ADVERTISEMENT

ഷിരൂർ ∙ ഗംഗാവലി പുഴയിൽ നടത്തിയ തിരച്ചിലിൽ വാഹനങ്ങളുടെ ഓരോ യന്ത്ര ഭാഗങ്ങൾ കിട്ടുമ്പോഴും അത് അർജുന്റെ ലോറിയുടേത് ആകുമോ എന്നതായിരുന്നു ആശങ്ക. എന്നാൽ ലഭിച്ച മൂന്നു പാർട്സുകളിൽ ഒന്നുപോലും അർജുന്റെ ലോറിയുമായി നേരിട്ട് ബന്ധപ്പെട്ടതല്ല. വിവിധ വാഹനങ്ങളുടേതായ ഹൈഡ്രോളിക് ജാക്കി, സൈഡ് ആംഗ്ളർ, ബാറ്ററി ബോക്സ് ഡോർ ഇത്രയുമാണു ഗംഗാവലി പുഴയിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. ജാക്കി അർജുന്റെ ലോറിയിലെ ആണെന്നു സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇതടക്കം ഒന്നും നേരിട്ട് അർജുന്റെ ലോറിയുടെ പാർട്സുകളല്ല. ലോറി പൂർണമായോ ഭാഗികമായോ തകർന്നു പാർട്സുകൾ വേർപെട്ടിരിക്കാനുള്ള സാധ്യത വിരളമാണ് എന്ന സൂചനയാണ് ഇതു നൽകുന്നത്. ഹൈഡ്രോളിക് ജാക്കി അപകട സമയത്ത് ലോറിയിൽനിന്നു തെറിച്ച് പുഴയിലേക്ക് വീണതാവാനാണു സാധ്യത.

അർജുന്റെ ലോറിയിലുണ്ടായിരുന്നതായി കരുതുന്നതും പരിശോധനയിൽ ലഭിച്ചതുമായ ഹൈഡ്രോളിക് ജാക്കി അർജുൻ ഓടിച്ച ഭാരത് ബെൻ‍സിന്റെ 3523ആർ മോഡൽ ലോറിയുടെ ഭാഗമല്ല. ഇത് ഭാരത് ബെൻസ് കമ്പനിയിൽ നിന്നല്ലാതെ പുറമേനിന്നു വാങ്ങി ലോറിയിൽ വച്ചതാണെന്ന് ലോറി ഉടമ മനാഫും വ്യക്തമാക്കി. 

25 ടൺ ലോഡ് കയറ്റാനുള്ള പെർമിറ്റുള്ള ലോറിയാണ് അർജുൻ ഓടിച്ചിരുന്ന 3523ആർ മോഡൽ ലോറി. ഈ ലോറിയുടെ ഗ്രോസ് വെഹിക്കിൾ വെയ്റ്റ് (ജിവിഡബ്ല്യു) 35,000 കിലോഗ്രാം ആണ്. ലോറിയുടെ എൻജിൻ ഉൾപ്പെടെയുള്ള ഭാരവും ലോഡും അടക്കം ഈ വാഹനത്തിൽ ആകെ കയറ്റാവുന്ന ഭാരമാണിത്. 230 എച്ച്പി ആണ് വാഹനത്തിന്റെ പവർ. ഇത്തരം ലോറികൾക്ക് ഭാരത് ബെൻസ് കമ്പനി ലോറിയോടൊപ്പം ഷോറൂമിൽനിന്ന് ഹൈഡ്രോളിക് ജാക്കി കൊടുക്കുന്നില്ല.

5 ടണ്ണിൽ താഴെ ഭാരം കയറ്റാവുന്ന വാഹനങ്ങൾക്കു മാത്രമാണ് ബെൻസ് കമ്പനി ഹൈഡ്രോളിക് ജാക്കി നൽകുന്നത്. അതിനാൽ ജാക്കി കിട്ടിയപ്പോൾ അത് അർജുന്റെ ലോറിയുടെ ആണെന്ന് സ്ഥീരീകരിച്ചത് ഭാരത് ബെൻസ് കമ്പനി അല്ല. ലോറി ഉടമ നേരിട്ടാണ്. ജാക്കിക്കു പുറമേ പുഴയിൽനിന്നു കിട്ടിയിരിക്കുന്ന മറ്റൊരു ഭാഗം ലോറിയുടെ സൈഡ് ആംഗ്ലർ ആണ്. ഇതും അർജുന്റെ ലോറിയുടെ അല്ല. 10 വർഷത്തിലേറെ പഴക്കമുള്ളതാണ് ഈ സൈഡ് ആംഗ്ളർ, അർജുന്റെ ലോറി 2 വർഷത്തിൽ താഴെ മാത്രം പഴക്കമുള്ളതാണ്. അതിനാൽ ഇത് മണ്ണിടിച്ചിലിൽപ്പെട്ട ടാങ്കർ ലോറിയുടെ ആണെന്നു കരുതുന്നു. മാത്രമല്ല സൈഡ് ആംഗ്ലർ കിട്ടിയാലും അത് അർജുന്റെ ലോറിയുടെ ആണെന്ന് സ്ഥിരീകരിക്കുക എളുപ്പമല്ല. ഭാരത് ബെൻസ് കമ്പനി ലോറി പൂർണ രൂപത്തിലല്ല നൽകുന്നത്. അതിന്റെ ചേസ് മാത്രമാണ്. പിന്നീട് ഉടമയാണ് ബോഡി വർക്ക് ചെയ്യുന്നത്. അതിനാൽ സൈഡ് ആംഗ്ലറും പുറമെ വർക്ക് ഷോപ്പിൽനിന്ന് ചെയ്തതാവും.

ബാറ്ററി ബോക്സ് ഡോർ ലഭിച്ചത് അർജുന്റെ ലോറിയുടെ ആകുമെന്ന സംശയം തുടക്കത്തിൽ ഉണ്ടായിരുന്നെങ്കിലും പിന്നീട് അതും മറ്റൊരു ടാങ്കർ ലോറിയുടെ ആണെന്നു വ്യക്തമായി. ബുധനാഴ്ച രാവിലെ 8ന് മൽപെയുടെ നേതൃത്വത്തിൽ 4 പേരുടെ സംഘം തിരച്ചിൽ തുടരും. നാവികേസേന, എൻഡിആർഎഫ്, എസ്ഡിആർഎഫ് എന്നിവയും തിരച്ചിലിന് എത്തിയേക്കും. പുഴയിലെ ഒഴുക്ക് 2 നോട്സിൽ താഴെ ആയിരുന്നെന്നും നല്ല തെളിച്ചമുള്ള വെള്ളമായതിനാൽ അടിത്തട്ടിലെ ദൃശ്യങ്ങൾ വ്യക്തമാണെന്നും ഈശ്വർ മൽപെ പറഞ്ഞു. മഞ്ചേശ്വരം എംഎൽഎ എ.കെ.എം.അഷറഫും തിരച്ചിൽ സ്ഥലത്തുണ്ടായിരുന്നു.

English Summary:

Arjun's Lorry Still Missing: Search Expands with Navy, NDRF, SDRF Joining Efforts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com