ഉപരാഷ്ട്രപതിക്കെതിരെ ഇംപീച്ച്മെന്റ് പ്രമേയത്തിന് നീക്കം; നടപടി ജയാ ബച്ചനെതിരെയുള്ള പെരുമാറ്റത്തിൽ പ്രതിഷേധിച്ച്
Mail This Article
ന്യൂഡൽഹി∙ഉപരാഷ്ട്രപതിയും രാജ്യസഭാധ്യക്ഷനുമായ ജഗദീപ് ധൻകറിനെതിരെ ഇംപീച്ച്മെന്റ് നടപടിക്കുള്ള നീക്കം ആരംഭിച്ച് പ്രതിപക്ഷം. പ്രമേയത്തിൽ പ്രതിപക്ഷ എംപിമാർ ഒപ്പുവയ്ക്കുന്ന നടപടിക്രമങ്ങളാണ് സഭയിൽ ആരംഭിച്ചത്. രാജ്യസഭാ അധ്യക്ഷന്‍ ജഗ്ദീപ് ധന്‍കര്‍, ജയാ ബച്ചനെ അപമാനിച്ചെന്ന് ആരോപിച്ചാണ് ഇംപീച്ച്മെന്റ് നടപടിയിലേക്ക് പ്രതിപക്ഷം കടന്നിരിക്കുന്നത്. നിലവിൽ 14 ദിവസം മുൻപെങ്കിലും പ്രമേയം സമർപ്പിക്കണമെന്നുള്ളതിനാൽ ഈ സഭാ സമ്മേളനത്തിൽ ഇംപീച്ച്മെന്റ് അവതരിപ്പിക്കാൻ സാധ്യതയില്ല.
രാജ്യസഭയില്‍ അധ്യക്ഷന്‍ ജഗദീപ് ധൻകർ, ജയാ ബച്ചനെ ചര്‍ച്ചക്കു വേണ്ടി ക്ഷണിച്ചിരുന്നു. ഈ സമയം ‘ജയ അമിതാഭ് ബച്ചന്‍’ എന്ന് അഭിസംബോധന ചെയ്തതിനെത്തുടര്‍ന്നാണ് പ്രതിപക്ഷ പ്രതിഷേധം ഉയര്‍ന്നത്. താനൊരു അഭിനേത്രിയാണെന്നും ഒരാളുടെ ഭാവപ്രകടനങ്ങള്‍ കൃത്യമായി മനസ്സിലാക്കാൻ സാധിക്കുമെന്നും ജയാ ബച്ചൻ മറുപടി പറഞ്ഞു. അധ്യക്ഷൻ തന്നെ അപമാനിച്ചെന്നും തന്നോട് മാപ്പ് പറയാതെ പ്രതിഷേധത്തില്‍ നിന്നും പിന്‍മാറില്ലെന്നുമാണ് ജയാ ബച്ചന്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഇതോടെ ജയാ ബച്ചനും ജഗദീപ് നൻകറും തമ്മിൽ രൂക്ഷമായ വാക്ക് പോരാണ് സഭയിൽ നടന്നത്. തന്നെ ആരും പഠിപ്പിക്കേണ്ടതില്ലെന്ന് ജഗദീപ് ധൻകർ പ്രതികരിച്ചു. ജയ ഒരു പ്രശസ്തയായ കലാകാരിയായിരിക്കാം, എന്നാൽ സഭയുടെ അച്ചടക്കം ബാധകമാണെന്നും ധൻകർ ശക്തമായ ഭാഷയിൽ തിരിച്ചടിച്ചു. പ്രതിഷേധത്തെ തുടർന്ന് സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷം രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോയി. ഇതിന് പിന്നാലെയാണ് ഇംപിച്ച്മെന്റ് നടപടിയിലേക്ക് പ്രതിപക്ഷ കക്ഷികൾ കടന്നിരിക്കുന്നത്. അതേസമയം പ്രതിപക്ഷത്തിനെതിരെ ബിജെപി രംഗത്തെത്തി. ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെ.പിനഡ്ഡ പ്രതിപക്ഷത്തിന്റെ പ്രവർത്തിയെ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്