കാറിൽ മദ്യലഹരിയിൽ യുവാക്കളുടെ അഭ്യാസപ്രകടനം; 3 പേര് അറസ്റ്റിൽ- വിഡിയോ
Mail This Article
കൊച്ചി ∙ മദ്യലഹരിയിൽ കാറിൽ അഭ്യാസ പ്രകടനം നടത്തിയ യുവാക്കൾ അറസ്റ്റിൽ. ഷാഫി ഷാജഹാൻ (23), എൻ.എസ്.ഷുഹൈബ് (24), പി.പ്രജീഷ് (23) എന്നിവരാണ് അറസ്റ്റിലായത്. കൊച്ചി നഗരത്തിലെ എംജി റോഡിൽ ഇന്നലെ രാത്രി രണ്ടു മണിക്കായിരുന്നു യുവാക്കളുടെ അഭ്യാസ പ്രകടനം. ഒരാൾ കാറോടിക്കുകയും രണ്ടു പേർ കാറിന്റെ വശങ്ങളിലൂടെ ദേഹം പുറത്തേക്കിട്ട് എഴുന്നറ്റ് നിന്ന് യാത്ര ചെയ്യുകയായിരുന്നു.
പുറകെ വന്ന വാഹനത്തിനുള്ളിൽ സഞ്ചരിച്ചവർ റെക്കോർഡ് ചെയ്ത വിഡിയോ ആണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ളത്. ഇവർ പൊലീസിനെ അറിയിച്ചതിനെ തുടർന്ന് കൊച്ചി സെൻട്രൽ പൊലീസ് എത്തി 3 പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവർ കൊല്ലം ശാസ്താംകോട്ട സ്വദേശികളാണെന്നാണ് പൊലീസ് അറിയിച്ചിട്ടുള്ളത്.
കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേ എംജി റോഡിലെത്തിയപ്പോഴായിരുന്നു അഭ്യാസപ്രകടനം. ഇവർ മദ്യലഹരിയിൽ ആയിരുന്നെന്നും പൊലീസ് വ്യക്തമാക്കി. മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിച്ചതിനാണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്. മോട്ടർ വാഹന വകുപ്പ് നിയമങ്ങൾ അനുസരിച്ചും കേസെടുത്തിട്ടുണ്ട്. സെൻട്രൽ പൊലീസ് സ്റ്റേഷനിൽ ആണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ലൈസൻസ് കോടതിയിൽ ഹാജരാക്കും. വീട്ടുകാർ എത്തിയ ശേഷം കസ്റ്റഡിയിലുള്ള പ്രതികളെ വിട്ടയക്കും.