ADVERTISEMENT

10 വർഷത്തിനുശേഷം ജമ്മു കശ്മീർ വീണ്ടും തിരഞ്ഞെടുപ്പിലേക്കു നീങ്ങുന്നു. മൂന്നു ഘട്ടമായാണു ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. പ്രഖ്യാപനത്തിനു മുന്നോടിയായി മൂന്നുപേരടങ്ങുന്ന സംഘമാണ് ജമ്മു കശ്മീരിലെത്തി സ്ഥിതികൾ വിലയിരുത്തിയത്. സെപ്റ്റംബർ 30ന് മുൻപ് തിരഞ്ഞെടുപ്പ് നടത്തണമെന്നു കോടതി അന്ത്യശാസനം നൽകിയതിനു പിന്നാലെയാണിപ്പോൾ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. 2014ലാണ് അവസാനമായി ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. ജമ്മു കശ്മീർ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയും ബിജെപിയും ചേർന്ന സഖ്യമാണ് അന്നു തിരഞ്ഞെടുപ്പിൽ ജയിച്ചത്. മുഫ്തി മുഹമ്മദ് സയീദ് അന്ന് മുഖ്യമന്ത്രിയുമായി. ജനുവരി 2016ൽ അദ്ദേഹത്തിന്റെ മരണശേഷം കുറച്ചു കാലത്തേക്കു രാഷ്ട്രപതി ഭരണമായിരുന്നു. പിന്നീട് മെഹബൂബ മുഫ്തി ജമ്മു കശ്മീരിന്റെ മുഖ്യമന്ത്രിയായി. 

എന്നാൽ 2018ൽ ബിജെപി സർക്കാർ പിഡിപിക്ക് നൽകിയ പിന്തുണ പിൻവലിച്ചു. പിന്നാലെ ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക് നിയമസഭ പിരിച്ചുവിട്ടു. പിന്നാലെ ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം നിലവിൽ വന്നു. 2018 ഡിസംബർ 20 മുതൽ ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണമാണ്. 2019ൽ അനുഛേദം 370 റദ്ദാക്കി കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞു. 2023 ഡിസംബർ 11ന് സുപ്രീംകോടതി 370–ാം അനുഛേദം റദ്ദാക്കിയത് ഭരണഘടനാപരമാണെന്നും 2024 സെപ്റ്റംബർ 30ന് മുമ്പ് ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി തിരഞ്ഞെടുപ്പ് കമ്മിഷനോട് ഉത്തരവിട്ടിരുന്നു. 

ജമ്മു കശ്മീരിൽ പഞ്ചായത്ത്, തദ്ദേശ, നഗര സ്ഥാപനങ്ങൾ എന്നിവയും ഇല്ല. 2024 ജനുവരി ഒൻപതിന് പഞ്ചായത്ത്, ബ്ലോക്ക് വികസന കൗൺസിലുകളിൽനിന്നുള്ള 28,000 പ്രതിനിധികളുടെ അഞ്ച് വർഷത്തെ കാലാവധി അവസാനിച്ചിരുന്നു. 2018 നവംബർ-ഡിസംബർ മാസങ്ങളിൽ അവസാനമായി പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടന്നു. അതേവർഷം ഒക്ടോബറിൽ മുൻസിപ്പൽ തിരഞ്ഞെടുപ്പും നടന്നു. ഒബിസി സംവരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം കഴിഞ്ഞ വർഷം ഒക്ടോബർ-നവംബർ മാസങ്ങളിൽ നടക്കേണ്ടിയിരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പും കാലതാമസം നേരിട്ടിരുന്നു. പിന്നാലെയാണ് ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയത്. 

രണ്ടു ദിവസം നീണ്ടുനിന്ന സന്ദർശനത്തിനുശേഷം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ ജമ്മു കശ്മീരിൽ എത്രയും പെട്ടെന്ന് തിരഞ്ഞെടുപ്പ് നടത്തുമെന്നായിരുന്നു വ്യക്തമാക്കിയത്. കഴിഞ്ഞ വർഷം മാർച്ചിൽ ഫറൂഖ് അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള സർവകക്ഷി പ്രതിനിധി സംഘം ജമ്മു കശ്മീരിൽ അസംബ്ലി തിരഞ്ഞെടുപ്പ് നടത്താനുള്ള ഭരണഘടനാപരമായ ബാധ്യത നിറവേറ്റാൻ തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. ജമ്മു കശ്മീരിലെ നിയമസഭാ തിരഞ്ഞെടുപ്പ് വൈകുന്നത് ജനങ്ങളുടെ മൗലികവും ജനാധിപത്യപരവുമായ അവകാശങ്ങളുടെ നിഷേധത്തിനു തുല്യമാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷനു നൽകിയ മെമ്മോറാണ്ടത്തിൽ അവർ വ്യക്തമാക്കിയിരുന്നു. സർക്കാരിനും തിരഞ്ഞെടുപ്പ് കമ്മിഷനും നിയമസഭാ തിരഞ്ഞെടുപ്പ് ഒഴിവാക്കാനോ വൈകിപ്പിക്കാനോ പറ്റില്ലെന്നും പ്രതിനിധി സംഘം തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിരുന്നു.

മണ്ഡല പുനർനിർണയത്തിനുശേഷം ജമ്മു മേഖലയിൽ ആറു സീറ്റുകളും കശ്മീർ മേഖലയിൽ ഒരു സീറ്റും വർധിപ്പിച്ചിട്ടുണ്ട്. 90 സീറ്റുകളിലാണ് ഇത്തവണ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ 16 മണ്ഡലങ്ങൾ എസ്‍സി, എസ്ടി സംവരണ മണ്ഡലമാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജമ്മുവിലുണ്ടായ പോളിങ് ശതമാനത്തിന്റെ വർധന ആശ്വാസമായാണു തിരഞ്ഞെടുപ്പ് കമ്മിഷൻ കാണുന്നത്. 10 വർഷത്തിനുശേഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ പേർ പോളിങ് ബൂത്തിലെത്തുമെന്ന ആത്മവിശ്വാസം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ വാർത്താസമ്മേളനത്തിലും വ്യക്തമാക്കിയതാണ്.

ലോക്സഭാ തിരഞ്ഞെടുപ്പിനു പിന്നാലെ വരുന്ന തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാമെന്ന പ്രതീക്ഷയിലാണു ബിജെപി. ലോക്സഭാ തിരഞ്ഞെടുപ്പിൽ ജമ്മു മേഖലയിൽ ബിജെപിക്കു നേട്ടമുണ്ടായിരുന്നു. ജമ്മു മേഖലയിൽ സീറ്റുകൾ കൂടിയതും പ്രതീക്ഷയേകുന്നുണ്ട്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനുശേഷമുള്ള ജനങ്ങളുടെ ചിന്ത എന്താകുമെന്നു മനസ്സിലാക്കാനും ഈ നിയമസഭാ തിരഞ്ഞെടുപ്പിനാകും.

English Summary:

Jammu & Kashmir Elections 2024: A Decade Later, Democracy Returns

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com