ലങ്ക പിടിക്കാൻ നമല്‍: മോദിയോടും രാഹുലിനോടും അടുപ്പം, റഗ്ബി ക്യാപ്റ്റൻ; അയോധ്യയിൽ സന്ദർശനം
Mail This Article
ബംഗ്ലദേശില്‍ 17 വര്‍ഷം നീണ്ട ഭരണം അവസാനിപ്പിച്ച് ഷെയ്ഖ് ഹസീനയ്ക്ക് രാജ്യം വിടേണ്ടി വന്നപ്പോള്‍, മറുവശത്ത് രണ്ടുവര്‍ഷം മുൻപ് ശ്രീലങ്കയില്‍ സമാന അനുഭവം നേരിട്ട രാജപക്‌സെമാരുടെ ശ്രീലങ്ക പൊതുജന പെരമുന പാര്‍ട്ടി (എസ്എല്‍പിപി) തലമുറമാറ്റത്തിലൂടെ തിരിച്ചുവരവിനു ശ്രമിക്കുകയാണ്. സെപ്റ്റംബര്‍ 21ന് ശ്രീലങ്കയില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയുടെ മകന്‍ നമല്‍ രാജപക്‌സെയെയാണ് എസ്എല്‍പിപി പ്രസിഡന്റ് സ്ഥാനാര്‍ഥി. കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് 2022ല്‍ ജനകീയ പ്രക്ഷോഭത്തിലൂടെ രാജപക്‌സെ സര്‍ക്കാര്‍ പുറത്താക്കപ്പെട്ടതിനു ശേഷം നടക്കുന്ന ആദ്യത്തെ തിരഞ്ഞെടുപ്പ് എന്നതിനാല്‍ സെപ്റ്റംബര്‍ 21ലെ വിധിയെഴുത്ത് മഹിന്ദയ്ക്കും കുടുംബത്തിനും നിര്‍ണായകമാണ്.
∙ ആരാണ് നമല്‍ രാജപക്‌സെ ?
രാജപക്‌സെ കുടുംബത്തിലെ മൂന്നാംതലമുറയുടെ പ്രതിനിധി. മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയുടെ മൂത്തമകനാണ് 38 വയസ്സുകാരനായ നമല്‍. ലണ്ടനിലെ സിറ്റി യൂണിവേഴ്‌സിറ്റിയില്‍നിന്ന് നിയമബിരുദം നേടിയ നമല്‍ 2010 ല്‍ 24–ാം വയസ്സിലാണ് രാഷ്ട്രീയ പ്രവേശനം നടത്തുന്നത്. 2005ല്‍ പ്രസിഡന്റാകുന്നതുവരെ മഹിന്ദ പ്രതിനിധാനം ചെയ്തിരുന്ന ഹംബൻതോട്ട മണ്ഡലത്തില്‍നിന്ന് നമല്‍ പാര്‍ലമെന്റിലേക്ക് മത്സരിച്ച് വിജയിച്ചു. 2015ലും 2020ലും ഹംബന്‍തോട്ടയില്‍നിന്ന് വീണ്ടും വിജയിച്ചു. 2020ല്‍ ഗോട്ടബയ രാജപക്‌സെ മന്ത്രിസഭയില്‍ നമല്‍ കായിക മന്ത്രിയായി. 2022ല്‍ ജനകീയ പ്രക്ഷോഭത്തില്‍ ഗോട്ടബയ സര്‍ക്കാര്‍ രാജിവയ്ക്കാന്‍ നിര്‍ബന്ധിതരായതോടെ നമലിനും മന്ത്രിസ്ഥാനം നഷ്ടമായി. എങ്കിലും എംപിയായി തുടര്‍ന്നു.
1948ല്‍ സ്വാതന്ത്ര്യം ലഭിച്ചതു മുതല്‍ ശ്രീലങ്കന്‍ രാഷ്ട്രീയത്തെയും രാജ്യത്തെയും നിയന്ത്രിച്ചതില്‍ ഏറിയപങ്കും രാജപക്‌സെ കുടുംബമാണ്. ഏഴു പതിറ്റാണ്ടു നീണ്ട സ്വതന്ത്ര ശ്രീലങ്കയുടെ ചരിത്രത്തില്‍ രാജപക്‌സെ കുടുംബത്തില്‍നിന്ന് ഒട്ടേറെപ്പേര്‍ രാജ്യത്തിന്റെ ഉന്നതസ്ഥാനങ്ങളിലെത്തി. മുതിര്‍ന്നവര്‍ കേന്ദ്രത്തില്‍ പ്രധാനമന്ത്രിയും പ്രസിഡന്റും മറ്റ് ഉന്നത പദവികളും വഹിച്ചപ്പോള്‍ അടുത്ത തലമുറയിലെ അംഗങ്ങളെ എംഎല്‍എയും എംപിമാരുമാക്കി വളര്‍ത്തിക്കൊണ്ടുവരാനും രാജപക്‌സെമാര്‍ മറന്നില്ല.
