ADVERTISEMENT

കൊൽക്കത്ത∙ ആർ.ജി.കാർ സർക്കാർ മെഡിക്കൽ കോളജിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി സഞ്ജയ് റോയ് കൃത്യത്തിന് ശേഷം വസ്ത്രങ്ങൾ അലക്കിയതായി പൊലീസ്. വെള്ളിയാഴ്ച പുലർച്ചെ കൃത്യം നടത്തിയ ശേഷം ഇയാൾ താമസിച്ചിരുന്ന സ്ഥലത്തേക്ക് മടങ്ങിയതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് മദ്യലഹരിയിൽ ഉറങ്ങി. ഉറക്കമുണർന്ന ശേഷം തെളിവ് നശിപ്പിക്കാനായാണ് തന്റെ വസ്ത്രം കഴുകിയതെന്ന് ചോദ്യം ചെയ്യലിനിടെ പ്രതി സമ്മതിക്കുകയായിരുന്നു. സംഭവത്തിൽ നിർണായക തെളിവായ പ്രതിയുടെ ഷൂസും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ രക്തക്കറ ഉള്ളതായാണ് ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തിയത്.

അതേസമയം, പ്രതിയായ സഞ്ജയ് റോയ് അശ്ലീല വിഡിയോകൾ സ്ഥിരമായി കണ്ടിരുന്നതായി പൊലീസ് പറയുന്നത്. ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് നിരവധി അശ്ലീല വിഡിയോകളും കണ്ടെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി കൊൽക്കത്ത പൊലീസ് അറിയിച്ചു. കേസ് അന്വേഷിക്കുന്ന കൊൽക്കത്ത പൊലീസിന്റെ എസ്ഐടി സംഘം ഞായറാഴ്ച ഫൊറൻസിക് യൂണിറ്റിനൊപ്പം ആശുപത്രിയിലെ സെമിനാർ ഹാളിൽ നിന്ന് സാംപിളുകൾ ശേഖരിച്ചിരുന്നു.

ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന രണ്ട് സെക്യൂരിറ്റി ജീവനക്കാരെ കൊലപാതകം നടക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് പുറത്താക്കിയിരുന്നു. ചുമതലകൾ കൃത്യമായി നിർവഹിക്കാത്തതിനാണ് ആശുപത്രി അധികൃതർ ഇവരെ പുറത്താക്കിയത്. സെക്യൂരിറ്റി ജീവനക്കാരുടെ അഭാവം വനിതാ ഡോക്ടർക്കെതിരായ കുറ്റകൃത്യത്തിലേക്ക് നയിച്ചെന്നും ആശുപത്രി ജീവനക്കാർ ആരോപിക്കുന്നുണ്ട്. വെള്ളിയാഴ്ച രാവിലെയാണ് ആശുപത്രിയിലെ സെമിനാർ ഹാളിനുള്ളിൽ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനിയായ വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്.

അതിനിടെ, സമൂഹമാധ്യമങ്ങളിലൂെട അപമാനിതനാകുന്നു എന്ന് കാണിച്ച് ആർ.ജി. കാർ സർക്കാർ മെഡിക്കൽ കോളജ് പ്രിൻസിപ്പൾ രാജിവച്ചു. ഡോ. സന്ദീപ് ഘോഷാണ് പ്രിൻസിപ്പൾ സ്ഥാനം രാജിവച്ചത്.

English Summary:

Accused Washed His Clothes After Raping, Killing Kolkata Doctor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com