‘അർജുനെ കണ്ടെത്തുമെന്നത് ഞങ്ങളുടെ പ്രതിജ്ഞ; ഒരു ദിവസം അനുവദിച്ചാൽ 2 ദിവസം നിഷേധിക്കും’
Mail This Article
കോഴിക്കോട്∙ കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ വീട്ടിലെത്തി ഈശ്വർ മാൽപെ. ഉച്ചയോടെയാണ് ഈശ്വർ മാൽപെ കണ്ണാടിക്കലിലെ വീട്ടിലെത്തിയത്. അർജുന്റെ വീട്ടിലെത്തിയത് കുടുംബത്തെ സമാധാനിപ്പിക്കാനാണെന്ന് ഈശ്വർ മാൽപെ പറഞ്ഞു.
തിരച്ചിൽ നടത്തുമ്പോൾ വലിയ പ്രതിസന്ധികൾ നേരിടേണ്ടി വന്നു. അനുമതി നേടുന്നതിനാണ് ഏറ്റവും പ്രതിസന്ധി നേരിട്ടത്. ഒരു ദിവസം വെള്ളത്തിൽ ഇറങ്ങാൻ അനുവദിച്ചാൽ അടുത്ത രണ്ട് ദിവസം അനുമതി നിഷേധിക്കും. മണ്ണിടിച്ചിലിൽപ്പെട്ട എട്ട് പേരുടെ മൃതദേഹം കിട്ടി. മൂന്ന് പേരെ ഇനിയും കിട്ടാനുണ്ട്. അർജുന്റെ വണ്ടിയുടെ ജാക്കിയും കയറും കണ്ടെടുക്കാനായി. കയറ് കിട്ടിയ സ്ഥലത്ത് ഒരുപാട് മണ്ണ് നീക്കം ചെയ്യാനുണ്ട്.
ഡ്രജിങ് മെഷിൻ കൊണ്ടുവന്ന് മണ്ണ് നീക്കണം. 5 ദിവസമെങ്കിലും ഡ്രജിങ് നടത്തേണ്ടി വരും. 30 അടിയിൽ മണ്ണ് അടിഞ്ഞിട്ടുണ്ട്. ഡ്രജർ എത്തിക്കാനുള്ള ഫണ്ട് ഇല്ലാത്ത രീതിയിലാണ് കർണാടക സർക്കാരിന്റെ നിലപാട്. കേരള സർക്കാരും വിഷയത്തിൽ ഇടപെടണം. അർജുന്റെ മൃതദേഹമെങ്കിലും വീട്ടിൽ എത്തിക്കുമെന്ന് അമ്മയ്ക്ക് വാക്ക് നൽകിയിരുന്നു. ഞങ്ങളുടെ സംഘത്തിൽ പത്ത് പേരുണ്ട്. അർജുനെ കണ്ടെത്തുക എന്നത് ഞങ്ങൾ പ്രതിജ്ഞയാക്കി എടുത്തിരിക്കുകയാണെന്നും ഈശ്വർ മാൽപെ പറഞ്ഞു.
ഒരു മാസം മുൻപാണ് ഷിരൂരിൽ മണ്ണിടിച്ചിലിൽപ്പെട്ട് അർജുനും തടികയറ്റിയ ലോറിയും കാണാതായത്. കരയിലും വെള്ളത്തിലും തിരച്ചിൽ നടത്തിയെങ്കിലും അർജുനെ കണ്ടെത്താനായില്ല. വെള്ളത്തിൽ കാണാതാകുന്നവർക്കായി തിരച്ചിൽ നടത്തുന്ന സന്നദ്ധ പ്രവർത്തകനാണ് കർണാടക സ്വദേശിയായ ഈശ്വർ മാൽപെ.