കയർ അർജുന്റെ ലോറിയിലേത്, മനാഫ് സ്ഥിരീകരിച്ചു; നാളെ തിരച്ചിലില്ലെന്ന് കാർവാർ എംഎൽഎ
Mail This Article
ഷിരൂർ∙ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനായി നാവികസേന ഗംഗാവലി പുഴയിൽ നടത്തിയ തിരച്ചിലിൽ ലോഹഭാഗങ്ങളും കയറും കണ്ടെത്തി. കയർ തന്റെ ലോറിയിൽ ഉപയോഗിച്ചിരുന്നതാണെന്നും ലോഹ ഭാഗങ്ങൾ തന്റെ ലോറിയുടേതല്ലെന്നും ഉടമ മനാഫ് പറഞ്ഞു. പുഴയിൽ തടിയുടെ കഷ്ണത്തിൽ കുരുങ്ങിയ നിലയിലായിരുന്നു കയർ. നേവി സംഘം കയർ മുറിച്ചെടുത്ത് ലോറി ഉടമ മനാഫിനെ കാണിക്കുകയായിരുന്നു. കഴിഞ്ഞ ദിവസത്തെ തിരച്ചിലിൽ ലോറിയുടെ ഹൈഡ്രോളിക് ജാക്കി പുഴയിൽനിന്ന് കണ്ടെത്തിയിരുന്നു. മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെയും തിരച്ചിലിന് നേവിയെ സഹായിക്കുന്നുണ്ട്. കയർ കണ്ടെത്തിയ ഭാഗത്താണ് ഇപ്പോൾ നേവി തിരച്ചിൽ നടത്തുന്നത്. ഇന്ന് വൈകിട്ടുവരെ തിരച്ചിൽ നടത്തും. നാളെ തിരച്ചിലുണ്ടാകില്ല.
അര്‍ജുനു പുറമെ കര്‍ണാടക സ്വദേശികളായ ജഗന്നാഥ്, ലോകേഷ് എന്നിവരെയും കണ്ടെത്താനുണ്ട്. അതേസമയം തിരച്ചില്‍ നടക്കുന്നിടത്തു മാധ്യമങ്ങളെ പൊലീസ് വിലക്കി. പ്രദേശത്തുനിന്നും മാധ്യമപ്രവര്‍ത്തകരെ പൊലീസ് നീക്കി ബാരിക്കേടുകള്‍ സ്ഥാപിച്ചു. സുരക്ഷ കണക്കിലെടുത്താണു നിയന്ത്രണം എർപ്പെടുത്തിയിരിക്കുന്നതെന്നാണു വിശദീകരണം. ഞങ്ങള്‍ക്കു ഞങ്ങളുടെ പണിയുണ്ടെന്നായിരുന്നു മാധ്യമങ്ങളെ തടയവേ എസ്പി പറഞ്ഞത്. അര്‍ജുന്റെ ബന്ധു ജിതിനെയും പ്രദേശത്തു നിന്നും മാറ്റി. മാറി നില്‍ക്കാനാണു പറഞ്ഞത്. അര്‍ജുന്റെ ബന്ധുവാണെന്നു അറിയാതെയാണോ നടപടിയെന്നു സംശയിക്കുന്നെന്നും ജിതിന്‍ പറഞ്ഞു.