‘എംഡിക്ക് ഗോൾഡ് മെഡൽ നേടണം’: മകളുടെ അവസാന ഡയറിക്കുറിപ്പുമായി കൊൽക്കത്തയിലെ പിതാവ്
![kolkata-doctor-murder-protest കൊൽക്കത്തയിൽ പിജി ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിക്കുന്ന മെഡിക്കൽ വിദ്യാർഥികൾ. ചിത്രം: റോയിട്ടേഴ്സ്](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2024/8/14/kolkata-doctor-murder-protest.jpg?w=1120&h=583)
Mail This Article
കൊൽക്കത്ത∙ ‘‘എംഡിക്ക് ഗോൾഡ് മെഡൽ നേടണം’’– കൊൽക്കത്തയിൽ ആർ.ജി.കാർ മെഡിക്കൽ കോളജിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട മെഡിക്കൽ പിജി വിദ്യാർഥിനി അവസാനമായി ഡയറിത്താളിൽ എഴുതിവച്ച വാചകങ്ങളാണിത്. മാധ്യമങ്ങൾക്കുമുന്നിൽ മകളുടെ പഠനത്തോടുള്ള താൽപ്പര്യത്തെക്കുറിച്ചും ജീവിതത്തിന്റെ ഏടുകളെക്കുറിച്ചും പറഞ്ഞ പിതാവിന് ഈ ഡയറിത്താളുകൾ എന്നെന്നും ഇനി നീറുന്ന ഓർമയായിത്തീരും. മകൾ കൊല്ലപ്പെടുന്ന ദിവസമെഴുതിയ ഡയറിക്കുറിപ്പാണു പിതാവ് മാധ്യമങ്ങളുമായി പങ്കുവച്ചത്.
‘‘ദിവസവും 10-12 മണിക്കൂർ വരെ പഠിക്കുമായിരുന്നു. സ്വന്തം സ്വപ്നങ്ങൾക്കുവേണ്ടി ഏതറ്റം വരെ കഷ്ടപ്പെടാനും അവൾ തയാറായിരുന്നു. അവസാന ഡയറിക്കുറിപ്പിൽപ്പോലും എന്താണു ജീവിതത്തിൽ നേടേണ്ടതെന്ന് അവൾ വെളിപ്പെടുത്തിയിരുന്നു. എംഡി പഠനത്തിന്റെ പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കി സ്വർണമെഡൽ നേടണമെന്ന് അവൾ കുറിച്ചിരുന്നു. മെഡിക്കൽ പ്രഫഷനോടും ജീവിതത്തോടുമുള്ള അവളുടെ ആത്മാർഥതയാണ് അതിൽനിന്നുവെളിവാകുന്നത്. കഠിനാധ്വാനം ചെയ്താണ് അവൾ മെഡിക്കൽ ബിരുദം കരസ്ഥമാക്കിയത്. അവൾക്കായി കുടുംബം നിരവധിക്കാര്യങ്ങൾ ത്യജിച്ചു. ഇപ്പോൾ ഞങ്ങളുടെ ജീവിതം തകർന്നു. നീതി കിട്ടുമെന്നതിൽ മാത്രമാണു പ്രതീക്ഷ. സമാധാനമാകില്ലെങ്കിലും പ്രതിക്കു ശിക്ഷ ലഭിച്ചാൽ കുറച്ച് ആശ്വാസമുണ്ടാകും.’’– പിതാവു കൂട്ടിച്ചേർത്തു.
രാത്രി ഡ്യൂട്ടിക്കു പോരുന്നതിനു മുന്നോടിയായാണ് അവൾ ഡയറിയിൽ ഈ വരികൾ കുറിച്ചിട്ടതെന്നു പിതാവിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണു കൊൽക്കത്തയിലെ സർക്കാർ ആശുപത്രിയായ ആർ.ജി.കാർ മെഡിക്കൽ കോളജിലെ പിജി മെഡിക്കൽ വിദ്യാർഥിനിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ നിലയിൽ ആശുപത്രിയിലെ സെമിനാർ ഹാളിൽ കണ്ടെത്തിയത്. സഹപ്രവർത്തകർക്കൊപ്പം ഭക്ഷണം കഴിച്ചശേഷം സെമിനാർ ഹാളിൽ വിശ്രമിക്കുകയായിരുന്നു പെൺകുട്ടി. പുലർച്ചെ മൂന്നിനും അഞ്ചിനും ഇടയിലായിരുന്നു സംഭവമെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. വായ്, കണ്ണ്, സ്വകാര്യ ഭാഗങ്ങൾ എന്നിവിടങ്ങളിൽനിന്നെല്ലാം രക്തം പോകുന്നുണ്ടായിരുന്നുവെന്നും സ്വകാര്യഭാഗങ്ങളിൽ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ആക്രമിച്ചതായും റിപ്പോർട്ടിൽ പറയുന്നു. കഴുത്തിലെ എല്ലു പൊട്ടിയിരുന്നു. ശരീരത്തിൽ മറ്റു പലയിടങ്ങളിലും മുറിവുകളുണ്ടായിരുന്നു.
സംഭവത്തിൽ രാജ്യമെമ്പാടും ശക്തമായ പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്. നിലവിൽ പൊലീസ് സിവിക് വൊളന്റിയർ സഞ്ജയ് റോയി ആണ് കേസിൽ അറസ്റ്റിലായിട്ടുള്ളത്. കൽക്കട്ട ഹൈക്കോടതി ഇടപെടലിനെ തുടർന്ന് കേസന്വേഷണം സിബിഐ ഏറ്റെടുത്തു.