ഐഎംഎ സമരം തുടങ്ങി; ഒപി സേവനം മുടങ്ങി, പ്രതിഷേധം കടുപ്പിച്ച് ഡോക്ടർമാർ
Mail This Article
ന്യൂഡൽഹി∙ കൊൽക്കത്തയിൽ വനിതാ ഡോക്ടറെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ രാജ്യവ്യാപക പ്രതിഷേധം. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ഇന്നു വലിയ പ്രതിഷേധങ്ങള്‍ക്കാണ് ആഹ്വാനം നൽകിയിരിക്കുന്നത്. രാവിലെ 6 മണി മുതൽ നാളെ രാവിലെ ആറുമണിവരെയാണ് ഐഎംഎയുടെ പ്രതിഷേധം. പ്രതിഷേധത്തിന്റെ ഭാഗമായി ആശുപത്രികളിലെ പ്രധാനപ്പെട്ട വിഭാഗങ്ങള്‍ ഈയാഴ്ച പ്രവർത്തിക്കില്ലെന്നാണു വിവരം. അടിയന്തര പരിചരണം, അത്യാവശ്യ ചികിത്സകള്‍ തുടങ്ങി അവശ്യസേവനങ്ങൾ ലഭ്യമാകും.
സർക്കാർ സ്വകാര്യ ആശുപത്രികളിൽ ഒ.പി.സേവനം മുടങ്ങി. സമരത്തിന് നഴ്സുമാരുടെ സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അവശ്യ സേവനങ്ങൾ ഒഴികെയുള്ള മറ്റ് ആശുപത്രി സേവനങ്ങള്‍ സസ്‌പെൻഡ് ചെയ്യുന്നതായി അമൃത്സറിലെ ഗവൺമെന്റ് മെഡിക്കൽ കോളജിലെ റെസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷൻ അറിയിച്ചു. ഓഗസ്റ്റ് 16 മുതൽ തുടർന്നൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെയാണ് സമരം. ഡൽഹിയിൽ സമരം ശക്തകമാക്കുമെന്ന് റസിഡന്റ് ഡോക്ടർമാർ അറിയിച്ചു. ഇന്നലെ നിർമൻ ഭവന് മുന്നിൽ റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷൻ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.