സിപിഎമ്മിനു വോട്ട് ചെയ്ത് മുസ്‌ലിം ലീഗ്; തൊടുപുഴ നഗരസഭ ചെയർപഴ്സനായി സബീന ബിഞ്ചു
Mail This Article
തൊടുപുഴ ∙ നഗരസഭയിൽ അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് പിന്തുണയിൽ സിപിഎമ്മിനു വിജയം. സിപിഎമ്മിന്റെ സബീന ബിഞ്ചു കോൺഗ്രസ് സ്ഥാനാർഥി ദീപക്കിനെ തോൽപിച്ച് നഗരസഭ ചെയർപഴ്സനായി. യുഡിഎഫ് 13, എൽഡിഎഫ് 12, ബിജെപി 8, സ്വതന്ത്രൻ 1 എന്നിങ്ങനെയായിരുന്നു കക്ഷിനില. ചെയർമാൻ സ്ഥാനത്തെച്ചൊല്ലിയുള്ള കോൺഗ്രസ്–മുസ്‌ലിം ലീഗ് ചർച്ച ഫലം കാണാത്തത്തിനെത്തുടർന്ന് ലീഗിന്റെ 5 കൗൺസിലർമാർ സിപിഎമ്മിന് വോട്ട് ചെയ്യുകയായിരുന്നു. ഇതോടെ നഗരസഭാ ഭരണം എൽഡിഎഫ് നിലനിർത്തി.
എൽഡിഎഫിന്റെ 2 കൗൺസിലർമാർ വിട്ടു നിന്നു. ഒരു സിപിഎം കൗൺസിലറുടെ വോട്ട് കോൺഗ്രസിനു ലഭിച്ചു. കോൺഗ്രസ് സ്ഥാനാർഥിക്ക് 10 വോട്ട് ലഭിച്ചു. സിപിഎമ്മിന് 14 വോട്ടും. തിരഞ്ഞെടുപ്പ് പൂർത്തിയായശേഷം നഗരസഭ പരിസരത്ത് കോൺഗ്രസ്– മുസ്‌ലിം ലീഗ് സംഘർഷം ഉണ്ടായി. ഇരു പാർട്ടിയിലെയും നേതാക്കൾ തമ്മിൽ ഉന്തുംതള്ളും നടന്നു. ‘സിപിഎം ഭരിക്കട്ടെ’ എന്ന മുദ്രാവാക്യം വിളിച്ചാണു ലീഗ് നേതാക്കൾ നഗരത്തിലൂടെ പ്രകടനം നടത്തിയത്.
ചെയർമാനായിരുന്ന സനീഷ് ജോർജ് കൈക്കൂലിക്കേസിൽ പ്രതിയായതിനെത്തുടർന്ന് രാജിവച്ചിരുന്നു. ഈ ഒഴിവിലാണ് പുതിയ ചെയർമാനെ തിരഞ്ഞെടുക്കാനായി തിരഞ്ഞെടുപ്പ് നടന്നത്. കൗൺസിലിൽ 13 പേരുടെ അംഗബലമുള്ള യുഡിഎഫിൽനിന്ന് ചെയർമാൻ വരുമെന്നാണ് കരുതിയിരുന്നത്. എന്നാൽ അവസാനഘട്ടത്തിൽ കോൺഗ്രസും ലീഗും ചെയർമാൻ സ്ഥാനത്തിനായി രംഗത്തു വരികയായിരുന്നു. 16 മാസം മാത്രം ഭരണകാലാവധി ശേഷിക്കെ, കോൺഗ്രസിനും ലീഗിനും 8 മാസം വീതം ചെയർപഴ്സൻ സ്ഥാനം വീതിച്ചു നൽകാമെന്നാണു തീരുമാനിച്ചിരുന്നത്. എന്നാൽ അവസാനം ഈ സാധ്യതയും അടഞ്ഞു.
ഒൻപതാം വാർഡിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി വിജയിച്ചതോടെ 35 അംഗ കൗൺസിലിൽ യുഡിഎഫിന് 13 അംഗങ്ങളായിരുന്നു. എൽഡിഎഫിനെ പിന്തുണച്ചിരുന്ന 11-ാം വാർഡ് കൗൺസിലർ മാത്യു ജോസഫിനെ ഹൈക്കോടതി അയോഗ്യനാക്കിയതോടെ എൽഡിഎഫ് അംഗങ്ങൾ 12 ആയി ചുരുങ്ങി.