ADVERTISEMENT

കൽപറ്റ ∙ ഇതുവരെ വാഗ്ദാനം ചെയ്യപ്പെട്ട സഹായങ്ങളിലൂടെ മുണ്ടക്കൈയിലും ചൂരൽമലയിലും പ്രാണൻ ബാക്കിയായവരുടെ തുടർജീവിതം സാധ്യമാകുമോ ? 2019ൽ ഉരുൾപൊട്ടലിൽ തകർന്ന പുത്തുമലയുടെ പുനരധിവാസം ഇനിയും പൂർത്തിയായിട്ടില്ല. മുണ്ടക്കൈയോ ചൂരൽമലയോ ഇനി ഒരിക്കലും പുനർനിർമിക്കാൻ സാധിക്കുമോ എന്ന സംശയവും ഉയരുന്നു.  മുണ്ടക്കൈയിൽ നാമമാത്രമായ കെട്ടിടങ്ങളാണ് ശേഷിക്കുന്നത്. ചൂരൽമലയിൽ ശേഷിക്കുന്ന കെട്ടിടങ്ങളുടെ അടിത്തറ വരെ ഇളകിയതിനാൽ ഏതു നിമിഷവും തകർന്നുവീഴാം. 

ഉരുൾപൊട്ടലിൽ നിന്ന് രക്ഷപ്പെട്ടവർക്ക് പുനരധിവാസം മറ്റേതെങ്കിലും സ്ഥലത്ത് നടപ്പാക്കാനേ സാധിക്കൂ. 350 വീടുകൾ തകർന്നുവെന്നാണ് ഏകദേശ കണക്ക്. 3000 സ്ക്വയർഫീറ്റ് വരെയുള്ള വീടുകൾ തറക്കല്ല് പോലും ഇല്ലാതെ അപ്രത്യക്ഷമായി. സ്കൂളുകൾ ഉൾപ്പെടെയുള്ള പൊതുകെട്ടിടങ്ങൾ നിരവധി വേറെയും. റോ‍ഡുകളുടേയും പാലങ്ങളുടേയും കണക്കു കൂടി ചേർത്താൽ ഏകദശം 2000 കോടി രൂപയുടെ നഷ്ടം ഈ പ്രദേശത്തുണ്ടായി. പുനരധിവാസത്തിനും മറ്റുമായി സർക്കാർ കണക്കുകൂട്ടുന്നത് 1000 കോടിയാണ്. 100 വീതം വീടുകൾ കോൺഗ്രസും കെസിബിസിയും മുസ്‌ലിം ലീഗും നിർമിക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. മറ്റു സംഘടനകളും വ്യക്തികളും ചേർന്ന് ഇരുനൂറോളം വീടുകളും വാഗ്ദാനം ചെയ്തിട്ടുണ്ട്. 350 വീടുകളാണ് നിർമിക്കേണ്ടത്. എസ്റ്റേറ്റ് പാടികളിൽ താമസിക്കുന്നവർ ഇതിനു പുറമെയാണ്. മറ്റ് അടിസ്ഥാന സൗകര്യങ്ങളും വേണം. പല കുടുംബങ്ങളും പൂർണമായും ഇല്ലാതായതിനാൽ അവർക്കിനി വീട് ആവശ്യമില്ല. 

സന്നദ്ധ സഹായത്താൽ പിടിച്ചുനിൽക്കുന്ന പുത്തുമല

2019ലാണ് പുത്തുമലയിൽ ഉരുൾപൊട്ടിയത്. 105 കുടുംബങ്ങളെ ഇവിടെ നിന്നും മാറ്റിപ്പാർപ്പിച്ചു. പത്ത് ലക്ഷം രൂപയാണ് സർക്കാർ ദുരിതാശ്വാസമായി പ്രഖ്യാപിച്ചത്. മരണപ്പെട്ടവരുടെ കുടുംബത്തിനു 5 ലക്ഷം കൂടി നൽകി. 6 ലക്ഷം സ്ഥലം വാങ്ങുന്നതിനും 4 ലക്ഷം വീട് വയ്ക്കുന്നതിനുമാണ് അനുവദിച്ചത്. സന്നദ്ധ സംഘടനകളും വ്യക്തികളും സഹായിച്ചാണ് വീടു വച്ചത്. രണ്ട് വർഷം മുൻപാണ് പലരും സ്വന്തമായ വീടുകളിൽ താമസിക്കാൻ തുടങ്ങിയത്. കുടിവെള്ളത്തിനുള്ള കുളം കുത്തിയതും മോട്ടർ വച്ചതും വാട്ടർ ടാങ്ക് നിർമിച്ചതും വരെ സ്വകാര്യ കമ്പനികളും വ്യക്തികളും ചേർന്നാണ്.  ബാക്കി കുടുംബങ്ങളും ഇതുപോലെ പലരുടേയും സഹായത്താലാണ് പുനർജീവനം സാധ്യമാക്കിയത്. 

