യുട്യൂബ് മുൻ സിഇഒ സൂസൻ വൊജിസ്കി അന്തരിച്ചു; ഗൂഗിളിന്റ സുപ്രധാന മുഖങ്ങളിലൊരാൾ
Mail This Article
വാഷിങ്ടൻ∙ യൂട്യൂബ് മുൻ സിഇഒ സൂസൻ വൊജിസ്കി (56) അന്തരിച്ചു. ശ്വാസകോശ അർബുദം ബാധിച്ച് രണ്ടുവർഷമായി ചികിത്സയിലായിരുന്നു. ഗൂഗിളിന്റെ ചരിത്രത്തിലെ സുപ്രധാന മുഖങ്ങളിലൊരാളായിരുന്നു വൊജിസ്കി. സൂസന്റെ ഭർത്താവ് ഡെന്നിസ് ട്രോപ്പറാണ് ഫെയ്സ്ബുക്കിലൂടെ മരണവിവരം പുറത്തുവിട്ടത്.
26 വർഷമായി തന്റെ പങ്കാളിയും തന്റെ 5 കുഞ്ഞുങ്ങളുടെ അമ്മയുമായ വൊജെസ്കി രണ്ടുവർഷമായി അർബുദത്തിന് ചികിത്സയിലായിരുന്നെന്ന് ട്രോപ്പർ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ‘‘സൂസന്റെ എന്റെ ആത്മസുഹൃത്തും പങ്കാളിയും മാത്രമല്ല, അതിബുദ്ധിമതിയും സ്നേഹനിധിയായ അമ്മയും ഒരുപാടു പേരുടെ നല്ല സുഹൃത്തുമായിരുന്നു.’’–ട്രോപ്പർ പറഞ്ഞു.
ഗൂഗിൾ തുടങ്ങാൻ ലാറി പേജിനും സെർജി ബ്രിന്നിനും തന്റെ ഗാരേജ് വാടകയ്ക്ക് നൽകിയത് വൊജിസ്കിയായിരുന്നു. പിന്നീടവർ ഗൂഗിളിനൊപ്പം ചേർന്നു. 2014 മുതൽ 2023 വരെ യൂട്യൂബിന്റെ സിഇഒയായിരുന്നു. വൊജിസ്കിയുടെ നിര്യാണം ദുഃഖിപ്പിക്കുന്നുവെന്നും ഗൂഗിൾ ചരിത്രത്തിന്റെ കേന്ദ്രബിന്ദുവായിരുന്നു അവരെന്നും ഗൂഗിൾ സിഇഒ സുന്ദർ പിച്ചെ പറഞ്ഞു. വൊജെസ്കിയില്ലാത്ത ലോകം സങ്കൽപ്പിക്കാനാകുന്നില്ല. വിലമതിക്കാനാകാത്ത വ്യക്തിയും മികച്ച നേതാവും സുഹൃത്തുമായിരുന്നു വൊജിസ്കിയെന്നും സുന്ദർ പിച്ചെ അനുസ്മരിച്ചു.