കെ.എം.ബഷീറിന്റെ മരണം: ശ്രീറാം വെങ്കിട്ടരാമന്‍ കോടതിയിൽ ഹാജരായി; കുറ്റപത്രം വായിച്ചു
Mail This Article
തിരുവനന്തപുരം∙ മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ കുറ്റപത്രം വായിച്ചു. കേസിലെ ഏക പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍ ഇന്നു കോടതിയില്‍ ഹാജരായിരുന്നു. ശ്രീറാം തുടര്‍ച്ചയായി ഹാജരാകാതിരുന്നതില്‍ കുറ്റപത്രം വായിക്കുന്നത് പല തവണ കോടതി മാറ്റിവച്ചിരുന്നു. കഴിഞ്ഞ തവണ പ്രതിയെ വാക്കാല്‍ ശാസിച്ച കോടതി നേരിട്ട് ഹാജരാകണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച ശ്രീറാം കോടതിയില്‍ നേരിട്ട് എത്തിയത്. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 279, 201, 304, മോട്ടര്‍ നിയമം 184 എന്നീ വകുപ്പുകള്‍ പ്രകാരമുള്ള വിചാരണയാണ് നടക്കുക. വിചാരണയ്ക്കു മുന്‍പ് പ്രതിക്കു നല്‍കേണ്ട രേഖകളുടെ പകര്‍പ്പ് നല്‍കിയെന്ന് ഉറപ്പു വരുത്തി കേസ് അടുത്ത മാസം ആറിന് പരിഗണിക്കും.
തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ മാസം കേസ് പരിഗണിച്ചപ്പോള്‍ ശ്രീറാം ഹാജരായിരുന്നില്ല. കുറ്റപത്രം വായിക്കുന്നതിനു മുൻപുള്ള പ്രാഥമിക വാദം കോടതി കഴിഞ്ഞ തവണ കേട്ടു. അപകടം സംഭവിച്ചിട്ട് അഞ്ചു വര്‍ഷം പിന്നിട്ടു. മജിസ്‌ട്രേട്ട് കോടതി മുതല്‍ സുപ്രീം കോടതി വരെ കേസ് പരിഗണിച്ചെങ്കിലും വിചാരണ നടപടികള്‍ ആരംഭിച്ചിരുന്നില്ല.
ഇതിനിടയില്‍ കേസില്‍ രണ്ടു പ്രതികള്‍ എന്നത് ഒന്നായി. രണ്ടാം പ്രതി വഫ ഫിറോസിനെ കോടതി കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കി. 2019 ഓഗസ്റ്റ് മൂന്ന് പുലര്‍ച്ചെയാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ചു മാധ്യമ പ്രവര്‍ത്തകനായ മലപ്പുറം തിരൂര്‍ സ്വദേശി ബഷീറിന്റെ മരണം സംഭവിച്ചത്.
അര്‍ധരാത്രിക്കു ശേഷം 12.55നു മ്യൂസിയത്തിനു സമീപം പബ്ലിക് ഓഫിസിനു മുന്‍പിലായിരുന്നു അപകടം. അമിത വേഗത്തിലെത്തിയ കാര്‍ ബൈക്കിന്റെ പിന്നിലിടിച്ചു. ഇതിന്റെ ആഘാതത്തില്‍ ബൈക്ക് മതിലിലിടിച്ചു കുത്തനെയാണു നിന്നത്. തെറിച്ചുവീണ ബഷീറിനെ ആശുപത്രിയിലെത്തിക്കും മുന്‍പു തന്നെ മരണം സംഭവിച്ചിരുന്നു.