വയനാട് ഉരുൾപൊട്ടലിൽ മരിച്ച തിരിച്ചറിയാത്തവരുടെ മൃതദേഹങ്ങളും ശരീരഭാഗങ്ങളും സംസ്കരിക്കാൻ പുത്തുമലയില്‍ ഒരുക്കിയ സ്ഥലം. ചിത്രം: അരവിന്ദ് വേണുഗോപാല്‍ / മനോരമ
വയനാട് ഉരുൾപൊട്ടലിൽ മരിച്ച തിരിച്ചറിയാത്തവരുടെ മൃതദേഹങ്ങളും ശരീരഭാഗങ്ങളും സംസ്കരിക്കാൻ പുത്തുമലയില്‍ ഒരുക്കിയ സ്ഥലം. ചിത്രം: അരവിന്ദ് വേണുഗോപാല്‍ / മനോരമ

സർക്കാർ നേരിട്ട് ഒറ്റ വീടുപോലും നിർമിച്ചു നൽകിയിട്ടില്ലെന്ന് പുത്തുമല വാർഡ് മെംബർ സുകന്യ പറഞ്ഞു. ഭൂമി നഷ്ടപ്പെട്ടവർക്കും മറ്റു വസ്തുക്കൾ നഷ്ടപ്പെട്ടവർക്കും യാതൊരു ധനസഹായവും ലഭിച്ചില്ല. ദുരന്ത ബാധിതരായ ഭൂരിഭാഗം പേർക്കും ലഭിച്ചത് 4 ലക്ഷം രൂപ മാത്രമാണെന്നും അവർ പറഞ്ഞു. വന്യമൃഗ ആക്രമണത്തിൽ ആളുകൾ കൊല്ലപ്പെടുമ്പോൾ 10 ലക്ഷം രൂപ വരെ നഷ്ടപരിഹാരം നൽകുമ്പോളാണ് ഉരുൾപൊട്ടലിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം മാത്രം നൽകിയത്. ഉരുൾപൊട്ടലിൽ ഉടുതുണിക്ക് മറുതുണിപോലും ഇല്ലാതെയാണ് പലരും രക്ഷപ്പെട്ടത്. ഇവരിൽ പലരും ജീവിക്കുന്നത് സന്നദ്ധ സംഘടനകളുടേയും വ്യക്തികളുടേയും സഹായം കൊണ്ടാണ്. പൂത്തക്കൊല്ലിൽ സ്കൂൾ ഉൾപ്പെടെ നിർമിക്കുെമന്നായിരുന്നു സർക്കാർ വാഗ്ദാനം. പക്ഷേ ഒന്നുമുണ്ടായില്ല. 

കവളപ്പാറയിലും അനങ്ങാപ്പാറ നയം

കവളപ്പാറയിലും ഭൂരിഭാഗം കുടുംബങ്ങളും താമസിക്കുന്നത് ഇത്തരത്തിൽ സന്നദ്ധ സംഘടനകൾ നിർമിച്ചു നൽകിയ വീടുകളിലാണ്. 128 വീടുകളാണ് മൊത്തം േവണ്ടിയിരുന്നതെങ്കിൽ 600ലധികം വീടുകളാണ് അന്ന് വാഗ്ദാനം ചെയ്യപ്പെട്ടത്. 32 ആദിവാസി വീടുകൾ സർക്കാർ സംവിധാനത്തിൽ പൂർത്തിയാക്കി. ബാക്കി വീടുകളെല്ലാം സന്നദ്ധ പ്രവർത്തകരുടെ സഹായത്തിലാണ് പൂർത്തിയായത്. ദുരന്തമുണ്ടായി ആറു മാസമായിട്ടും പുനരധിവാസത്തിനു വേണ്ടി സർക്കാർ ചെറുവിരൽ പോലും അനക്കിയില്ല.