2005 മുതല്‍ 2015 വരെ നമലിന്റെ പിതാവ് മഹിന്ദ രാജപക്‌സെ ശ്രീലങ്കന്‍ പ്രസിഡന്റായിരുന്നു. രാജ്യത്തെ ഭൂരിപക്ഷ ബുദ്ധ-സിംഹള വിഭാഗത്തിന്റെ ശക്തമായ പിന്തുണ മഹിന്ദയെ തുണച്ചു. 2009ല്‍ 25 വര്‍ഷം നീണ്ട ആഭ്യന്തരയുദ്ധം അവസാനിപ്പിച്ച് എല്‍ടിടിഇയെ നാമാവശേഷമാക്കിയതോടെ ആ പിന്തുണ വീണ്ടും വര്‍ധിച്ചു. 2015ല്‍ മൈത്രിപാല സിരിസേനയോട് പരാജയപ്പെട്ടതോടെ മഹിന്ദ അധികാരത്തില്‍നിന്നിറങ്ങി. 2020ലെ തിരഞ്ഞെടുപ്പില്‍ രാജപക്‌സെ കുടുംബം തിരിച്ചുവന്നു. മഹിന്ദയ്ക്ക് പകരം സഹോദരന്‍ ഗോട്ടബയ രാജപക്‌സെ പ്രസിഡന്റായി. എന്നാല്‍ രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയും അതിനു കാരണം രാജപക്‌സെമാരുടെ അഴിമതിയും പിടിപ്പുകേടുമാണെന്ന ആരോപണം 2022ല്‍ ജനകീയ പ്രക്ഷോഭമായി വഴിമാറുകയും ചെയ്തതോടെ ഗോട്ടബയയ്ക്ക് രാജിവച്ച് രാജ്യം വിടേണ്ടി വന്നു.
∙ പിടിവിടാതെ വിവാദങ്ങളും
നമലിന്റെ രാഷ്ട്രീയപ്രവേശനം മുതല്‍ കുടുംബവാഴ്ചയെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. മഹിന്ദയുടെ സ്വന്തം മണ്ഡലമായ ഹംബന്‍തോട്ടയില്‍ നമലിനെ മത്സരിപ്പിച്ചത് പില്‍ക്കാലത്ത് രാജപക്‌സെ കുടുംബത്തിന്റെ പുതിയ മുഖമായി അവതരിപ്പിക്കാനാണെന്ന് 2010ല്‍ത്തന്നെ ആരോപണങ്ങളുണ്ടായി. സാമ്പത്തിക തട്ടിപ്പ് കേസില്‍ 2016ല്‍ മൈത്രിപാല സര്‍ക്കാര്‍ നമലിനെ അറസ്റ്റു ചെയ്തിരുന്നു. ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ ആഡംബര ഹോട്ടല്‍ നിര്‍മിക്കുന്നതുള്‍പ്പെടെയുള്ള 65 കോടി ഡോളറിന്റെ പദ്ധതി ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് കമ്പനിക്കു നല്‍കുന്നതിനായി നമലും സഹോദരന്‍ യോഷിതയും പണം വാങ്ങിയെന്നായിരുന്നു ആരോപണം.
ഹംബൻതോട്ടയിലെ ആശുപത്രി നിര്‍മാണ പദ്ധതിയുടെ പേരില്‍, ഓസ്‌ട്രേലിയന്‍ മെഡിക്കല്‍ കമ്പനിയായ ആസ്‌പെനില്‍നിന്ന് നമല്‍ 43 ലക്ഷം യൂറോയോളം കൈപ്പറ്റിയെന്ന് 2022ലും ആരോപണമുയര്‍ന്നു. വന്‍കിട ഹെല്‍ത്ത് പദ്ധതികളില്‍ മുന്‍പരിചയമില്ലാത്ത ആസ്‌പെന്‍ കമ്പനി ഹംബൻതോട്ടയിലെ ആശുപത്രി പദ്ധതി ലഭിക്കാനായി ബ്രിട്ടിഷ് വിര്‍ജിന്‍ ഐലന്‍ഡിലുള്ള സബ്രെ വിഷന്‍ ഹോള്‍ഡിങ് എന്ന കമ്പനിക്ക് ലക്ഷക്കണക്കിന് യൂറോ കൈമാറിയെന്നും നമലുമായി അടുത്ത ബന്ധമുള്ള നിമല്‍ പെരേര എന്നയാളുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് സബ്രെ വിഷനെന്നും ഓസ്‌ട്രേലിയന്‍ ബ്രോഡ്കാസ്റ്റ് കോര്‍പറേഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. നമലിന്റെ അക്കൗണ്ടുകളിലേക്കാണ് തുക കൈമാറിയതെന്ന് നിമല്‍ പെരേര പിന്നീട് സമ്മതിക്കുകയും ചെയ്തിരുന്നു. പിന്നീട് ഗോട്ടബയ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു പിന്നാലെ നമലിനെ ഈ കേസുകളില്‍നിന്ന് കുറ്റവിമുക്തനാക്കി.
