്കു നിശ്ചിത വാടക നിശ്ചയിച്ചു കുടുംബങ്ങളുടെ പുനരധിവാസത്തിനായി സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മന്ത്രിസഭാ ഉപസമിതി അറിയിച്ചു. ചാലിയാര്‍ പുഴ കേന്ദ്രീകരിച്ചു പൊലീസും നാട്ടുകാരും സംയുക്തമായി നടത്തുന്ന തിരച്ചില്‍ തുടരും. താൽക്കാലിക പുനരധിവാസത്തിനായി ആദ്യം പരിഗണിക്കുന്നതു സമീപ പഞ്ചായത്തുകളാണെന്നും അധികൃതർ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ 5 ലക്ഷം രൂപയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഒരു ലക്ഷം രൂപയും സംഭാവന നൽകി. മുഖ്യമന്ത്രിയുടെ പഴ്‍സനൽ സ്റ്റാഫ് അംഗങ്ങൾ 10 ദിവസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യുമെന്നു പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷ് അറിയിച്ചു. ദുരന്തബാധിത പ്രദേശങ്ങളിലെ രക്ഷാ, തിരച്ചിൽ ദൗത്യങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഒന്നര കിലോമീറ്റർ ദൂരത്തില്‍ വിവിധ മൊബൈല്‍ സേവനദാതക്കളുടെ ഹൈസ്പീഡ് സിഗ്നല്‍ ലഭ്യമാക്കും. ഇന്‍ഡസ് ടവേഴ്‌സാണ് ചൂരല്‍മലയില്‍ താല്‍ക്കാലിക മൊബൈല്‍ ടവര്‍ ഒരുക്കിയത്. മൂന്നോളം സ്വകാര്യ കമ്പനികളുടെ നെറ്റ് വര്‍ക്ക് ആന്റിനകൾ ഈ ടവറില്‍ ചാർജ് ചെയ്തിട്ടുണ്ട്. 20 ദിവസത്തോളം ഈ ടവര്‍ ഇവിടെയുണ്ടാകും. സിഗ്നല്‍ ലഭ്യമല്ലാത്തതിനാല്‍ ദുരന്തബാധിത പ്രദേശങ്ങളില്‍ നിന്നുള്ള വാര്‍ത്താ വിനിമയം എളുപ്പമായിരുന്നില്ല. ഈ സാഹചര്യത്തിലാണു താല്‍ക്കാലിക ടവര്‍ ഒരുക്കിയിരിക്കുന്നത്.
ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഒമ്പതാം ദിനവും ഊര്‍ജ്ജിതമായി തുടരുകയാണ്. ആറ് സോണുകളിലായി വിവിധ സേനാവിഭാഗങ്ങളില്‍ നിന്നുള്ള 1026 പേരാണ് ബുധനാഴ്ചയും തിരച്ചിലില്‍ പങ്കെടുക്കുന്നത്. കേരള പൊലീസ്, എന്‍ഡിആര്‍എഫ്, സൈന്യം, എന്‍ഡിഎംഎ റെസ്‌ക്യൂ ടിം, ഡെല്‍റ്റാ സ്‌ക്വാഡ്, എസ്ഒജി, കേരള, തമിഴ്നാട് അഗ്നിരക്ഷാസേനകൾ, കെ 9 ഡോഗ് സ്‌ക്വാഡ്, വനം വകുപ്പ് തുടങ്ങിയ സേനാവിഭാഗങ്ങളും തിരച്ചില്‍ ദൗത്യത്തില്‍ സജീവമാണ്. സേനാവിഭാഗങ്ങള്‍ക്കൊപ്പം 80 ടീമുകളിലായി 524 സന്നദ്ധ പ്രവര്‍ത്തകരും ദുരന്തബാധിത പ്രദേശങ്ങളില്‍ തിരച്ചില്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
പുഞ്ചിരിമട്ടം, മുണ്ടക്കൈ, സ്‌കൂള്‍ പരിസരം, ചൂരല്‍മല ടൗണ്‍, വില്ലേജ് പരിസരം, പുഴയുടെ താഴ്ഭാഗം എന്നിവിടങ്ങളിലാണ് നിലവില്‍ പരിശോധന നടത്തുന്നത്. 54 ഹിറ്റാച്ചികളും 7 ജെസിബികളും മറ്റ് യന്ത്രങ്ങളും ഇതിനായി ഉപയോഗിക്കുന്നുണ്ട്. ഇതുവരെ വയനാട്ടില്‍ നിന്നും നിലമ്പൂരില്‍ നിന്നുമായി 224 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 189 ശരീരഭാഗങ്ങളും ഇതിനോടകം കണ്ടെടുത്തിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തകര്‍ക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കുമായി 4500 പേര്‍ക്കുള്ള പ്രഭാതഭക്ഷണവും 7000 പേര്‍ക്കുള്ള ഉച്ചഭക്ഷണവും മേപ്പാടി പോളിടെക്നിക്ക് കോളജിൽ സജ്ജമാക്കിയ സാമൂഹിക അടുക്കളയില്‍ നിന്നാണ് വിതരണം ചെയ്യുന്നത്.
അതേസമയം വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിനെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നും സമഗ്ര പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ലോക്സഭയിലാണ് രാഹുൽ ഗാന്ധിയുടെ അഭ്യർഥന. ‘‘സഹോദരിക്കൊപ്പം ഏതാനും ദിവസം മുമ്പ് ഞാൻ വയനാട് സന്ദർശിച്ചിരുന്നു. വയനാട്ടിലുണ്ടായ ദുരന്തവും വേദനയും ഞാൻ നേരിട്ടുകണ്ടതാണ്. മരണസംഖ്യ 400 കടക്കുമെന്നാണ് കരുതുന്നത്. കേരളത്തിൽ എല്ലാ വിഭാഗങ്ങളും വിവിധ ആശയങ്ങളും പിന്തുടരുന്നവർ ഒന്നിച്ചുനിന്ന് ഈ ദുരന്തത്തെ നേരിടുന്നുവെന്നത് വലിയ കാര്യമാണ്. വയനാട് ഉരുൾപൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം.
വയനാടിനായി സമഗ്ര പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടുന്നു. പ്രകൃതിദുരന്തങ്ങളെ പ്രതിരോധിക്കാനാവുന്ന കെട്ടിടങ്ങൾ നിർമിക്കാനുള്ളതുൾപ്പെടെയുള്ള സഹായം വേണം. വയനാട്ടിലെ അവസ്ഥ നേരിട്ടുകണ്ടതാണ്. മിക്ക കുടുംബങ്ങളും ഒന്നോ രണ്ടോ ആളുകൾ മാത്രമാണ് ഇപ്പോൾ അവിടെ അവശേഷിക്കുന്നത്. വയനാടിന്റെ പുനരുദ്ധാരണത്തിനായി സഭയിലെ എല്ലാവരും സഹകരിക്കണം’’– രാഹുൽ പറഞ്ഞു.