ADVERTISEMENT

കൊളംബോ∙ വിദ്യാർഥി പ്രക്ഷോഭത്തിൽ ബംഗ്ലദേശ് ആളിക്കത്തവേ, ഒരു വർഷം മുൻപ് സമാനമായി ആടിയുലഞ്ഞ ശ്രീലങ്ക അടുത്ത മാസം തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നു. സെപ്റ്റംബർ 21നാണ് ശ്രീലങ്കയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ്. പ്രക്ഷോഭത്തെ തുടർന്ന് മറഞ്ഞുനിന്ന രാജപക്സെ കുടുംബം തിരിച്ചുവരവിന് ഒരുങ്ങുമ്പോൾ തമിഴ് പാർട്ടികൾ പൊതു സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരിക്കുന്നത് മുൻ എംപി പാക്യസെൽവൻ അരിയനേത്ര(69)നെയാണ്. 

രാജ്യത്തിന്റെ വടക്കും കിഴക്കുമുള്ള വിവിധ രാഷ്ട്രീയപാർട്ടികളും (ടിഇഎൽഒ, പിഎൽഒടിഇ, ടിപിഎ, ടിഎൻപി, ഇപിആർഎൽഎഫ്) ജനമുന്നണിയായ തമിഴ് പീപ്പിൾസ് കോൺഗ്രസ് അസോസിയേഷനും അടങ്ങുന്നതാണു സഖ്യം. കഴിഞ്ഞ ജൂലൈ പകുതിയോടെയാണ് ഒരു പൊതു സ്ഥാനാർഥി നിർത്താമെന്ന നിലയിലേക്കു തമിഴ് രാഷ്ട്രീയ പാർട്ടികളും തമിഴ് പീപ്പിൾസ് കോൺഗ്രസ് അസോസിയേഷനും എത്തുകയായിരുന്നു. മുൻ എംപി പാക്യസെൽവൻ അരിയനേത്ര, അറ്റോർണി കെ.വി.തവരസ എന്നിവരാണ് അന്തിമ പട്ടികയിൽ ഉണ്ടായിരുന്നതെങ്കിലും ഭൂരുപക്ഷ താൽപര്യ പ്രകാരം അരിയനേത്രയെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയായിരുന്നു.

തുടർന്ന് ജാഫ്നയിൽ ഇന്നലെ പുലർച്ചെ പ്രഖ്യാപനവും നടന്നു. എന്നാൽ, പ്രധാന പ്രതിപക്ഷ പാർട്ടിയായ ഐടിഎകെ കൂട്ടായ്മയിൽ ഉൾപ്പെട്ടിട്ടില്ല. പൊതു സ്ഥാനാർഥി എന്ന ആശയം തെറ്റായ തീരുമാനമാണെന്നാണ് ഐടിഎകെയുടെ പ്രധാന നേതാവായ എം.എ.സുമന്തിരന്റെ നിലപാട്. മുൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും തമിഴ് പാർട്ടികൾ സ്ഥാനാർഥിയെ നിർത്തിയിരുന്നെങ്കിലും പിന്നീടു പ്രതിപക്ഷവുമായി ധാരണയിലെത്തുകയായിരുന്നു.

എൽഎൽപിപിയുടെ നമൽ രാജപക്സെ ഉൾപ്പെടെ 22 സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചിട്ടുണ്ട്. ഈ മാസം 15 ആണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. പ്രസിഡന്റ് വിക്രമസിംഗെയെ കൂടാതെ പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയും മാർക്‌സിസ്റ്റ് ജെവിപി നേതാവ് അനുര കുമാര ദിശനായകെയും മത്സരരംഗത്തുണ്ട്.

കടുത്ത സാമ്പത്തിക പ്രതിസന്ധി സർക്കാർവിരുദ്ധ ജനകീയ പ്രക്ഷോഭമായതോടെ 2022ലാണു പ്രസിഡന്റ് ഗോട്ടബയ രാജപക്സെ, പ്രധാനമന്ത്രി മഹിന്ദ രാജപക്സെ, ധനമന്ത്രി ബേസിൽ രാജപക്സെ എന്നിവർക്കു സ്ഥാനമൊഴിയേണ്ടിവന്നത്. ക്ഷുഭിതരായ ജനക്കൂട്ടം ഒരു എംപിയെ വധിക്കുകയും നൂറിലേറെ നേതാക്കളുടെ വീടുകൾക്കു തീയിടുകയും ചെയ്തിരുന്നു. കാലാവധി പൂർത്തിയാക്കാൻ രാഷ്ട്രീയ എതിരാളി റനിൽ വിക്രമസിംഗെയെ പ്രസിഡന്റായി തിരഞ്ഞെടുക്കാൻ പാർട്ടി നിർബന്ധിതരായി. നിയമം അനുസരിച്ച് 2025 ഓഗസ്റ്റിനുള്ളിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് പൂർത്തിയാക്കണം. അതിനു മുൻപ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടത്തണം.

English Summary:

Tamil Parties Unite Behind Pakkiyaselvam Ariyanethiran for Sri Lanka's Presidential Election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com