ADVERTISEMENT

∙ ബംഗ്ലദേശിൽ ധാക്ക ഉൾപ്പെടെ നഗരങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാർ അനിശ്ചിതത്വത്തിലാണ്. എന്നാൽ, പ്രചരിപ്പിക്കപ്പെടുന്നതുപോലെ വലിയ ഭീതിയുടെയോ ഭീഷണിയുടെയോ അന്തരീക്ഷമില്ല. അവാമി ലീഗ് പ്രവർത്തകരുടെയും ന്യൂനപക്ഷങ്ങളുടെയും ഏതാനും സ്ഥാപനങ്ങളും വീടുകളും പ്രക്ഷോഭത്തിന്റെ ആദ്യദിനങ്ങളിൽ കൊള്ളയടിക്കപ്പെട്ടെന്നതു വാസ്തവമാണ്. പതിയെ സമാധാന അന്തരീക്ഷത്തിലേക്കു മടങ്ങുകയാണ് ബംഗ്ലദേശ്.

അവധി കഴിഞ്ഞു നാട്ടിൽനിന്ന് ഓഗസ്റ്റ് നാലിനാണു ധാക്കയിൽ വിമാനമിറങ്ങിയത്. പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീന പലായനം ചെയ്യുന്നതിന്റെ തലേന്ന്. വിമാനത്താവളത്തിലും പുറത്തും കവചിതവാഹനങ്ങളുണ്ടായിരുന്നു. ഷെയ്ഖ് ഹസീനയ്ക്ക് ഇന്ത്യ അഭയം നൽകിയതിനാൽ ഇന്ത്യൻ സമൂഹത്തോട് നാട്ടുകാരിൽ ഒരു വിഭാഗത്തിന് എതിർപ്പുണ്ട്. 95% ഇന്ത്യക്കാരും ബംഗ്ലദേശ് വിട്ടു. ധാക്കയിലെ ഇരുനൂറിലേറെ മലയാളികളിൽ പലരും നാട്ടിലേക്കു മടങ്ങി. മണിക്കൂറുകൾ വിമാനത്താവളത്തിൽ കാത്തുകിടന്നായിരുന്നു യാത്ര. എംബസിയിൽനിന്നു സഹായങ്ങൾ ഇല്ലെന്നുതന്നെ പറയാം.

പ്രക്ഷോഭത്തെത്തുടർന്ന് അടച്ചുപൂട്ടിയ സ്കൂളുകൾ തുറന്നിട്ടില്ല. നാളെ മുതൽ ഓൺലൈൻ ക്ലാസ് ആരംഭിക്കും. ഓഫിസുകളും ഫാക്ടറികളും പ്രവർത്തിച്ചുതുടങ്ങി. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകളും തുറന്നിട്ടുണ്ട്.

റോഡരികിലെ മതിലുകൾ വെള്ളയടിച്ച് വിപ്ലവ മുദ്രാവാക്യങ്ങൾ എഴുതുന്ന വിദ്യാർഥികളെ ധാക്കയിൽ കാണാം. ഭരണം മാറിയതിലെ സന്തോഷമാണെങ്ങും. ഏകാധിപത്യഭരണത്തിൽനിന്ന് ബംഗ്ലദേശിന്റെ ഉയിർത്തെഴുന്നേൽപായി വിദ്യാർഥിപ്രക്ഷോഭത്തെ സാധാരണക്കാർ കാണുന്നു.

ആൾക്കൂട്ടങ്ങൾ എല്ലാം നിയന്ത്രിക്കുന്ന സ്ഥിതി മാറിയിട്ടുണ്ട്. ഇടക്കാല സർക്കാരിൽ ഇന്ത്യക്കാരുൾപ്പെടെ വിശ്വാസം അർപ്പിക്കുന്നു. ഇടക്കാല സർക്കാർ മാറുമ്പോൾ വീണ്ടും 2 പാർട്ടികൾ തമ്മിലുള്ള യുദ്ധക്കളമായി രാജ്യം മാറിയാൽ എന്തായിരിക്കും അവസ്ഥയെന്നാണ് എല്ലാവരും ആലോചിക്കുന്നത്.

English Summary:

Dhaka Malayali Association President Meera Menon writes about situation in Bangladesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com