കൊൽക്കത്ത കേസ്: 7 ദിവസം നിരോധനാജ്ഞ; ഓരോ 2 മണിക്കൂറിലും റിപ്പോർട്ട് നൽകണമെന്ന് ആഭ്യന്തരമന്ത്രാലയം
Mail This Article
കൊൽക്കത്ത∙ പിജി ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആർ.ജി.കാർ മെഡിക്കൽ കോളജ് പരിസരത്ത് ഏഴു ദിവസത്തേക്ക് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മെഡിക്കൽ കോളജിന് സമീപത്ത് ധർണയോ റാലിയോ പാടില്ലെന്ന് കൊൽക്കത്ത പൊലീസ് അറിയിച്ചു. ആശുപത്രിയിലെ പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെ തുടർന്ന് ആശുപത്രിക്ക് സമീപം നടന്ന പ്രതിഷേധങ്ങൾ അക്രമാസക്തമായിരുന്നു. ആശുപത്രിക്ക് നേരെയും ആക്രമണം ഉണ്ടായി. ആശുപത്രിക്ക് സമീപം പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് മെഡിക്കൽ കോളേജ് പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, കൊലപാതകത്തിൽ രാജവ്യാപക പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തിൽ ഓരോ രണ്ട് മണിക്കൂറിലും ക്രമസമാധാന നിലയെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും നിർദേശം നൽകി. ഓരോ രണ്ട് മണിക്കൂറിലും മെയിൽ, ഫാക്സ് അല്ലെങ്കിൽ വാട്സാപ് വഴി റിപ്പോർട്ട് അയയ്ക്കാനാണ് രാജ്യത്തെ എല്ലാ സംസ്ഥാന പൊലീസ് സേനകൾക്കും ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയിരിക്കുന്നത്. ഓഗസ്റ്റ് 16ന് വൈകിട്ട് നാലുമണി മുതൽ റിപ്പോർട്ട് അയയ്ക്കാനാണ് നിർദേശം.
രണ്ടുമണിക്കൂർ ഇടവിട്ടുള്ള റിപ്പോർട്ട് രാജ്യത്തെ നിർണായക വിഷയങ്ങൾ സംബന്ധിച്ച വിവരം കൃത്യസമയത്ത് എത്തുന്നുവെന്ന് ഉറപ്പാക്കുമെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടു. കൊൽക്കത്ത ബലാത്സംഗ കേസിൽ നിരവധി വീഴ്ചകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. “ഇത്തരം നിർണായക സന്ദർഭങ്ങളിൽ, വേഗത്തിൽ നടപടിയെടുക്കേണ്ടതുണ്ട്.” അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ മാസം 9നാണ് സർക്കാർ നിയന്ത്രണത്തിലുള്ള ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെമിനാർ ഹാളിൽ പിജി ഡോക്ടറെ ക്രൂരമായി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.