ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമോ? പ്രതീക്ഷയോടെ കേരളം: മോദി വയനാട്ടിൽ
Mail This Article
മേപ്പാടി ∙ വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമോ? പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വയനാട്ടിൽ എത്തുമ്പോള്‍ കേരളത്തിന്റെ ആകാംക്ഷ ഇതാണ്. ഉരുൾപൊട്ടൽ ബാധിത മേഖലയ്ക്ക് കൈത്താങ്ങായി എന്തൊക്കെ പ്രഖ്യാപനങ്ങളുണ്ടാകും എന്നാണ് അറിയേണ്ടത്. വലിയ തോതിലുള്ള സാമ്പത്തിക സഹായമാണ് കേരളം പ്രതീക്ഷിക്കുന്നത്.
സ്വകാര്യ വ്യക്തികൾ അടക്കം നാടിന്റെ നാനാതുറകളിൽനിന്നും സഹായം ലഭിക്കുമ്പോഴും കേന്ദ്ര സർക്കാരിന്റെ സഹായമില്ലാതെ ഈ വലിയ ദുരന്തത്തെ അതിജീവിക്കാനാകില്ലെന്ന് ഉറപ്പിച്ചു പറയുകയാണ് സംസ്ഥാനത്തെ ഭരണപക്ഷവും പ്രതിപക്ഷവും. മന്ത്രിമാരായ കെ.രാജൻ, എ.കെ. ശശീന്ദ്രൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കൽപറ്റ എംഎൽഎ ടി.സിദ്ദീഖ് എന്നിവർ മനോരമ ഓൺലൈനിനോട് സംസാരിക്കുന്നു.
‘ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം’
വയനാട്ടിലെ ഉരുൾപൊട്ടലിനെ ദേശീയ ദുരന്തമായി കേന്ദ്രം പ്രഖ്യാപിക്കണമെന്നും അതാണ് പ്രധാനമന്ത്രിയുടെ സന്ദർശനം വഴി പ്രതീക്ഷിക്കുന്നതെന്നും വയനാട്ടിലെ മന്ത്രിസഭാ ഉപസമിതിയെ നയിക്കുന്ന റവന്യൂ മന്ത്രി കെ. രാജൻ മനോരമ ഓൺലൈനിനോട് പറഞ്ഞു. ഒരു മേഖലയെ ആകെ തകർത്ത ദുരന്തത്തെപ്പറ്റി മനസ്സിലാക്കാൻ പ്രധാനമന്ത്രിയുടെ വരവ് സഹായിക്കുമെന്നാണ് പ്രതീക്ഷ. ദുരന്തത്തിന്റെ രൂക്ഷത നേരിട്ടറിയുന്നതോടെ അദ്ദേഹത്തിൽനിന്നു വലിയ സഹായങ്ങൾ ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും കെ.രാജൻ പറഞ്ഞു.
‘മന്തിമാരെ കാണുമോ എന്ന് അറിയില്ല, പദ്ധതി അവതരിപ്പിക്കും’
കേന്ദ്രത്തിൽനിന്ന് എല്ലാ സഹായസഹകരണങ്ങളും പ്രതീക്ഷിക്കുന്നതായി വയനാട് ജില്ലയുടെ ചുമതലയുള്ള മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. ദുരന്തത്തെ അതിജീവിക്കുക എന്നത് ഹിമാലയൻ ടാസ്കാണ്. സംസ്ഥാന സർക്കാരിനു തനിച്ചു സാധിക്കില്ല. പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങളിൽ ഞങ്ങൾക്കും ആകാംക്ഷയുണ്ട്. സംസ്ഥാന മന്ത്രിമാർക്ക് അദ്ദേഹത്തെ കാണാൻ സാധിക്കുമോയെന്ന് അറിയില്ല. അത്തരത്തിലുള്ള ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല. കാണാൻ അവസരം ലഭിച്ചാൽ കൃത്യമായ പദ്ധതി പ്രധാനമന്ത്രിക്ക് മുന്നിൽ അവതരിപ്പിക്കുമെന്നും ശശീന്ദ്രൻ പറഞ്ഞു.
