അഭയകേന്ദ്രമായ ഗാസയിലെ സ്കൂളിൽ ബോംബിട്ടു: 110 മരണം
Mail This Article
ജറുസലം ∙ ഗാസ സിറ്റിയിൽ പലസ്തീൻ അഭയാർഥി കുടുംബങ്ങളെ പാർപ്പിച്ചിരുന്ന സ്കൂളിൽ ഇന്നലെ രാവിലെ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 11 കുട്ടികളടക്കം 110 പേർ കൊല്ലപ്പെട്ടു. സ്ഫോടനത്തിൽ ചിതറിയ ശരീരഭാഗങ്ങളുടെ വിഡിയോ പുറത്തുവന്നതോടെ രാജ്യാന്തരതലത്തിൽ വൻപ്രതിഷേധമുയർന്നു. ബോംബാക്രമണത്തിൽ സ്കൂളിലെ 2 നിലകൾ തകർന്നെന്നും താഴെനിലയിൽ പ്രഭാതപ്രാർഥന നടന്നുകൊണ്ടിരിക്കുകയായിരുന്നുവെന്നും പലസ്തീൻ അധികൃതർ പറഞ്ഞു.
തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽനിന്ന് ഒഴിപ്പിക്കപ്പെട്ട പലസ്തീൻകാർ 70,000 ആയെന്ന് യുഎൻ പലസ്തീൻ അഭയാർഥി ഏജൻസി അറിയിച്ചു. അടിസ്ഥാനസൗകര്യങ്ങളില്ലാത്തതും ആളുകൾ തിങ്ങിനിറഞ്ഞതുമായ അൽ മവാസി മേഖലയിലേക്കാണ് ഇവർ പലായനം ചെയ്യുന്നത്. ഇതുവരെ ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിൽ 39,790 പലസ്തീൻകാർ കൊല്ലപ്പെട്ടു. 92,002 പേർക്കു പരുക്കേറ്റു.
ഇറാൻ–ഹിസ്ബുല്ല ഭീഷണി ചെറുക്കാനായി ഇസ്രയേലിന് 350 കോടി ഡോളറിന്റെ ആയുധങ്ങൾ കൂടി നൽകാൻ യുഎസ് തീരുമാനിച്ചു. ഗാസയിലെ സ്കൂളിനു നേരെയുണ്ടായ ബോംബാക്രമണത്തെ യൂറോപ്യൻ യൂണിയൻ, റഷ്യ, യുകെ, യുഎഇ, സൗദി അറേബ്യ, തുർക്കി എന്നീ രാജ്യങ്ങൾ അപലപിച്ചു. ആറായിരത്തോളം പേരാണ് സ്കൂളിൽ അഭയം തേടിയിരുന്നത്. അഭയാർഥിക്യാംപിൽ ഹമാസ് താവളമായ പള്ളിയിലാണു ബോംബാക്രമണം നടത്തിയതെന്നും മരണസംഖ്യ പെരുപ്പിച്ചു കാട്ടുകയാണെന്നും ഇസ്രയേൽ പ്രതികരിച്ചു. ഗാസയിലെ 564 സ്കൂളുകളിൽ 477 സ്കൂളുകളും ബോംബാക്രമണത്തിൽ തകർന്നതായി യുഎൻ അറിയിച്ചു. അതിനിടെ, ഈ മാസം 15നു ദോഹയിൽ വെടിനിർത്തൽ ചർച്ച പുനരാരംഭിക്കാനുള്ള നീക്കം ശക്തമായി. ചർച്ചയിൽ ഇസ്രയേൽ പങ്കെടുക്കുമെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്.