വയനാട്ടിൽ ഭൂമിക്കടിയിൽനിന്നു മുഴക്കം; പാലക്കാട്ടും കോഴിക്കോട്ടും പ്രകമ്പനം: ‘ഭൂകമ്പ സൂചനകൾ ഇല്ല’
Mail This Article
കൽപറ്റ∙ വയനാട്ടിലും കോഴിക്കോട്ടും പാലക്കാട്ടും ഭൂമിക്കടിയിൽനിന്നു മുഴക്കം കേട്ടതായി നാട്ടുകാർ. വയനാട്ടിലെ അമ്പലവയലിൽ വലിയ ശബ്ദം കേട്ടതായി നാട്ടുകാർ പറഞ്ഞു. എടയ്ക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന അമ്പുകുത്തി മലയ്ക്കു സമീപത്തുനിന്നാണു വലിയ ശബ്ദം കേട്ടത്. ഇടിമുഴക്കമാണെന്നാണു നാട്ടുകാർ ആദ്യം കരുതിയത്. എന്നാൽ ചെറിയ തോതിൽ ഭൂമികുലുക്കവും ഉണ്ടായെന്നാണു നാട്ടുകാർ പറയുന്നത്. അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ ശാസ്ത്രജ്ഞർ അസാധാരണ ശബ്ദം കേട്ടതായി സ്ഥിരീകരിച്ചു.
എടക്കൽ 19 എന്ന സ്ഥലത്തുനിന്നാണു ശബ്ദം കേട്ടതെന്നാണു വിവരം. എന്നാൽ ഭൂകമ്പമാപിനിയിൽ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ലെന്ന് നാഷനൽ സീസ്മോളജി സെന്റർ അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നു ഡയറക്ടർ ഒ.പി.മിശ്ര പറഞ്ഞു. ഭൂകമ്പ സൂചനകൾ ഇല്ലെന്നു ദുരന്തനിവാരണ അതോറിറ്റിയും വ്യക്തമാക്കിയിട്ടുണ്ട്. പ്രകമ്പനത്തിന്റെ കാരണങ്ങൾ പരിശോധിക്കുകയാണ്.
വയനാട്ടിൽ അമ്പലവയല്‍ വില്ലേജിലെ ആര്‍എആര്‍എസ്, മാങ്കോമ്പ്, നെന്മേനി വില്ലേജിലെ അമ്പുകുത്തിമല, പടിപറമ്പ്, വൈത്തിരി താലൂക്കിലെ സുഗന്ധഗിരി, അച്ചൂരാന്‍ വില്ലേജിലെ സേട്ടുകുന്ന്, വെങ്ങപ്പള്ളി വില്ലേജിലെ കാരാറ്റപിടി, മൈലാടിപ്പടി, ചോലപ്പുറം, തൈക്കുംതറ ഭാഗങ്ങളിലാണു ഭൂമിക്കടിയില്‍നിന്നും ശബ്ദവും മുഴക്കവും അനുഭവപ്പെട്ടതായി ജില്ലാ അടിയന്തരകാര്യ നിര്‍വഹണ വിഭാഗം അറിയിച്ചത്. പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിതമാക്കി മാറ്റുന്നതിനുള്ള നടപടികള്‍ ജില്ലാ ഭരണകൂടം സ്വീകരിച്ചതായി ജില്ലാ കലക്ടര്‍ ഡി.ആര്‍.മേഘശ്രീ അറിയിച്ചു.
റവന്യു ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. അമ്പലവയൽ ജിഎൽപി സ്കൂളിന് അവധി നൽകി. എടയ്ക്കൽ ഗുഹയ്ക്കു സമീപത്താണ് ഈ സ്കൂൾ. സ്ഥലത്ത് പരിശോധന നടക്കുന്നതായി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. വില്ലേജ് ഓഫിസർമാരോടു സംഭവസ്ഥലത്തെത്താൻ നിർദേശം നൽകിയതായി വൈത്തിരി തഹസിൽദാർ പറഞ്ഞു. നേന്മേനി വില്ലേജിലെ പാടിപറമ്പ്, അമ്പുകുത്തി, അമ്പലവയൽ ആർഎആർഎസ് പ്രദേശങ്ങളിലാണു ശബ്ദവും കുലുക്കവും അനുഭവപ്പെട്ടത്. വൈത്തിരി താലൂക്കിന് കീഴിൽ പൊഴുതന വില്ലേജിൽ ഉൾപ്പെടുന്ന സുഗന്ധഗരി പ്രദേശത്തും അച്ചൂരാനം വില്ലേജ് ഉൾപ്പെടുന്ന സേട്ടുകുന്ന് പ്രദേശത്തും വലിയ ശബ്ദവും മുഴക്കവും അനുഭവപ്പെട്ടതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉരുൾപൊട്ടലുണ്ടായ ചൂരൽമല, മുണ്ടക്കൈ മേഖലയുൾപെടുന്ന മേപ്പാടി പഞ്ചായത്തിൽനിന്ന് ശരാശരി 30 കിലോമീറ്റർ അകലെയാണ് ഈ പ്രദേശങ്ങൾ.
അതേസമയം, കോഴിക്കോട് ചില ഭാഗങ്ങളില്‍ രാവിലെ പത്തുമണിയോടെ പ്രകമ്പനമുണ്ടായതായി നാട്ടുകാർ അറിയിച്ചു. കൂരാച്ചുണ്ട് പഞ്ചായത്തിൽ ഏഴാം വാർഡിൽപ്പെട്ട കല്ലാനോട് പാറ അനങ്ങിയതു പോലെ വലിയ ശബ്ദം കേട്ടതായി പ്രദേശവാസികൾ അറിയിച്ചു. കഴിഞ്ഞ ജൂൺ 27ന് ഈ മേഖലയിൽ ഉരുൾപൊട്ടി പാറ ഉരുണ്ടു വീണിരുന്നു.
പാലക്കാട്ടും വിവിധ പ്രദേശങ്ങളിൽ ഭൂമിക്കുള്ളിൽനിന്നു മുഴക്കം കേട്ടതായി നാട്ടുകാർ പറഞ്ഞു. ഒറ്റപ്പാലം പനമണ്ണ, വീട്ടാമ്പാറ, ലക്കിടി അകലൂർ, കോതക്കുറുശ്ശി, വാണിയംകുളം പനയൂർ, ചളവറയിൽ പുലാക്കുന്നു തുടങ്ങിയ സ്ഥലങ്ങളിലാണ് ഉഗ്രശബ്ദം കേട്ടത്. രാവിലെ 10 മണിക്കും 10.30നും ഇടയിലുള്ള സമയത്താണ് ഇടിമുഴക്കം പോലുള്ള ശബ്ദം കേട്ടത്. പീച്ചിയിലെ ഫോറസ്റ്റ് റിസർച്ച് സെന്ററിലെ സീസ്മോഗ്രാഫിൽ പരിശോധന തുടങ്ങി.