‘സാമ്പത്തിക സഹായം ലഭിച്ചാലും മതി ’
വയനാടിനെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചില്ലെങ്കിലും സാമ്പത്തിക സഹായം നൽകണമെന്നാണ് യുഡിഎഫിന്റെ ആവശ്യമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. പ്രത്യേക സാമ്പത്തിക പാക്കേജാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. എൽ3 മുതൽ എൽ4 വരെ ഗ്രേഡിലുള്ള ദുരന്തമായി ഇതിനെ പ്രഖ്യാപിക്കണം. അതനുസരിച്ചുള്ള സാമ്പത്തിക പാക്കേജാണ് വേണ്ടത്. അതിൽ കുറവു വരുത്താൻ പാടില്ല. ഇക്കാര്യങ്ങൾ സംസ്ഥാന സർക്കാരാണ് ആവശ്യപ്പെടേണ്ടത്. വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനുള്ള സഹായവും കേന്ദ്രത്തിൽ നിന്നുണ്ടാകണം. ദുരന്തം നടന്ന സ്ഥലം താമസയോഗ്യമല്ലെന്നു കണ്ടെത്തിയതിനാൽ അവരെ വയനാട് ജില്ലയിലെതന്നെ സുരക്ഷിതമായ മറ്റൊരിടത്താകണം പുനരധിവസിപ്പിക്കേണ്ടത്. ഇത്തരം ദുരന്തങ്ങൾ വരാതിരിക്കാനുള്ള നടപടികളും കൈക്കൊള്ളണം. അതിന്റെ ഭാഗമായി വിവിധ ഏജൻസികളെ കോർത്തിണക്കി ദുരന്ത മുന്നറിയിപ്പുകൾക്കായി പ്രത്യേക സംവിധാനം കേന്ദ്രം ഒരുക്കണമെന്നും സതീശൻ പറഞ്ഞു.
‘പുനരധിവാസത്തിന് മുൻതൂക്കം നൽകണം’
ഉരുൾപൊട്ടൽ ബാധിത പ്രദേശം ഉൾപ്പെടുന്ന കൽപറ്റ നിയോജക മണ്ഡലത്തിലെ എംഎൽഎ ടി.സിദ്ദീഖ് പ്രധാനമന്ത്രിയിൽനിന്നു പ്രതീക്ഷിക്കുന്ന കാര്യങ്ങൾ അക്കമിട്ട് പറയുന്നു. ദേശീയ ദുരന്തത്തിന്റെ പശ്ചാത്തലത്തിലുള്ള നടപടിയാണ് ഒന്നാമത്തേത്. ഇതിനോടൊപ്പം പുനരധിവാസവും ഗൗരവമായെടുക്കണം. ഈ രണ്ടു കാര്യങ്ങളിലും കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് സിദ്ദീഖ് കുറ്റപ്പെടുത്തുന്നു. പ്രകൃതിദുരന്തങ്ങൾ അടിക്കടി ഉണ്ടാകുന്ന സംസ്ഥാനമെന്ന നിലയിൽ ഇതെല്ലാം മുൻകൂട്ടി അറിയിക്കാൻ കഴിയുന്ന സംവിധാനം ഒരുക്കണം. വിദേശ സർവകലാശാലകളിലും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ സർവകലാശാലകളിലും പഠിച്ചവരുടെ സർട്ടിഫിക്കറ്റുകളും പലരുടെയും പാസ്പോർട്ടുകളും നഷ്ടമായിട്ടുണ്ട്. ഇതൊക്കെ വീണ്ടെടുക്കാൻ കേന്ദ്രത്തിന്റെ സഹായം കൂടിയേ തീരൂ. അതിനോടൊപ്പം പ്രധാനമന്ത്രിയെ അറിയിക്കാനുള്ള മറ്റ് കാര്യങ്ങൾ തയാറാക്കുകയാണെന്നും സിദ്ദീഖ് പറഞ്ഞു.