മകളെ 7 മണിക്കൂറോളം ആരും വിളിച്ചില്ല; സഹപാഠികൾക്കും ജീവനക്കാർക്കും പങ്ക്: സിബിഐക്ക് മൊഴി നല്കി പിതാവ്
Mail This Article
കൊൽക്കത്ത∙ കൊൽക്കത്തയിലെ യുവ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ കൂടുതൽ പേര്‍ക്ക് പങ്കുള്ളതായി സംശയിക്കുന്നെന്ന് കുടുംബം സിബിഐക്ക് മൊഴി നൽകി. സംഭവത്തിൽ ആശുപത്രി ജീവനക്കാരെയും സഹപാഠികളെയും സംശയമുള്ളതായി വനിതാ ഡോക്ടറുടെ പിതാവ് പറയുന്നു. ആശുപത്രിയിലെ നിരവധി ഇന്റേണുകളും ഫിസിഷ്യൻമാരും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പിതാവിന്റെ മൊഴി.
പുലർച്ചെ 3 മുതൽ രാവിലെ 10 മണി വരെ മകളുടെ ഫോണിലേക്ക് ഒരു ഫോൺ കോൾ പോലും വന്നില്ല. ഡ്യൂട്ടിയിലുള്ള ഡോക്ടറെ ഏഴ് മണിക്കൂർ ആരും വിളിക്കാത്തതിൽ ദുരൂഹതയുണ്ടെന്നും വനിതാ ഡോക്ടറുടെ പിതാവ് മൊഴി നൽകി. കൂടുതൽ ജീവനക്കാരെ സിബിഐ ഇന്ന് ചോദ്യം ചെയ്തേക്കും. ആശുപത്രി തല്ലിത്തകർത്ത കേസിലും അന്വേഷണം തുടരുകയാണ്.
അതേസമയം, സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാവുകയാണ്. കൊലപാതകം നടന്ന കൊൽക്കത്ത ആർ.ജി. കാർ മെഡിക്കൽ കോളജിലും ആരോഗ്യ പ്രവർത്തകർ പ്രതിഷേധം ശക്തമാക്കി. സമീപത്തെ ആശുപത്രികളിലെ കൂടുതൽ ആരോഗ്യപ്രവർത്തകർ ഇന്ന് സമരത്തിനു പിന്തുണയുമായി എത്തും. കേസിൽ സമഗ്രമായ അന്വേഷണവും ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയ്ക്ക് നിയമനിർമാണവും വേണമെന്നാണ് ആവശ്യം. ഒപി ബഹിഷ്കരിച്ച് 24 മണിക്കൂർ സമരവുമായാണ് ഐഎംഎ രംഗത്തുള്ളത്.
കസ്റ്റഡിയിലുള്ള പ്രതി സഞ്ജയ് റോയിയുടെ മൊബൈൽഫോൺ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനു പിന്നാലെ കൂടുതൽ സഹപാഠികളെയും ആശുപത്രി ജീവനക്കാരെയും സിബിഐ ചോദ്യം ചെയ്തേക്കും. മരണവുമായി ബന്ധപ്പെട്ട നഷ്ടപരിഹാരം സ്വീകരിക്കാന്‍ വനിതാ ഡോക്ടറുടെ പിതാവ് നേരത്തെ വിസമ്മതിച്ചിരുന്നു. അധികാരികളില്‍ നിന്ന് തനിക്കു വേണ്ടത് നീതി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ‘‘എന്റെ മകളുടെ മരണത്തിനു നഷ്ടപരിഹാരമായി പണം സ്വീകരിച്ചാല്‍ അത് മകളെ വേദനിപ്പിക്കും. എനിക്ക് നീതിയാണ് വേണ്ടത്’’ – അദ്ദേഹം പറഞ്ഞു.