ADVERTISEMENT

കോൺഗ്രസിനെ പോലെയല്ല, വ്യക്തികൾക്ക് എല്ലാ സ്വാതന്ത്ര്യവും തരുന്ന പാർട്ടിയാണ് ബിജെപിയെന്നും കുടുംബത്തിന്റെ ക്ഷേമത്തിനല്ല, നാടിന്റെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ബിജെപിക്കൊപ്പം സജീവമായി പ്രവർത്തിക്കാനായാണ് ദേശീയ വനിതാ കമ്മിഷൻ അംഗത്വം രാജിവച്ചതെന്നും ചലച്ചിത്രതാരം ഖുഷ്ബു. ഭരണഘടനാ പദവി കൈകാര്യം ചെയ്യുന്നതു കൊണ്ട് കുറച്ചുകാലമായി സജീവമായി രാഷ്ട്രീയത്തിൽ ഇടപെടാൻ കഴിഞ്ഞില്ലന്നും രാഷ്ട്രീയപരമായി കാര്യങ്ങൾ ചെയ്യാൻ ഏറെ ആഗ്രഹിക്കുന്ന തനിക്ക് അത് വല്ലാത്ത അസ്വസ്ഥതയായിരുന്നെന്നും ഖുഷ്ബു പറഞ്ഞു. ദേശീയ വനിതാ കമ്മിഷൻ അംഗത്വം രാജിവച്ചതിനു ശേഷം മനോരമ ഓൺലൈനുമായി സംസാരിക്കുകയാണ് ഖുഷ്ബു.

∙ ഭരണഘടനാ പദവി വെല്ലുവിളി

ദേശീയ വനിതാ കമ്മിഷനിലെ അംഗത്വം രാഷ്ട്രീയപരമായ പല പരിപാടികളിൽനിന്നും എന്നെ പിന്നോട്ടു വലിച്ചു. ഒരു ഭരണഘടനാ പദവിയിലിരിക്കെ രാഷ്ട്രീയത്തിൽ ഇടപെടാൻ പാടില്ല. പക്ഷേ, രാഷ്ട്രീയപരമായി കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നൊരു വ്യക്തിയാണ് ഞാൻ. അതുകൊണ്ട് ഇനി മുന്നോട്ട് എനിക്ക് എന്തെങ്കിലും ചെയ്യണമെങ്കിൽ ആ പദവിയിലിരുന്ന് സാധിക്കില്ല. അതുകൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനം. സജീവമായി രാഷ്ട്രീയത്തിലിറങ്ങുകയാണെങ്കിൽ ഇപ്പോൾ ജനങ്ങൾക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങളോടൊപ്പം പാർട്ടിക്കു വേണ്ടിയും പ്രവർത്തിക്കാൻ കഴിയും. അതുകൊണ്ടാണ് രാജി വയ്ക്കാൻ തീരുമാനിച്ചത്.

ദേശീയ വനിതാ കമ്മിഷനിലുണ്ടായിരുന്ന കാലത്തെ പല നിമിഷങ്ങളും വളരെ സന്തോഷം നിറഞ്ഞതും വൈകാരികവുമായിരുന്നു. ആ കാലത്താണ് എന്റെ പല പ്രശ്നങ്ങളും ഒന്നുമല്ലെന്ന് എനിക്കു തോന്നിയത്. നമ്മുടെ സമൂഹത്തിലെ പല സ്ത്രീകളും എത്രയോ വലിയ കഷ്ടപ്പാടുകളാണ് അനുഭവിക്കുന്നത്. നമ്മളൊക്കെ വലുതെന്നു കരുതുന്ന പലതുമല്ല യഥാർഥത്തിൽ പ്രശ്നങ്ങളെന്ന് എനിക്ക് മനസ്സിലാക്കിത്തന്നതും ആ കാലഘട്ടമായിരുന്നു. പഠനത്തിന്റെയും മനസ്സിലാക്കലിന്റെയും അറിവിന്റെയുമെല്ലാം കാലമായിരുന്നു അത്. എന്നാൽ ഞാനിരുന്ന പദവിയോട് എനിക്ക് 100 ശതമാനം കൂറു പുലർത്താൻ കഴിഞ്ഞില്ല. കാലാവധി തീരുന്നതിന് മുമ്പാണ് രാജിവച്ചത്.

∙ ശ്രദ്ധ ദേശീയ രാഷ്ട്രീയത്തിൽ

ഞാനൊരു ദേശീയ പാർട്ടി ലീഡറാണ്. ദേശീയ തലത്തിൽത്തന്നെ പ്രവർത്തിക്കാനാണ് ആഗ്രഹിക്കുന്നതും. ഒരിക്കലും ഒരിടത്തു മാത്രം ഒതുങ്ങി നിൽക്കാൻ എനിക്കു താൽപര്യമില്ല. ഏതെങ്കിലും ഒരു മണ്ഡലമോ സംസ്ഥാനമോ മാത്രം നോക്കി രാഷ്ട്രീയ പ്രവർത്തനം നടത്താന്‍ ഉദ്ദേശിക്കുന്നില്ല. അധികാരമുണ്ടെങ്കിൽ മാത്രം പാർട്ടിക്കു വേണ്ടി പ്രവർത്തിക്കാം എന്ന് കരുതുന്ന വ്യക്തിയല്ല ഞാൻ. തിരഞ്ഞെടുപ്പിൽ മത്സരിക്കുക എന്നതല്ല എന്റെ ലക്ഷ്യം. ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുകയാണ്. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ടിയല്ല രാഷ്ട്രീയ പ്രവർത്തകയാകാൻ തീരുമാനിച്ചത്. പാർട്ടി പറഞ്ഞാൽ മത്സരിക്കും. അല്ലെങ്കിൽ പാർട്ടിക്കു വേണ്ടി പ്രവർത്തിക്കും.

