ചിങ്ങം പിറന്നു, ഗുരുവായൂരിൽ ഇനി തിരക്കിന്റെ നാളുകൾ
Mail This Article
ഗുരുവായൂർ ∙ ചിങ്ങം പിറന്നതോടെ ഗുരുവായൂരിൽ ആഘോഷത്തിന്റെയും തിരക്കിന്റെയും വിവാഹങ്ങളുടെയും ദിനങ്ങളായി. ഇന്ന് ചിങ്ങം രണ്ടിന് ക്ഷേത്രത്തിൽ ഇല്ലംനിറയാണ്. പുതുതായി കൊയ്തെടുത്ത കതിർക്കറ്റകൾ ഭഗവാനു സമർപ്പിച്ച് പൂജ ചെയ്യുന്ന ചടങ്ങാണ് ഇല്ലംനിറ. രണ്ടായിരത്തോളം കതിർക്കറ്റകൾ ഇതിനായി എത്തിക്കഴിഞ്ഞു. ഞായറാഴ്ച രാവിലെ മേൽശാന്തി പള്ളിശേരി മധുസൂദനൻ നമ്പൂതിരി കതിരുകൾക്കു പൂജ ചെയ്ത് ഒരു കെട്ട് കതിർ ഗുരുവായൂരപ്പന്റെ തൃപ്പാദങ്ങളിൽ സമർപ്പിക്കും. പൂജിച്ച കതിരുകൾ ഭക്തർക്ക് പ്രസാദമായി വിതരണം ചെയ്യും.
26 ന് ശ്രീകൃഷ്ണജയന്തിയും 28 ന് തൃപ്പുത്തരിയും ക്ഷേത്രത്തിലെ വിശേഷങ്ങളാണ്. കണ്ണന്റെ പിറന്നാൾ ദിനമായ അഷ്ടമിരോഹിണിക്ക് പതിനായിരങ്ങൾ ദർശനത്തിന് എത്തും. നെയ്യിൽ തയാറാക്കുന്ന അപ്പമാണ് പ്രധാന നിവേദ്യം. ഭക്തർക്ക് വിഭവ സമൃദ്ധമായ പിറന്നാൾ സദ്യയും നൽകും.
തൃപ്പുത്തരി 28നാണ്. പുതിയ നെല്ലിന്റെ അരി കൊണ്ടുള്ള നേദ്യവും പായസവും അപ്പവും ഭഗവാനു നേദിക്കും. ഇതിനൊപ്പം ഉപ്പുമാങ്ങ, പുത്തരിച്ചുണ്ട ഉപ്പേരി, പത്തിലക്കറി എന്നിവയുമുണ്ടാകും. ഔഷധമായി ഉഴിഞ്ഞ വള്ളി ചുറ്റിയ ഉരുളിയിലാണ് പുത്തരിപ്പായസം നേദിക്കുന്നത്. ഉച്ചപ്പൂജ കഴിഞ്ഞാലുടൻ ഉച്ചശീവേലിയും ഈ ദിവസത്തെ പ്രത്യേകതയാണ്.
നിറപുത്തരി കഴിഞ്ഞാൽ ഓണക്കാലമായി. അത്തം മുതൽ കണ്ണനു മുന്നിൽ ഭക്തരുടെ വകയായി വിവിധ തരത്തിലുള്ള പൂക്കളങ്ങൾ നിറയും.
ഉത്രാടത്തിന് കാഴ്ചക്കുല സമർപ്പണം ഗുരുവായൂരിൽ വിശേഷമാണ്. ലക്ഷണമൊത്ത നേന്ത്രക്കുലകൾ ഭക്തർ കണ്ണനു കാഴ്ച വയ്ക്കും. ആയിരത്തോളം നേന്ത്രക്കുലകളാണ് കാഴ്ചയായി എത്തുന്നത്. ഇതിൽ ഒരു ഭാഗം ആനകൾക്കു നൽകും. ബാക്കി തിരുവോണത്തിന് പഴംപ്രഥമൻ ഉണ്ടാക്കാൻ എടുക്കും.
തിരുവോണത്തിനും ഗുരുവായൂരിൽ തിരക്കു തന്നെ. ഗുരുവായൂരപ്പന് ഓണപ്പുടവ നൽകുന്ന ചടങ്ങുണ്ട്. ഊരാളൻ മല്ലിശേരി നമ്പൂതിരി പുലർച്ചെ കണ്ണന്റെ സോപാനത്ത് രണ്ട് ഓണപ്പുടവ സമർപ്പിക്കും. ഭക്തർക്കും വഴിപാടായി ഓണപ്പുടവ സമർപ്പിക്കാം.
ക്ഷേത്രത്തിൽ ഏറ്റവുമധികം വിവാഹങ്ങൾ നടക്കുന്നത് ചിങ്ങത്തിലാണ്. ചിങ്ങം ഒന്നിന് 17 വിവാഹങ്ങൾ നടന്നു. ഇന്ന് (ഞായർ) ഇരുനൂറോളം വിവാഹങ്ങളുണ്ട്. ഓഗസ്റ്റ് 19ന് 41 വിവാഹങ്ങളും 22ന് 165 വിവാഹങ്ങളും 28ന് 137 വിവാഹങ്ങളുമാണ് ബുക്കിങ് ആയത്. സെപ്റ്റംബർ എട്ടിന് ഇതുവരെ 261 വിവാഹങ്ങൾക്ക് ശീട്ട് നൽകിക്കഴിഞ്ഞു.
പൊതു അവധി ദിവസങ്ങളിലും അവധി ദിവസങ്ങൾക്കിടയിൽ വരുന്ന പ്രവൃത്തിദിവസങ്ങളിലും ഇപ്പോൾ വിഐപി, സ്പെഷൽ ദർശനം അനുവദിക്കുന്നില്ല. അവധി ദിവസങ്ങളിൽ വൈകിട്ട് 3.30ന് ഒരു മണിക്കൂർ നേരത്തേ നട തുറക്കും. വരി നിൽക്കുന്നവർക്കാണ് ഈ ദിവസങ്ങളിൽ മുൻഗണന. 1000 രൂപയുടെ നെയ് വിളക്ക് വഴിപാട് ശീട്ടാക്കിയാൽ ഒരാൾക്കും 4500 രൂപയുടെ നെയ് വിളക്കിന് 5 പേർക്കും വരി നിൽക്കാതെ ദർശനം നടത്താം. ഇവർക്കു പ്രസാദവും ലഭിക്കും.
ഗുരുവായൂരിൽ ലോഡ്ജിങ് സൗകര്യങ്ങൾ ഏറെ വർധിച്ചിട്ടുണ്ട്. താമസ സൗകര്യമുള്ള നൂറ്റമ്പതിലേറെ ഹോട്ടലുകൾ ക്ഷേത്ര പരിസരത്തു തന്നെയുണ്ട്. സദ്യാലയങ്ങളും ധാരാളമുണ്ട്. അതിനാൽ ചില പ്രത്യേക ദിവസങ്ങൾ ഒഴികെ മറ്റു ദിവസങ്ങളിൽ താമസത്തിനും വിവാഹ ഒരുക്കത്തിനും ബുദ്ധിമുട്ട് ഉണ്ടാകാറില്ല.