wayanad-house-destroyed

ഒടുവിൽ ദുരന്ത ബാധിതർക്കു കോടതിയെ സമീപിക്കേണ്ടി വന്നു. ആറു മാസം കൊണ്ട് നടപടി സ്വീകരിച്ച് അറിയിക്കാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. യാതൊരു നടപടിയുമുണ്ടായില്ല. സർക്കാർ പ്രഖ്യാപിച്ച വീടുകൾക്കു വേണ്ടി കാത്തിരുന്നവർക്ക് ക്യാംപുകളിൽ തന്നെ വർഷങ്ങളോളം കഴിയേണ്ടി വന്നു. അതേസമയം, സന്നദ്ധ സംഘടനകൾ പ്രഖ്യാപിച്ച വീടുകളിൽ ആളുകൾക്ക് നേരത്തെ തന്നെ താമസം തുടങ്ങാനായി. ഇതിനെല്ലാം അപ്പുറം സർക്കാർ ഓഫിസുകൾ കയറിയിറങ്ങി പലരും ജീവിതം തന്നെ വെറുത്തു.

നിറയുന്നില്ല ദുരിതാശ്വാസ നിധി

ചൂരൽമലയിൽ ഉരുൾപൊട്ടലുണ്ടായതിന്റെ തൊട്ടുപിന്നാലെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം തേടി മുഖ്യമന്ത്രി രംഗത്തെത്തി. മൂന്നു ദിവസം മുൻപു വരെ ദുരിതാശ്വാസ നിധിയിലേക്ക് 54 കോടിയാണ് എത്തിയത്. ക്രൗഡ് ഫണ്ടിങ് നടത്താതെ ആയിരം കോടിയെന്ന ഭീമമായ തുകയിലേക്ക് എത്തിച്ചേരാനും സാധിക്കില്ല. ദുരിതാശ്വാസ നിധിയിലേക്ക് സഹായം അഭ്യർഥിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയപ്പോൾ തന്നെ വിമർശനം ഉയർന്നു. പ്രധാനമായും ഉയർന്ന ചോദ്യം പണം ചെലവഴിച്ചതിന്റെ കണക്കിനെ സംബന്ധിച്ചായിരുന്നു. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയെങ്കിലും പണം വിനിയോഗിക്കുന്നതിൽ സുതാര്യത വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു.

ദുരിതാശ്വാസ നിധിയിലേക്ക് നൽകാതെ സഹായം നേരിട്ടു നൽകാം എന്നു പറഞ്ഞയാൾക്കെതിരെ കേസെടുത്തതിനെയും അദേഹം ചോദ്യം ചെയ്തു. ദുരിതാശ്വാസ നിധിയിലെ പണം ചെലവഴിച്ചതുമായി ബന്ധപ്പെട്ട ലോകായുക്ത കേസിൽ വിധി പ്രതികൂലമാകുമോ എന്ന് ഭയന്ന് ലോകായുക്തയുടെ അധികാരം തന്നെ വെട്ടിക്കുറച്ച് നിയമം പാസ്സാക്കിയതുൾപ്പെടെയുള്ള കാര്യങ്ങളാണ് ഈ ഘട്ടത്തിൽ ചർച്ചയായത്.

മുൻ മുഖ്യമന്ത്രി എ.കെ.ആന്റണി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുൾപ്പെടെയുള്ളവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകണമെന്ന് ആഹ്വാനം ചെയ്യുകയും അവർ പണം നൽകുകയും ചെയ്തു. എന്നിട്ടും ദുരിതാശ്വാസ നിധിയിലേക്ക് എത്തുന്ന തുക വേനൽക്കാലത്ത് മുണ്ടക്കൈ പുഴയിലെ വെള്ളം പോലെ വളരെ ശുഷ്കമാണ്. 

