ഷെയർ മാർക്കറ്റിൽനിന്ന് പിൻവലിച്ചത് 1 കോടി, പാപ്പച്ചൻ മരിക്കുന്നതിന് തലേന്ന് 14 ലക്ഷം; സരിതയുടെ തട്ടിപ്പ് എങ്ങനെ?
Mail This Article
കൊല്ലം∙ ബാങ്ക് മാനേജരായ സരിതയും സുഹൃത്തും ക്വട്ടേഷൻ നൽകി വാഹനാപകടത്തിൽ കൊലപ്പെടുത്തിയ ബിഎസ്എൻഎൽ മുൻ അസിസ്റ്റന്റ് ജനറൽ മാനേജർ സി.പാപ്പച്ചന്റെ അക്കൗണ്ടിൽനിന്നും അദ്ദേഹം മരിക്കുന്നതിനു തലേദിവസം നഷ്ടപ്പെട്ടത് 14 ലക്ഷം രൂപ. സരിതയുടെ നേതൃത്വത്തിൽ കൃത്രിമം കാട്ടിയാണ് പണം പിൻവലിച്ചതെന്നാണ് പൊലീസ് നിഗമനം.
മേയ് 23ന് ഉച്ചയ്ക്ക് 12.30ന് ആശ്രാമത്തെ ശ്രീനാരായണ സാംസ്കാരിക സമുച്ചയത്തിനു സമീപം കാറിടിച്ചു ഗുരുതരമായി പരുക്കേറ്റ പാപ്പച്ചൻ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് പിറ്റേന്നു മരിച്ചത്. 22നാണ് പണം പിൻവലിച്ചത്. പാപ്പച്ചൻ അറിയാതെ പണം പിൻവലിക്കുകയായിരുന്നു എന്നാണ് കരുതുന്നത്. പാപ്പച്ചന്റെ നിക്ഷേപം തട്ടിയെടുക്കാൻ സരിതയാണ് ക്വട്ടേഷൻ നൽകിയത്. ആദ്യം വാഹനാപകടമെന്ന് കരുതിയ സംഭവം പൊലീസ് അന്വേഷണത്തിൽ കൊലപാതകമെന്ന് തെളിയുകയായിരുന്നു. സരിത ഉൾപ്പെടെ 5 പേർ അറസ്റ്റിലായി.
പിതാവിന്റെ മരണശേഷം ബാങ്ക് നിക്ഷേപത്തെക്കുറിച്ച് മക്കൾ അന്വേഷണം നടത്തിയപ്പോഴാണ് കാറപകടത്തെക്കുറിച്ചു സംശയം തോന്നിയത്. പാപ്പച്ചന് ബാങ്ക് ലോൺ ഉണ്ടായിരുന്നു എന്ന വിവരം സംശയം വർധിപ്പിച്ചു. ഒരു ലക്ഷംരൂപ പാപ്പച്ചന് പ്രതിമാസം പെൻഷൻ ലഭിച്ചിരുന്നു. ഓഹരി നിക്ഷേപവും മറ്റ് നിക്ഷേപങ്ങളുമുണ്ടായിരുന്നു. പിന്നെ എന്തിനു ലോൺ എടുക്കണമെന്നാണ് വീട്ടുകാർ ചിന്തിച്ചത്. ബാങ്കിൽ അന്വേഷിച്ചപ്പോൾ സരിതയുടെ പെരുമാറ്റത്തിൽ സംശയം തോന്നി. പാപ്പച്ചൻ ലോണുകൾ എടുത്തിരുന്നതായാണ് സരിതയും പറഞ്ഞത്. ബന്ധുക്കളോട് ഇക്കാര്യങ്ങളൊന്നും പാപ്പച്ചൻ പറഞ്ഞിരുന്നില്ല. തുടർന്ന് പൊലീസിനെ സമീപിച്ചു.
സരിതയുടെ തട്ടിപ്പിനെക്കുറിച്ച് മറ്റൊരു ബാങ്കിലെ ജീവനക്കാരിയോട് പാപ്പച്ചൻ പറഞ്ഞിരുന്നതായി പൊലീസിനും കുടുംബത്തിനും വിവരം ലഭിച്ചു. ബാങ്ക് ജീവനക്കാരനായ അനൂപ് വീട്ടിൽ വരുമായിരുന്നെന്നും തന്റെ ഡയറി കാണുന്നില്ലെന്നുമാണ് പാപ്പച്ചൻ പറഞ്ഞത്. തനിക്ക് ലോൺ ഉണ്ടെന്നു സരിതയും അനൂപും പറഞ്ഞതായും പാപ്പച്ചൻ ബാങ്ക് ജീവനക്കാരിയോട് വെളിപ്പെടുത്തി. 86 ലക്ഷത്തിലധികം രൂപ നിക്ഷേപിച്ചെങ്കിലും അതിനു തക്ക പലിശ ലഭിക്കാഞ്ഞതിനെത്തുടർന്ന് പാപ്പച്ചൻ ബാങ്കിൽ അന്വേഷിച്ചു. ഇതിനുശേഷമാകും സരിത കൊലപാതകം ആസൂത്രണം ചെയ്തതെന്നു പൊലീസ് കരുതുന്നു.
നിരവധി സംശയങ്ങൾ ഉയർന്നതോടെ പിതാവിനു എന്താണ് സംഭവിച്ചതെന്നറിയാനാണ് മകൾ പരാതി നൽകിയത്. ഷെയർ മാർക്കറ്റിൽ പാപ്പച്ചന് ഓഹരികളുണ്ടായിരുന്നു. ജനുവരിയിൽ ഒരു കോടിക്കടുത്ത് പിൻവലിച്ചിരുന്നു. മരിക്കുന്നതിനു തലേദിവസം 14 ലക്ഷം പിൻവലിച്ചതിനും രേഖകൾ ഉണ്ടായിരുന്നില്ല. ആയിരം രൂപയിലധികം പിൻവലിക്കാത്ത ആളാണ് പാപ്പച്ചനെന്ന് കുടുംബം പൊലീസിനെ അറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ബാങ്ക് മാനേജരായിരുന്ന സരിത, ബ്രാഞ്ച് എക്സിക്യൂട്ടീവ് കെ.പി.അനൂപ്, അനിമോൻ, ഹാഷിഫ്, മാഹിൻ എന്നിവർ പിടിയിലായി. തട്ടിപ്പ് പുറത്താകാതിരിക്കാൻ പാപ്പച്ചനെ കൊല്ലാൻ അനിമോന് സരിത ക്വട്ടേഷൻ നൽകുകയായിരുന്നു.