എംപി എന്നതിനപ്പുറം സര്‍ക്കാരില്‍ ഒരു പദവിയും ഇല്ലാതിരുന്നിട്ടും ഐക്യരാഷ്ട്ര സംഘടനയിലേക്കും പലസ്തീന്‍, ജപ്പാന്‍ തുടങ്ങിയ ഇടങ്ങളിലേക്കും നമല്‍ പലവട്ടം സര്‍ക്കാര്‍ ചെലവില്‍ നടത്തിയ വിദേശയാത്രകളും ചോദ്യം ചെയ്യപ്പെട്ടു. 2010ല്‍ എംപിയായിരിക്കുമ്പോള്‍ത്തന്നെ ശ്രീലങ്കന്‍ ദേശീയ റഗ്ബി ടീമിന്റെ ക്യാപ്റ്റനായും നമലിനെ നിയമിച്ചതാണ് മറ്റൊരു വിവാദം. 2014 വരെ നമല്‍ ക്യാപ്റ്റന്‍ സ്ഥാനത്തു തുടര്‍ന്നു. ശ്രീലങ്കന്‍ റഗ്ബി താരം വസിം താജുദീന്റെ മരണത്തില്‍ നമലിന് പങ്കുണ്ടെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
∙ മുന്‍തൂക്കം ആര്‍ക്ക് ?
നമലിനെ മുന്‍നിര്‍ത്തി രാജപക്‌സെ കുടുംബം ശ്രീലങ്കയില്‍ തിരിച്ചുവരവിന് ശ്രമിക്കുന്നുണ്ടെങ്കിലും ഇത്തവണ അതിന് സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. നിലവിലെ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ, പ്രതിപക്ഷമായ സമാഗി ജന ബലവേഗയ (എസ്‌ജെബി) പാര്‍ട്ടിയുടെ സജിത്ത് പ്രേമദാസ, ജനത വിമുക്തി പെരമുനയുടെ സ്ഥാനാര്‍ഥി അനുര കുമാര ദിശനായകെ എന്നിവരാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നമലിന്റെ എതിരാളികള്‍. രാജ്യത്തിന്റെ സാമ്പത്തിക തകര്‍ച്ചയുടെ പ്രധാന കാരണം രാജപക്‌സെ കുടുംബഭരണമാണെന്നായിരുന്നു 2022ലെ ജനകീയ പ്രക്ഷോഭത്തിന്റെ പ്രധാന ആരോപണം. അന്നത്തെ മുറിവുകൾ ഇന്നും ശ്രീലങ്കയുടെ മനസ്സിൽനിന്ന് പൂർണമായും ഉണങ്ങിയിട്ടില്ല.
2022ല്‍ ഗോട്ടബയ സര്‍ക്കാര്‍ രാജിവച്ചശേഷം കാലാവധി പൂര്‍ത്തിയാക്കാന്‍ പ്രസിഡന്റായി നിയമിച്ച റനില്‍ വിക്രമസിംഗെ, കുമാര ദിശനായകെ എന്നിവര്‍ക്ക് ഇത്തവണ തിരഞ്ഞെടുപ്പിൽ നേരിയ മുന്‍തൂക്കം കൽപിക്കപ്പെടുന്നു. സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച വിക്രമസിംഗെയ്ക്ക് എസ്എല്‍പിപിയുടെ തൊണ്ണൂറോളം അംഗങ്ങള്‍ പിന്തുണ പ്രഖ്യാപിച്ചതും നമലിന്റെ സാധ്യത കുറയ്ക്കുന്നു. ഇവരുമായി ചര്‍ച്ച നടത്തുമെന്ന് നമല്‍ പറഞ്ഞെങ്കിലും പൂര്‍ണമായും ഫലം കാണണമെന്നില്ല. തകര്‍ന്നടിഞ്ഞ ശ്രീലങ്കയുടെ സമ്പദ് വ്യവസ്ഥയെ വീണ്ടും ശക്തിപ്പെടുത്താന്‍ വിക്രമസിംഗെയ്ക്ക് കഴിഞ്ഞിട്ടുണ്ട്. 2022 സെപ്റ്റംബറില്‍ 70 ശതമാനമായി കുതിച്ചുയര്‍ന്ന പണപ്പെരുപ്പ നിരക്ക് രണ്ടുവര്‍ഷം കൊണ്ട് 1.7 ശതമാനമാക്കി കുറയ്ക്കാന്‍ വിക്രമസിംഗെയുടെ നേതൃത്വത്തിലുള്ള ഭരണത്തിനായി. വിദേശനാണ്യശേഖരം മെച്ചപ്പെട്ട നിലയിലെത്തിച്ചു.
