ADVERTISEMENT

കൊച്ചി ∙ മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന ചൂഷണത്തെക്കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് നാളെ പുറത്തുവിടാനിരിക്കെ ഹൈക്കോടതിയിൽ വീണ്ടും ഹർജി. നടി രഞ്ജിനി എന്ന സാഷ സെൽവരാജാണ് അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. റിപ്പോർട്ട് പുറത്തുവിടുന്നത് അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് അപ്പീൽ. അപ്പീൽ സമർപ്പിക്കാൻ അനുവദിച്ച കോടതി, ഇത് നിലനിൽക്കുമോ എന്ന് തിങ്കളാഴ്ച പരിഗണിക്കും. റിപ്പോര്‍ട്ട് പുറത്തുവിടുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അനുവദിച്ചില്ല. ഈ സാഹചര്യത്തിൽ നാളെ റിപ്പോർട്ട് പുറത്തുവിടുമോ എന്ന കാര്യത്തിലും അനിശ്ചിതത്വമുണ്ട്.

ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് മുൻപാകെ താനടക്കമുള്ളവര്‍ മൊഴി നൽകിയിട്ടുണ്ടെന്നും എന്നാൽ റിപ്പോർട്ടിന്റെ പകർപ്പ് തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും രഞ്ജിനി പറയുന്നു. മൊഴി നൽകിയപ്പോൾ തങ്ങളുടെ സ്വകാര്യത മാനിക്കുമെന്ന് ജസ്റ്റിസ് ഹേമ ഉറപ്പു നൽകിയിരുന്നു. ഈ സാഹചര്യത്തിൽ റിപ്പോര്‍ട്ട് പുറത്തു വിടുന്നതിനു മുൻപ് അതിൽ എന്താണുള്ളതെന്ന് അറിയണമെന്നും തങ്ങളുടെ അനുമതിയോടു കൂടി മാത്രമേ റിപ്പോര്‍ട്ട് പുറത്തുവിടാവൂ എന്നും അവര്‍ ആവശ്യപ്പെടുന്നു.

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നിർമാതാവായ സജിമോൻ പറയിൽ നൽകിയ ഹർജി നേരത്തെ ജസ്റ്റിസ് വി.ജി.അരുണിന്റെ സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. ഹർജിക്കാരനെ കമ്മിറ്റി റിപ്പോർട്ട് എങ്ങനെ ബാധിക്കുമെന്ന് തെളിയിക്കാൻ സാധിച്ചിട്ടില്ലെന്നും മൂന്നാം കക്ഷികളെ അടക്കം ബാധിക്കുന്നതൊന്നും റിപ്പോർട്ടിലില്ലെന്നും വിവരാവകാശ കമ്മീഷൻ ഉറപ്പാക്കിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ജസ്റ്റിസ് അരുണിന്റെ വിധി ഇതിനെതിരെയാണ് രഞ്ജിനിയുടെ അപ്പീൽ.

ഇക്കഴിഞ്ഞ ജൂലൈ 24ന് റിപ്പോർട്ട് പുറത്തുവിടുന്നതിന് മണിക്കൂറുകൾക്ക് മുമ്പായിരുന്നു ഇത് ഹൈക്കോടതി സ്റ്റേ ചെയ്തത്. തുടർന്ന് വിശദമായ വാദം കേട്ട ശേഷമായിരുന്നു റിപ്പോർട്ട് പുറത്തുവിടാനുള്ള അനുമതി. ഇതിനെ തുടർന്ന് റിപ്പോര്‍ട്ട് സ്വീകരിക്കാൻ നാളെ രാവിലെ 11 മണിക്ക് എത്തണമെന്ന് വിവരാവകാശ കമ്മിഷനിൽ അപേക്ഷ നല്‍കിയവരോട് സർക്കാർ അറിയിക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് രഞ്ജിനിയുടെ അപ്പീൽ എത്തിയിരിക്കുന്നത്. ചിത്രം, കോട്ടയം കുഞ്ഞച്ചൻ, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, കൗതുക വാർത്തകൾ അടക്കം ഒട്ടേെ മലയാളം, തമിഴ് സിനിമകളിൽ നായികയായിരുന്നു രഞ്ജിനി.

English Summary:

Hema Commission Report: Actress Ranjini Seeks Court Intervention

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com