ഹാങ്ങർ കൊണ്ട് ആക്രമിച്ചു, വലിച്ചിഴച്ചു; എയർ ഇന്ത്യ കാബിൻ ക്രൂ അംഗത്തിനു നേരെ ഹോട്ടൽമുറിയിൽ അതിക്രമം
Mail This Article
ഹീത്രൂ ∙ ലണ്ടനിലെ ഹോട്ടൽമുറിയിൽ വച്ച് എയർ ഇന്ത്യ കാബിൻ ക്രൂ അംഗത്തിന് നേരെ അതിക്രമം. ലണ്ടൻ ഹീത്രൂവിലെ റാഡിസൺ ഹോട്ടലിൽ വച്ച് കഴിഞ്ഞ വ്യാഴാഴ്ചയാണ് അതിക്രമമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് അവർ മുംബൈയിലേക്ക് തിരിച്ചു. അക്രമി പൊലീസ് കസ്റ്റഡിയിലാണ്.
പുലർച്ചെ 1.30ന് ഉറങ്ങി കിടക്കുകയായിരുന്ന യുവതിയുടെ മുറിയിലേക്ക് അക്രമി അതിക്രമിച്ച് കയറുകയായിരുന്നു. ഞെട്ടിയെഴുന്നേറ്റ് സഹായത്തിനായി യുവതി ഉറക്കെ നിലവിളിച്ചു. ഓടിരക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ അക്രമി തുണികൾ തൂക്കിയിടാൻ ഉപയോഗിക്കുന്ന ഹാങ്ങർ ഉപയോഗിച്ച് ആക്രമിക്കുകയും വലിച്ചിഴയ്ക്കുകയുമായിരുന്നു. സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്തത്തുകയും ഗുരുതരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
സംഭവം എയർ ഇന്ത്യ വക്താവ് സ്ഥിരീകരിച്ചു. യുവതിക്ക് കൗൺസിലിങ് ഉൾപ്പെടെ ആവശ്യമായ എല്ലാ പിന്തുണയും നൽകുന്നുണ്ടെന്നും അവർ അറിയിച്ചു. ജീവനക്കാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമാണ് എയർ ഇന്ത്യ മുൻഗണന നൽകുന്നതെന്നും യുവതിയുടെ സ്വകാര്യതയെ ബഹുമാനിക്കണമെന്നും എയർ ഇന്ത്യ അഭ്യർഥിച്ചിട്ടുണ്ട്.
“പ്രമുഖ ഹോട്ടലിൽ വച്ച് നിയമവിരുദ്ധമായി കടന്നുകയറി ഞങ്ങളുടെ ഒരു ക്രൂ അംഗത്തെ ആക്രമിച്ച സംഭവത്തിൽ ഞങ്ങൾ അങ്ങേയറ്റം ദുഃഖിക്കുന്നു. പ്രഫഷനൽ കൗൺസിലിങ് ഉൾപ്പെടെ, ഞങ്ങളുടെ സഹപ്രവർത്തകർക്കും അവരുടെ ടീമിനും സാധ്യമായ എല്ലാ പിന്തുണയും നൽകും. ഇക്കാര്യത്തിൽ നീതി ഉറപ്പാക്കുന്നതിനായി പ്രാദേശിക പൊലീസുമായി ബന്ധപ്പെട്ടു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനായി ഹോട്ടൽ മാനേജുമെന്റുമായി ബന്ധപ്പെട്ടിട്ടുണ്ട്.’’ എയർ ഇന്ത്യ അധികൃതർ അറിയിച്ചു.