രാജ്യാന്തര നാണയനിധിയില്‍ (ഐഎംഎഫ്) നിന്നുള്ള 290 കോടി ഡോളറിന്റെ സഹായപദ്ധതിയാണ് ഇതിനെല്ലാം താങ്ങായതെങ്കിലും ഐഎംഎഫിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാനായി നികുതി വര്‍ധനയുള്‍പ്പെടെയുള്ള നടപടികളെടുക്കേണ്ടി വന്നത് വിക്രമസിംഗെയ്ക്ക് പ്രതികൂല ഘടകമാണ്. ഐഎംഎഫ് മാനദണ്ഡങ്ങള്‍ ഒഴിവാക്കി സമ്പദ് വ്യവസ്ഥയെ മെച്ചപ്പെടുത്തുമെന്നാണ് ദിശനായകെയുടെ വാഗ്ദാനം. എന്തായാലും നമലിന് സാധ്യതയില്ലെന്ന് ഏറക്കുറെ വ്യക്തമാണെങ്കിലും നേതൃമാറ്റത്തിലൂടെ പാര്‍ട്ടിനയങ്ങളില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് എന്നെങ്കിലും ജനങ്ങളെ ബോധ്യപ്പെടുത്താനാണ് എസ്എല്‍പിപിയുടെ ശ്രമം.
∙ ഇന്ത്യയുമായുള്ള ബന്ധമെങ്ങനെ?
ഇന്ത്യയുമായി പൊതുവില്‍ മികച്ച ബന്ധം സൂക്ഷിക്കുന്നയാളാണ് നമല്‍ രാജപക്‌സെ. അടുത്തിടെ അയോധ്യ രാമക്ഷേത്രത്തിലെത്തിയ നമല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിക്കുകയും സിംഹള ഭാഷയിലെഴുതിയ രാമായണം കൈമാറുകയും ചെയ്തിരുന്നു. രാഹുല്‍ ഗാന്ധി, സല്‍മാന്‍ ഖാന്‍ തുടങ്ങിയ പ്രമുഖരോടും നമല്‍ സൗഹൃദം സൂക്ഷിക്കുന്നു. അടുത്തിടെ നടന്ന അനന്ത് അംബാനി-രാധിക മര്‍ച്ചന്റ് വിവാഹത്തിനായും ഇന്ത്യയിലെത്തി.
രാഷ്ട്രീയമായി ബുദ്ധ-സിംഹള പിന്തുണയില്‍ മുന്നോട്ടുപോകുമ്പോഴും കടുത്ത തമിഴ് വിരുദ്ധ നിലപാടില്‍നിന്ന് മുഖംതിരിച്ചു നില്‍ക്കുന്ന നയമാണ് നമല്‍ ഇതുവരെ സ്വീകരിച്ചത്. ശ്രീലങ്കന്‍ തമിഴ് വംശജരില്‍ രണ്ടാം തലമുറ രാഷ്ട്രീയനേതാക്കളില്ലെന്നും അതുണ്ടാകണമെന്നും 2018ല്‍ ഇന്ത്യന്‍ ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നമല്‍ പറഞ്ഞിട്ടുണ്ട്. ചൈനീസ് അനുകൂല നിലപാടാണ് മഹിന്ദ രാജപക്‌സെ പുലര്‍ത്തിയിരുന്നതെങ്കിലും ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയില്‍ പക്ഷപാതരഹിതമായ കാഴ്ചപ്പാടാണ് നമലിനുള്ളതെന്ന് അദ്ദേഹത്തിന്റെ മുൻപുള്ള പ്രസ്താവനകള്‍ വ്യക്തമാക്കുന്നു.