ADVERTISEMENT

കൊൽക്കത്ത∙ ആർ.ജി.കർ മെഡിക്കൽ കോളജില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത മൂന്ന് ഫൊറൻസിക് ഡോക്ടർമാരെ സിബിഐ ചോദ്യം ചെയ്തു. റിന ദാസ്, മോളി ബാനർജി, അപുർവ ബിശ്വാസ് എന്നീ ഡോക്ടർമാരെയാണു നാലുമണിക്കൂറിലേറെ നേരം സിബിഐ ചോദ്യം ചെയ്തത്. വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ അതേ ആശുപത്രിയിലാണു പോസ്റ്റുമോർട്ടം നടന്നത്. ആശുപത്രിയിലെ നെഞ്ചുരോഗ വിഭാഗത്തിലെ മൂന്നാംനിലയിലുള്ള സെമിനാർ ഹാളിലാണു മൃതദേഹം കണ്ടെത്തിയത്. ഓഗസ്റ്റ് 9നു പുലർച്ചെ മൂന്നിനും അഞ്ചിനും ഇടയിലാണു യുവതിയെ ആക്രമിച്ചിരിക്കുന്നതെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട് നൽകുന്ന സൂചന. പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട കൽക്കട്ട ഹൈക്കോടതിയുടെ മുമ്പാകെ റിപ്പോർട്ട് സമർപ്പിക്കുമെന്ന് ആശുപത്രിയിലെ മുതിർന്ന ഡോക്ടർ പറഞ്ഞു. 

സംഭവം നടന്ന സ്ഥലത്തു ബുധനാഴ്ച ഉച്ചതിരിഞ്ഞു സിബിഐ സംഘം സന്ദർശനം നടത്തി. നിരവധി ആശുപത്രി ജീവനക്കാരെയും ചോദ്യം ചെയ്തു. ഓഗസ്റ്റ് ഒൻപതിന്‌ ആരെല്ലാമാണു ജോലിക്ക് ഹാജരായത് എന്നത് സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നതിനായി ഡ്യൂട്ടി റോസ്റ്ററും സിബിഐ പരിശോധിച്ചു. വനിതാ ഡോക്ടറുടെ മരണത്തിൽ കേസെടുത്ത താല പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ അഭിജിത് മൊണ്ടാലിനെയും സിബിഐ വിളിപ്പിച്ചിരുന്നു. കേസ് ഡയറിയുമായാണ് അദ്ദേഹം സിബിഐ ഓഫിസിലെത്തിയത്. നെ‍ഞ്ചുരോഗ വിഭാഗം മേധാവി ഡോ.അരുണവ ദത്ത ചൗധരി, സംഭവം നടന്ന ഉടനെ സ്ഥലം മാറ്റപ്പെട്ട ഡോ.സഞ്ജയ് വസിഷ്ഠ് എന്നിവരെയും സിബിഐ ചോദ്യം ചെയ്തിരുന്നു.

അതേസമയം പ്രതിഷേധങ്ങളിൽ ഗൂഢാലോചന ആരോപിക്കുകയാണു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. രാഷ്ട്രീയ പാർട്ടികൾ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നു അവർ പറഞ്ഞു. ആശുപത്രിയിൽ സമരം നടത്തുന്ന ഡോക്ടർമാരെ കുറിച്ച് തനിക്ക് പരാതിയില്ലെന്നും മമത പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. എനിക്ക് സമരം നടത്തുന്ന ഡോക്ടർമാരെകുറിച്ചോ വിദ്യാർഥികളെ കുറിച്ചോ പരാതിയില്ല. എന്നാൽ അവിടെ ചില രാഷ്ട്രീയ പാർട്ടികൾ‌ പ്രശ്നം ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്. ആക്രമണത്തിന്റെ വിഡിയോ നോക്കിയാൽ ഇക്കാര്യം നിങ്ങൾക്ക് മനസ്സിലാകും. മമത പറഞ്ഞു.  പ്രതിഷേധ ആക്രമണങ്ങൾക്ക് പിന്നിൽ ബിജെപിയും ഇടതുമാണെന്ന് ഒരു ദേശീയ മാധ്യമത്തിന് നൽകിയ പ്രതികരണത്തിൽ അവർ ആരോപിച്ചു.

അതിനിടെ ജനക്കൂട്ടം ആശുപത്രി തകർത്ത സംഭവത്തിൽ ഡോക്ടർമാർക്ക് ധൈര്യം നൽകി ഗവർണർ സി.വി. ആനന്ദബോസ്. ആർ.ജി. കർ മെഡിക്കൽ കോളജിലെ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ ജനക്കൂട്ടം വ്യാഴാഴ്ച പുലർച്ചെ ആശുപത്രി തകർത്തിരുന്നു. ആക്രമണത്തിൽ അത്യാഹിത വിഭാഗം പൂർണമായി തകർന്നിരുന്നു. ഇതേതുടർന്ന് ആശുപത്രി സന്ദർശിച്ച ഗവർണർക്കു മുന്നിലാണ് ആശങ്കയുമായി ഇരുപതോളം ഡോക്ടർമാർ എത്തിയത്. വനിതാ ഡോക്ടർമാർ തങ്ങൾ സുരക്ഷിതരല്ലെന്നു ഗവർണറെ അറിയിച്ചു. തങ്ങളിൽ പലരും വല്ലാതെ ഭയപ്പെട്ടിരിക്കുകയാണെന്നും പറഞ്ഞു. ‘‘ഞാൻ നിങ്ങൾക്കൊപ്പമുണ്ട്. ഇതിനെതിരെ പോരാടും, ആക്രമണങ്ങൾ തടയുകയും ചെയ്യും. മറ്റുള്ളവർക്കു മാതൃകയാകുന്ന തരത്തിലുള്ള നടപടികൾ സ്വീകരിക്കും"– ആനന്ദബോസ് പറഞ്ഞു. ആക്രമണങ്ങളിൽ ഗവർണർ റിപ്പോർട്ട് തേടി.

ഡോക്ടറുടെ മരണവുമായി ബന്ധപ്പെട്ട തെളിവുകൾ ജനക്കൂട്ടം നശിപ്പിക്കുമെന്ന ആശങ്കയും ഡോക്ടർമാർ പങ്കുവച്ചു. വനിതാ ഡോക്ടറുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ വ്യാപകമായ പ്രതിഷേധമാണു ബംഗാളിൽ നടക്കുന്നത്. പ്രതിഷേധങ്ങൾ പലതും സംഘർഷത്തിലാണു കലാശിക്കുന്നതും. സ്ത്രീ സുരക്ഷ ആവശ്യപ്പെട്ടു കഴിഞ്ഞ ദിവസം രാത്രി വനിതകൾ പ്രതിഷേധിച്ചിരുന്നു. ആയിരക്കണക്കിനു സ്ത്രീകളാണു ഡൽഹിയിലും കൊൽക്കത്തയിലുമായി ഇതിൽ അണിചേർന്നത്.

English Summary:

West Bengal Erupts in Protest Following Doctor's Death, CBI Summons Five Doctors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com