സംഭാവന വരുന്നുണ്ട് മറ്റു പലവഴിയും

ഫിലോകാലിയ എന്ന സന്നദ്ധ സംഘടന കഴിഞ്ഞ ദിവസം പുൽപ്പള്ളിയിൽ 25 വീടുകൾ നിർമിക്കാനുള്ള തറക്കല്ല് ഇട്ടു. മുസ്‌ലിം ലീഗ് പത്ത് കോടിയോളമാണ് സമാഹരിച്ചത്. വിശ്വശാന്തി ഫൗണ്ടേഷൻ 3 കോടി രൂപ ആദ്യഘട്ടമായി പ്രഖ്യാപിച്ചിരുന്നു. വിശ്വശാന്തി ഫൗണ്ടേഷനിലേക്കാണ് നടി സംയുക്ത മേനോൻ മൂന്ന് ലക്ഷം രൂപ സംഭാവന നൽകിയത്. ഇങ്ങനെ പല ആളുകളും പല എൻജിഒകൾക്കും സന്നദ്ധ സംഘടനകൾക്കും പണം നൽകുന്നുണ്ട്. 

10 ലക്ഷം; ആനവായിൽ അമ്പഴങ്ങ

എന്തു ദുരന്തം സംഭവിച്ചാലും അപകടം സംഭവിച്ചാലും പത്ത് ലക്ഷത്തിൽ കൂടുതൽ നൽകാൻ സർക്കാരിന് വകുപ്പില്ല. ചൂരൽമലയിൽ തകർന്ന പല വീടുകളും 75 ലക്ഷത്തിലധികം മുടക്കുള്ളവയാണ്. സ്ഥലവും വാഹനങ്ങളുമുൾപ്പെടെ കണക്ക് കൂട്ടുമ്പോൾ ഒരു വ്യക്തിക്ക് തന്നെ കോടികളാണ് നഷ്ടം. അങ്ങനെയുള്ള ആൾക്കാണ് 6 ലക്ഷം രൂപ സ്ഥലത്തിനും 4 ലക്ഷം രൂപ വീടിനുമായി അനുവദിക്കുന്നത്. ഈ തുക കൊണ്ട് ഒരാൾക്കും സ്ഥലം വാങ്ങി വീട് പണി പൂർത്തിയാക്കാൻ സാധിക്കില്ലെന്നത് വ്യക്തമാണ്. സർക്കാരിന് ഇത്തരം നിരവധി പരിമിതികളും കാലാതാമസവും നിയമപ്രശ്നങ്ങളുമുണ്ട്. പല വകുപ്പുകളിലൂടെ ഫയൽ കയറിയിറങ്ങി വരുമ്പോളേക്കും വർഷം കുറേ കഴിയും. അതേസമയം, സന്നദ്ധ സംഘടനകൾക്കും വ്യക്തികൾക്കും ഈ പ്രശ്നമില്ല. ഒറ്റ വർഷത്തിനുള്ളിൽ തന്നെ വീട് നിർമാണം പൂർത്തിയാക്കാൻ സാധിക്കും. 

വീടും അടിസ്ഥാന സൗകര്യങ്ങളും നിർമിച്ചു നൽകേണ്ടത് സർക്കാരാണെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. മുഴുവന്‍ രാഷ്രീയ പാര്‍ട്ടികളെയും സംയോജിചിപ്പിച്ച് സമഗ്രമായ പുനരധിവാസ പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പിലാക്കേണ്ടതെന്നാണ് മുസ്‌ലിം ലീഗ് നേതാവ് കെ.എം.ഷാജി പറഞ്ഞത്. സര്‍ക്കാര്‍ കൊടുക്കുന്നത് മാത്രമെ അഭിമാനത്തോടെ അവര്‍ക്ക് സ്വീകരിക്കാന്‍ കഴിയൂ. മറ്റുള്ളവയെല്ലാം ഔദാര്യമാകും. നികുതി പണത്തില്‍ അവരുടെ വിയര്‍പ്പിന്റെ അംശംകൂടിയുണ്ട് എന്നതാണ് അതിനു കാരണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കവളപ്പാറയിലേയും പുത്തുമലയിലേയും പുനരധിവാസം മറ്റൊരു ദുരന്ത ഉദാഹരണങ്ങളായി മുന്നിൽ നിൽക്കുകയാണ്. ചൂരൽമല, മുണ്ടക്കൈ പുനരധിവാസം മുൻ ഉദാഹരണങ്ങളുടെ പകർപ്പായി മാറരുതെന്ന ആവശ്യത്തിലാണ് ഉരുൾപൊട്ടൽ ദുരന്തബാധിതർ.

English Summary:

Wayanad Landslides: Will Mundakai and Chooralmala Be Rebuilt?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com