നെടുങ്കണ്ട എസ്എൻ ട്രെയിനിങ് കോളജ് വിവാദം; വെള്ളാപ്പള്ളിക്കെതിരായ അറസ്റ്റ് വാറന്റിന് സ്റ്റേ
Mail This Article
കൊച്ചി ∙ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കേരള സർവകലാശാല അപ്പലറ്റ് ട്രൈബ്യൂണൽ പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് ഹൈക്കോടതി സ്റ്റേ ചെയ്തു. കൊല്ലം നെടുങ്കണ്ട എസ്എൻ ട്രെയിനിങ് കോളജിലെ മലയാള വിഭാഗം അസോസിയേറ്റ് പ്രഫസറായ ഡോ. ആർ.പ്രവീണിനെതിരായ കുറ്റാരോപണ മെമ്മോയും സസ്‌പെൻഷൻ ഉത്തരവും മറ്റു ശിക്ഷണ നടപടികളും റദ്ദാക്കി തിരികെ സർവീസിൽ പ്രവേശിപ്പിക്കണമെന്ന് അപ്പലറ്റ് ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നടപ്പാക്കിയില്ല എന്നാരോപിച്ചാണ് എസ്എൻ ട്രസ്റ്റ് കോളജുകളുടെ മാനേജറായ വെള്ളാപ്പള്ളി നടേശനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നത്. ഉത്തരവിനെതിരെ വെള്ളാപ്പള്ളി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെ ജസ്റ്റിസ് ടി.ആർ.രവിയുടെ ബെഞ്ച്, അറസ്റ്റ് വാറന്റ് സ്റ്റേ ചെയ്യുകയായിരുന്നു.
പ്രവീണിനെ തിരിച്ചെടുക്കാനുള്ള ട്രൈബ്യൂണലിന്റെ വിധിക്കെതിരെ മാനേജർ നേരത്തേ ഹൈക്കോടതിയിൽ ഫയൽ ചെയ്ത റിട്ട് ഹർജി നിലവിലുണ്ടെന്നും ട്രൈബ്യൂണലിന്റെ ഉത്തരവ് സബ് കോടതി മുഖേനയാണ് നടപ്പാക്കേണ്ടതെന്നും വെള്ളാപ്പള്ളി ബോധിപ്പിച്ചു. അപ്പീൽ പരിഗണിക്കാൻ ട്രൈബ്യൂണലിന് അധികാരമില്ലെന്നും അതുകൊണ്ടു തന്നെ ഉത്തരവ് അസാധുവാണെന്നും ഹർജിക്കാരൻ വാദിച്ചു.
വെളളാപ്പള്ളിയെ അറസ്റ്റ് ചെയ്‌ത് കോടതിയില്‍ ഹാജരാക്കാനും അരുണിന് ഉണ്ടായ മാനസിക ബുദ്ധിമുട്ടുകള്‍ക്ക് നാലാഴ്‌ചയ്‌ക്കകം അഞ്ച് ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കാനും യൂണിവേഴ്‌സിറ്റി അപ്പലേറ്റ് ട്രൈബ്യൂണല്‍ ജഡ്‌ജി ജോസ് എന്‍.സിറിലിലാണ് ഉത്തരവിട്ടത്. വ്യക്തമായ കാരണമില്ലാതെ തന്നെ സസ്‌പെന്റ് ചെയ്‌തതെന്നാരോപിച്ചാണ് പ്രവീൺ ട്രൈബ്യൂണലിനെ സമീപിച്ചത്. എന്നാൽ അനുകൂല വിധി സമ്പാദിച്ചെങ്കിലും പ്രവീണിനെ തിരിച്ചെടുക്കാന്‍ മാനേജ്‌മെന്റ് തയ്യാറായില്ല. ട്രൈബ്യൂണൽ ഉത്തരവ് നിലനില്‍ക്കെ തന്നെ പ്രവീണിനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടുകയും ചെയ്‌തു. പ്രവീണ്‍ ട്രൈബ്യൂണലിൽ വീണ്ടും നല്‍കിയ അപ്പീലിലാണ് വെള്ളാപ്പള്ളി നടേശനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.