ADVERTISEMENT

കോട്ടയം∙ ഓട്ടോറിക്ഷകൾക്ക് സ്റ്റേറ്റ് പെർമിറ്റ് അനുവദിക്കാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധം കടുക്കുന്നു. സർക്കാർ തീരുമാനം വൻകിട കോർപ്പറേറ്റുകളെ സഹായിക്കാനാണെന്നാണു പ്രധാന ആരോപണം. ഓട്ടോറിക്ഷകൾക്ക് സ്റ്റേറ്റ് പെർമിറ്റ് അനുവദിക്കുന്നതോട യൂബർ, ഓലെ, റാപ്പിഡോ പോലുള്ള വൻകിട കമ്പനികൾ യഥേഷ്ടം നിരത്തുകളിൽ ഇറങ്ങുമെന്നും ഇതു പരമ്പരാഗത ഓട്ടോ തൊഴിലാളികളുടെ വയറ്റത്തടിക്കുമെന്നുമാണു സംഘടനകൾ വാദിക്കുന്നത്. 

ഓട്ടോറിക്ഷകൾക്കു സംസ്ഥാന പെർമിറ്റ് എന്ന തീരുമാനവുമായി മുന്നോട്ടു പോകാനാണു സർക്കാർ നീക്കമെങ്കിൽ ശക്തമായ സമരത്തിലേക്കു കടക്കുമെന്നാണ് ഐഎൻടിയുസി ദേശീയ സെക്രട്ടറിയും എറണാകുളം ജില്ലാ ഓട്ടോറിക്ഷാ യൂണിയൻ പ്രസിഡന്റുമായ കെ.കെ. ഇബ്രാഹിംകുട്ടി മുന്നറിയിപ്പ് നൽകുന്നു. ഒരു സംഘടനയുമായും വിഷയത്തിൽ സർക്കാർ കൂടിയാലോചന നടത്തിയിട്ടില്ല. ഇതു തൊഴിലാളി വിരുദ്ധവും സാധാരണക്കാരായ ഓട്ടോ തൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്ന തീരുമാനവുമാണെന്ന് അദ്ദേഹം പറയുന്നു. 

‘‘ഓട്ടോറിക്ഷകൾക്ക് സംസ്ഥാന പെർമിറ്റ് കൊടുക്കുന്നതോടെ വൻകിട കോർപ്പറേറ്റുകൾക്കു യഥേഷ്ടം സവാരി നടത്താമെന്ന അവസ്ഥയായിരിക്കും കേരളത്തിൽ സംഭവിക്കുക. നിലവിലെ 20 കിലോമീറ്റർ വ്യവസ്ഥയും മറ്റും ഇതോടെ ഇല്ലാതാകും. കേരളത്തില‍െ ഓട്ടോ സ്റ്റാൻഡുകളിൽ ഇതു വലിയ സംഘർഷത്തിനു വഴിവയ്ക്കുമെന്നും ഐഎൻടിയുസി നേതാവായ കെ.കെ. ഇബ്രാഹിംകുട്ടി ചൂണ്ടിക്കാണിക്കുന്നു. ഓട്ടോ സ്റ്റാൻഡുകളിലെ നിലവിലെ സമാധാന അന്തരീക്ഷം തകർക്കുകയാണു സർക്കാരിന്റെ ലക്ഷ്യമെന്നാണു സംഘടനകളുടെ പ്രധാന ആരോപണം. നിലവിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഓട്ടോ തൊഴിലാളികൾ ജോലിയെടുക്കുന്ന തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളെയായിരിക്കും സ്റ്റേറ്റ് പെർമിറ്റ് തീരുമാനം പ്രതികൂലമായി ബാധിക്കുക. കൂടിയാലോചനകളില്ലാതെ എടുത്ത തീരുമാനത്തിൽനിന്നു സർക്കാർ പിന്നോട്ടു പോയില്ലെങ്കിൽ പ്രതിഷേധത്തിലേക്കു കടക്കാൻ തന്നെയാണ് ഐഎൻടിയുസി തീരുമാനമെന്നും കെ.കെ. ഇബ്രാഹിംകുട്ടി അറിയിച്ചു.‌

അതേസമയം, ഓൺലൈൻ ടാക്സികളുടെ വയറ്റത്തടിക്കുന്ന തീരുമാനമാണ് ഓട്ടോറിക്ഷകൾക്ക് സ്റ്റേറ്റ് പെർമിറ്റ് എന്ന വിചിത്ര നിയമമെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. യൂബർ, ഓലെ, റാപ്പിഡോ പോലുള്ള വൻകിട കമ്പനികൾ ഓൺലൈൻ ടാക്സികൾക്കു വെല്ലുവിളി ഉയർത്തുമെന്നു യെലോ കാബ് ഡ്രൈവർ സൊസൈറ്റി സംസ്ഥാന സെക്രട്ടറി സി.ഷാജോ ജോസ് ആരോപിക്കുന്നു. സിഎൻജി ഓട്ടോ കമ്പനികളെ സഹായിക്കാനാണു സർക്കാർ ഈ തീരുമാനമെടുത്തത്. കോവിഡിനുശേഷം ഓൺലൈൻ ടാക്സി മേഖല പതിയെ തിരിച്ചുകയറിവരുന്ന ഘട്ടത്തിലാണ് സർക്കാരിന്റെ ഏകപക്ഷീയമായ തീരുമാനം വന്നിരിക്കുന്നതെന്നും ഷാജോ ജോസ് ചൂണ്ടിക്കാട്ടുന്നു. തീരുമാനം നടപ്പിലായാൽ നിലവിലെ ദൂരപരിധി ഓട്ടോറിക്ഷകൾക്കു ബാധകമാകില്ലെന്നും ദീർഘദൂര യാത്രക്കാർപോലും സുരക്ഷിതത്വം നോക്കാതെ ഇത്തരം ഓട്ടോകളെ ആശ്രയിക്കുമെന്നുമാണ് ഇവർ പറയുന്നത്. ഇതോടെ ടാക്സി മേഖല വലിയ പ്രതിസന്ധിയിലേക്കു നീങ്ങുമെന്നും ഈ മേഖലയിലുള്ളവർ ആശങ്ക പ്രകടിപ്പിക്കുന്നു.‌ ഓട്ടോറിക്ഷകൾക്ക് സ്റ്റേറ്റ് പെർമിറ്റ് എന്ന തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും സി. ഷാജോ ജോസ് പറഞ്ഞു.

അതിനിടെ, തീരുമാനം വിവാദത്തിലായ പശ്ചാത്തലത്തിൽ ഓട്ടോ സ്റ്റേറ്റ് പെർമിറ്റിനെ എതിർത്ത് സിഐടിയു രംഗത്തെത്തി. അപകടസാധ്യതയും സംഘർഷ സാധ്യതയും ചൂണ്ടിക്കാട്ടിയാണു ഗതാഗത മന്ത്രിക്ക് അയച്ച കത്തില്‍ സിഐടിയു സ്റ്റേറ്റ് പെർമിറ്റ് തീരുമാനത്തെ എതിർത്തത്. ജില്ലാ അതിർത്തിയിൽനിന്ന് 20 കിലോമീറ്റർ അകലെവരെ പോകാൻ മാത്രമാണ് ഓട്ടോയ്ക്ക് അനുമതിയുണ്ടായിരുന്നതെന്നും ഇത് 30 ആക്കണമെന്നുമാണ് സിഐടിയു ആവശ്യപ്പെട്ടിരിക്കുന്നത്.

English Summary:

Unions, Online Taxi Drivers Unite Against Kerala's Autorickshaw Permit Policy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com