ADVERTISEMENT

കൊച്ചി ∙ ഇറാനിലേക്ക് അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത് നടത്തിയെന്ന കേസില്‍ എൻഐഎ പ്രാഥമിക കുറ്റപത്രം സമർപ്പിച്ചു. ജൂലൈ 3നാണ് എൻഐഎ കേസന്വേഷണം ഏറ്റെടുത്തത്. ഇറാനിൽ ഒളിവിലുള്ള കൊച്ചി സ്വദേശി മധു ജയകുമാറിനെ ഒന്നാം പ്രതിയാക്കിയാണ് കൊച്ചിയിലെ എൻഐഎ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കേസിന് രാജ്യാന്തര മാനങ്ങളുള്ളതിനാലാണ് ആലുവ റൂറൽ പൊലീസ് അന്വേഷിച്ചുകൊണ്ടിരുന്ന കേസ് എൻഐഎ ഏറ്റെടുത്തത്. 

കേസിൽ 3 പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തു. മധു ജയകുമാറിനെ നാട്ടിലെത്തിക്കാനായുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് എൻഐഎ മനുഷ്യക്കടത്ത് കേസ് ഏറ്റെടുത്തത്. ആദ്യം പിടിയിലായ തൃശൂർ സ്വദേശി സാബിത് നാസറാണ് കേസിലെ രണ്ടാം പ്രതി. കൊച്ചി, കുവൈത്ത്, ഇറാൻ റൂട്ടില്‍ നിരന്തരം യാത്ര ചെയ്തിരുന്ന ആളായിരുന്നു സാബിത്ത്. വൃക്ക നല്‍കാൻ തയാറാകുന്നവരെ കണ്ടെത്തി അവരെ ഇറാനിലും തിരികെയും എത്തിക്കുക എന്നതായിരുന്നു ഇയാളുടെ ജോലി. വൃക്ക നൽകുന്നത് നിയമപരമാണെന്ന് വിശ്വസിപ്പിച്ച് വ്യാജരേഖകൾ തയാറാക്കിയായിരുന്നു ആളുകളെ ഇയാൾ ഇറാനിലേക്ക് കൊണ്ടുപോയിരുന്നത്.

വൃക്ക നല്‍കിക്കഴിഞ്ഞാൽ 6 ലക്ഷം രൂപയോളമാണ് ഇവർക്ക് നൽകുക. എന്നാൽ വൃക്ക സ്വീകരിക്കുന്നവരിൽ നിന്ന് 1 കോടി രൂപ വരെ ഇവർ ഈടാക്കിയിരുന്നു. ഹൈദരാബാദ് കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്റെ പ്രധാന പ്രവർത്തനം. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങള്‍, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള ആളുകളെ ഇത്തരത്തിൽ ഇറാനിലെത്തിച്ചിട്ടുണ്ട്. പാലക്കാട് സ്വദേശിയായ ഷെമീറും ഇത്തരത്തിൽ വൃക്ക നല്‍കിയിട്ടുണ്ടെങ്കിലും ഇയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

സാബിത്ത് പിടിയിലായതിനു പിന്നാലെയാണ് മൂന്നാം പ്രതിയും അവയവക്കടത്തിലെ മുഖ്യസൂത്രധാരനുമെന്നു കരുതപ്പെടുന്ന ഹൈദരാബാദ് സ്വദേശി ബെല്ലംകൊണ്ട രാമപ്രസാദ് അറസ്റ്റിലാകുന്നത്. ഇവരുടെ പണം കൈകാര്യം ചെയ്തിരുന്നു എന്ന് കരുതപ്പെടുന്ന കൊച്ചി സ്വദേശിയും മധുവിന്റെ സുഹൃത്തുമായ സജിത് ശ്യാമിനേയും പിന്നാലെ അറസ്റ്റ് ചെയ്തു. കേസിലെ നാലാം പ്രതിയായ സജിത് ശ്യാമിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി അടുത്തിടെ തള്ളിയിരുന്നു.

കേസിൽ താൻ നിരപരാധിയാണെന്നാണ് സജിത് വാദിച്ചിരുന്നത്. മെഡിക്കൽ ടൂറിസം ബിസിനസ് ചെയ്യുന്ന മധുവിന് ചില ഇടപാടുകാരിൽ നിന്ന് സാങ്കേതിക പ്രശ്നം മൂലം പണം സ്വീകരിക്കാൻ കഴിയാത്തതിനാൽ ആ പണം തന്റെ അക്കൗണ്ടിൽ സ്വീകരിച്ച് മധുവിന്റെ ‘സ്റ്റെമ്മ ക്ലബി’ന്റെ അക്കൗണ്ടിലേക്ക് അയച്ചു എന്നതു മാത്രമാണ് താൻ ചെയ്തതെന്നായിരുന്നു സജിത്തിന്റെ വാദം. എന്നാല്‍ കോടതി ഇത് അംഗീകരിച്ചിരുന്നില്ല.

English Summary:

Human Trafficking for Organs: NIA Files Chargesheet in Shocking Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com