‘യുഎസ് ഗൂഢാലോചന; മൃതദേഹ ഘോഷയാത്ര കാണാൻ താൽപര്യമില്ല’: ഹസീനയുടെ കത്ത് പുറത്ത്
Mail This Article
ന്യൂഡൽഹി∙ ബംഗ്ലദേശിലെ പ്രക്ഷോഭത്തിനും അട്ടിമറിക്കും പിന്നിൽ യുഎസ് ആണെന്നു മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. പ്രക്ഷോഭത്തെ തുടർന്ന് രാജിവച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്യുന്നതിന് മുമ്പ് ബംഗ്ലദേശ് ജനതയെ അഭിസംബോധന ചെയ്യാൻ തയാറാക്കിയിരുന്ന പ്രസംഗത്തിലാണ് ഹസീനയുടെ ആരോപണം. ഈ പ്രസംഗത്തിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തായത്.
പ്രക്ഷോഭകാരികൾ ധാക്കയിലെ ഔദ്യോഗിക വസതിയിലേക്ക് എത്തുമെന്ന് ഉറപ്പായതോടെയാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം അഭിസംബോധനാ പ്രസംഗം ഹസീന ഒഴിവാക്കിയതെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സെന്റ് മാർട്ടിൻസ് ദ്വീപിന്റെ പരമാധികാരം യുഎസിന് കൈമാറാനും ബംഗാൾ ഉൾക്കടലിൽ അവരുടെ അപ്രമാദിത്വം തുടരാനും അനുവദിച്ചിരുന്നെങ്കിൽ തനിക്ക് ഭരണത്തിൽ തുടരാൻ സാധിക്കുമായിരുന്നുവെന്നും ഹസീന പ്രസംഗത്തിൽ ആരോപിക്കുന്നു.
‘‘രാജ്യത്ത് ഭരണമാറ്റമുണ്ടാകാൻ യുഎസ് ഗൂഢാലോചന നടത്തി. മൃതദേഹങ്ങളുടെ ഘോഷയാത്ര കാണാൻ താൽപര്യമില്ലാത്തതിനാലാണ് ഞാൻ രാജിവച്ചത്. വിദ്യാർഥികളുെട മൃതദേഹങ്ങൾക്കു മുകളിലൂടെ അധികാരം പിടിച്ചെടുക്കാനാണ് അവർ ആഗ്രഹിക്കുന്നത്. അത് ഞാൻ അനുവദിക്കില്ല. ഞാൻ പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കുന്നു. മതമൗലികവാദികളുടെ കൗശലങ്ങളിൽ വീണുപോകരുതെന്ന് രാജ്യത്തോട് അപേക്ഷിക്കുകയാണ്. ഇനിയും ബംഗ്ലദേശിൽ തുടർന്നാൽ കൂടുതൽ ജീവനുകൾ നഷ്ടപ്പെട്ടേക്കാം.’–പ്രസംഗത്തിൽ ഷെയ്ഖ് ഹസീന ആരോപിച്ചു.
ബംഗ്ലാദേശിന്റെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന സെന്റ് മാർട്ടിൻ ദ്വീപ് ലഭിക്കുന്നതോടെ, ബംഗാൾ ഉൾക്കടലിൽ യുഎസിന് വലിയ മേൽക്കോയ്മ ലഭിക്കുമായിരുന്നു.
പ്രതീക്ഷ നഷ്ടപ്പെടരുതെന്നും താൻ ഉടൻ മടങ്ങിവരുമെന്നും അവാമിലീഗിന്റെ പ്രവർത്തകരോട് ഷെയ്ഖ് ഹസീന തന്റെ പ്രസംഗത്തിലൂടെ പങ്കുവയ്ക്കാൻ ഉദ്ദേശിച്ചിരുന്നു. രാജ്യം വിടാനുള്ള തീരുമാനം വളരെ പ്രയാസമേറിയതാണ്. ജനങ്ങൾ തന്നെ തിരഞ്ഞെടുത്തതുകൊണ്ടാണ് താൻ അവരുടെ നേതാവായി മാറിയത്, ജനങ്ങളായിരുന്നു തന്റെ ശക്തിയെന്നും പ്രസംഗത്തിൽ ഷെയ്ഖ് ഹസീന പറയാനിരുന്നെന്നാണ് റിപ്പോർട്ട്.
അതേസമയം ബംഗ്ലാദേശിലെ ഹിന്ദു വിഭഗങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധി പേർ കാനഡയിൽ പ്രതിഷേധ പ്രകടനം നടത്തി. ബംഗ്ലാദേശിലെ ഹിന്ദുക്കളെ സംരക്ഷിക്കുന്നതിന് ഇടക്കാല സർക്കാരിൻമേൽ സമ്മർദ്ദം ചെലുത്താൻ കനേഡിയൻ സർക്കാർ തയ്യാറാകണമെന്നാവശ്യപ്പെട്ടാണ് നിരവധി പേർ ടൊറന്റോയിൽ പ്രതിഷേധ പ്രകടനം നടത്തിയത്.