ADVERTISEMENT

തിരുവനന്തപുരം∙ മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തുവിടില്ല. നടി രഞ്ജിനി ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിലാണു തീരുമാനം. റിപ്പോർട്ട് പുറത്തുവിടുന്നത് അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണു നടി അപ്പീൽ നൽകിയത്. ഹർജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും. ഇതിനു പിന്നാലെയായിരിക്കും തീരുമാനം.

ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് മുൻപാകെ താനടക്കമുള്ളവര്‍ മൊഴി നൽകിയിട്ടുണ്ടെന്നും എന്നാൽ റിപ്പോർട്ടിന്റെ പകർപ്പ് തങ്ങൾക്കു ലഭിച്ചിട്ടില്ലെന്നുമാണു രഞ്ജിനി പറയുന്നത്. മൊഴി നൽകിയപ്പോൾ തങ്ങളുടെ സ്വകാര്യത മാനിക്കുമെന്നു ജസ്റ്റിസ് ഹേമ ഉറപ്പു നൽകിയിരുന്നു. ഈ സാഹചര്യത്തിൽ റിപ്പോര്‍ട്ട് പുറത്തു വിടുന്നതിനു മുൻപ് അതിൽ എന്താണുള്ളതെന്ന് അറിയണമെന്നും തങ്ങളുടെ അനുമതിയോടു കൂടി മാത്രമേ റിപ്പോര്‍ട്ട് പുറത്തുവിടാവൂ എന്നുമാണു രഞ്ജിനിയുടെ ആവശ്യം.

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നിർമാതാവായ സജിമോൻ പറയിൽ നൽകിയ ഹർജി നേരത്തെ ജസ്റ്റിസ് വി.ജി.അരുണിന്റെ സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. ഹർജിക്കാരനെ കമ്മിറ്റി റിപ്പോർട്ട് എങ്ങനെ ബാധിക്കുമെന്ന് തെളിയിക്കാൻ സാധിച്ചിട്ടില്ലെന്നും മൂന്നാം കക്ഷികളെ അടക്കം ബാധിക്കുന്നതൊന്നും റിപ്പോർട്ടിലില്ലെന്നും വിവരാവകാശ കമ്മീഷൻ ഉറപ്പാക്കിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ജസ്റ്റിസ് അരുണിന്റെ വിധി. ഇതിനെതിരെയാണ് രഞ്ജിനി അപ്പീൽ സമർപ്പിച്ചത്.

2019ലാണ് കമ്മിറ്റി സർക്കാരിനു റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ടിലെ വിവരങ്ങൾ 5 വർഷത്തിനു ശേഷം ജൂലൈ 24ന് പുറത്തുവിടുമെന്നാണു നേരത്തേ സർക്കാർ അറിയിച്ചത്. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്നവയും അവരെ തിരിച്ചറിയാൻ സഹായിക്കുന്നവയുമായ ഭാഗങ്ങൾ സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവ് അനുസരിച്ച് ഒഴിവാക്കിയാണ് അന്ന് റിപ്പോർട്ട് പ്രസിദ്ധീകരിക്കാനിരുന്നത്. പിന്നാലെയാണ് സജിമോൻ റിപ്പോർട്ട് പുറത്തു വിടരുതെന്നാവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകിയത്.

English Summary:

Hema Committee report will not be released today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com