ബിജെപി എല്ലാവർക്കും സ്വാതന്ത്ര്യം തരുന്നൊരു പാർട്ടിയാണ്. ഒരിക്കലും വ്യക്തികളുടെ താൽപര്യത്തിനു വേണ്ടി പ്രവർത്തിക്കില്ല. രാജ്യത്തിന്റെ താൽപര്യങ്ങൾ കാത്തു സൂക്ഷിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ഏതെങ്കിലുമൊരു കുടുംബത്തിനു വേണ്ടിയോ ഗ്രൂപ്പിനു വേണ്ടിയോ ഒരിക്കലും ബിജെപി പ്രവർത്തിക്കില്ല. എല്ലാവരും ഒരുമിച്ച് നിന്നാണ് പ്രവർത്തിക്കുന്നത്. ബിജെപിയിൽനിന്നു കിട്ടുന്ന ഏറ്റവും വലിയ സ്വാതന്ത്ര്യവും അതാണ്.

ഖുഷ്ബു സുന്ദർ (Photo: Facebook, @kushboosundar)
ഖുഷ്ബു സുന്ദർ (Photo: Facebook, @kushboosundar)

∙ ഒരു സ്ത്രീയായ ഞാൻ വേദനിക്കുന്നു

ഏറ്റവും സങ്കടകരമായ സംഭവമാണ് കൊൽക്കത്തയിൽ നടക്കുന്നത്. ഒരിക്കലും നടക്കരുതാത്ത കാര്യമാണത്. ഒരു സ്ത്രീ എന്ന നിലയിൽ എന്നെ ഏറെ വേദനിപ്പിച്ചൊരു കാര്യമാണ്. എന്നാൽ പ്രതിയെ സംരക്ഷിക്കാനുള്ള ശ്രമമാണ് മമതാ ബാനർജി നടത്തുന്നത്. തൃണമൂൽ കോൺഗ്രസും മമതാ ബാനർജിയും ഇക്കാര്യത്തിൽ സമ്പൂർണ പരാജയമാണ്. ഒരു വനിതാ മുഖ്യമന്ത്രിയായിട്ടും ഒരു യുവതിക്ക് സംഭവിച്ച കാര്യത്തിൽ നടപടിയെടുക്കാൻ അവർക്കായില്ല. ഒരു വനിതാ മുഖ്യമന്ത്രി എന്ന നിലയിൽ അവര്‍ പൂർണ പരാജയമാണ്. ആ സ്ഥാനത്ത് തുടരാൻ പോലും അർഹതയില്ല. അവർ രാജിവയ്ക്കണം.

∙ ഇനി സിനിമയിലേക്കും

ദേശീയ വനിതാ കമ്മിഷനിൽ അംഗമായിരുന്നപ്പോൾ എനിക്കെന്റെ പ്രഫഷനും മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞിരുന്നില്ല. സിനിമയിൽ അഭിനയിക്കാനുള്ള അവസരവും ഉണ്ടായിരുന്നില്ല. ഒരു ഭരണഘടനാ പദവിയിലിരിക്കുമ്പോൾ അത് സാധിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ ഞാൻ സ്വതന്ത്രയാണ്. വീണ്ടും സിനിമയിൽ അഭിനയിക്കാനുള്ള അവസരം കൂടിയാണ് ലഭിച്ചിരിക്കുന്നത്. ഒന്നര വർഷത്തോളം സിനിമയിലോ ടിവി ഷോകളിലോ ഇല്ലായിരുന്നു. പദവി രാജിവച്ചത് എന്റെ സിനിമാ ജീവിതത്തിനും നല്ലതാവുമെന്നാണ് കരുതുന്നത്. നല്ല സിനിമകൾ വരുകയാണെങ്കിൽ ചെയ്യാനുള്ള തയാറെടുപ്പിലാണ്.

∙ സുരേഷ് ഗോപി അടുത്ത സുഹൃത്ത്, അദ്ദേഹം വിജയി

സുരേഷ് ഗോപി എന്റെ അടുത്ത സുഹൃത്താണ്. തിരഞ്ഞെടുപ്പിൽ അദ്ദേഹം വിജയിച്ചത് ഒരുപാട് സന്തോഷം തരുന്ന കാര്യമാണ്. ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി ഏറ്റവും നല്ല രീതിയിൽ അവർക്ക് വേണ്ടി പ്രവർത്തിക്കാൻ അദ്ദേഹത്തിനാകും. സുരേഷ് ഗോപി എപ്പോഴും വിജയിക്കുന്നവനാണ്. കേരളത്തിലെ ആദ്യ ബിജെപി എംപിയായ അദ്ദേഹത്തിന് കേരളത്തിലെ ജനങ്ങൾക്കു വേണ്ടി പലതും ചെയ്യാനുണ്ട്. അതിന് അദ്ദേഹത്തിന് കഴിയുമെന്നാണ് എന്റെ വിശ്വാസം

English Summary:

BJP Leader Actress Khushbu Sundar Talks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com