ADVERTISEMENT

കൊച്ചി ∙ മലയാള സിനിമയില്‍ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടുന്നതിനെതിരെ നടി രഞ്ജിനി സമർപ്പിച്ച ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. പരാതിക്കാരിക്ക് റിട്ട് ഹർജിയുമായി സിംഗിൾ ബെഞ്ചിനെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. ഇന്നു തന്നെ സിംഗിൾ ബെഞ്ചിൽ ഹർജി നൽകാനും ആക്ടിങ് ചീഫ് ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, എസ്.മനു എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

റിപ്പോർട്ട് പുറത്തുവിടാമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് രഞ്ജിനി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. എന്നാൽ ഇത് അപ്പീലായല്ല, കേസിൽ കക്ഷിയാണെങ്കിൽ റിട്ട് ഹർജിയുമായി സിംഗിൾ ബെഞ്ചിനെയാണ് സമീപിക്കേണ്ടത് എന്നാണ് കോടതി ഇന്ന് ചൂണ്ടിക്കാട്ടിയത്. ഉച്ചകഴിഞ്ഞ് 3 മണിക്ക് മുൻപ് സിംഗിൾ ബെഞ്ചിൽ ഹർജി നൽകാമെങ്കിൽ ഇന്നു തന്നെ കേസ് പരിഗണിക്കുന്ന കാര്യം ആലോചിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് നിർമാതാവ് സജിമോൻ പറയിൽ നൽകിയ അപ്പീലും കോടതിയുടെ പരിഗണനയ്ക്ക് വന്നിരുന്നു.

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടരുതെന്ന് ആവശ്യപ്പെട്ട് സജിമോൻ പറയിൽ നൽകിയ ഹർജി നേരത്തെ ജസ്റ്റിസ് വി.ജി.അരുണിന്റെ ബെഞ്ച് തള്ളിയിരുന്നു. പരാതിക്കാരനെ റിപ്പോർട്ട് പുറത്തു വിടുന്നത് എങ്ങനെയാണ് എന്ന് തെളിയിക്കാൻ സാധിച്ചിട്ടില്ലെന്നതും റിപ്പോർട്ടിൽ ആരേയും ബാധിക്കുന്ന വിധത്തിലുള്ള കാര്യങ്ങൾ ഇല്ലെന്ന് വിവരാവകാശ കമ്മീഷൻ നൽകിയ ഉറപ്പും ചൂണ്ടിക്കാട്ടിയായിരുന്നു കോടതി വിധി.

ഇതിനെ തുടർന്ന് റിപ്പോർട്ട് പുറത്തുവിടാൻ ഒരുങ്ങുന്നതിനിടെയാണ് നടി രഞ്ജിനി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. സിംഗിൾ ബെ‍ഞ്ച് ഉത്തരവും റിപ്പോർട്ട് പുറത്തുവിടാനുള്ള വിവരാവകാശ കമ്മിഷന്റെ ഉത്തരവും സ്റ്റേ ചെയ്യണമെന്നാണ് രഞ്ജിനി തന്റെ റിട്ട് അപ്പീലിൽ ആവശ്യപ്പെട്ടത്. തന്റെ സ്വകാര്യത ലംഘിക്കപ്പെടാൻ പാടില്ലെന്നും റിപ്പോർട്ട് പുറത്തു വിടുന്നതിനു മുമ്പ് തന്നെ കേൾക്കുമെന്നുള്ള പ്രതീക്ഷയും ഇന്ന് വാദത്തിനിടെ രഞ്ജിനിയുടെ അഭിഭാഷകൻ മുന്നോട്ടു വച്ചു. സ്വകാര്യത സംരക്ഷിക്കപ്പെടുമെന്നും വിവരങ്ങള്‍ പുറത്തു വിടില്ലെന്ന ഉറപ്പ് നല്‍കിയിരുന്നതുെകാണ്ടുമാണ് മൊഴി നൽകിയത്. ഇത്തരത്തിൽ 42 പേരാണ് മൊഴി നൽകിയിരിക്കുന്നത്. ഇപ്പോൾ റിപ്പോർട്ട് പുറത്തു വിടുമ്പോൾ തന്റെ മൊഴി എങ്ങനെയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത് എന്നത് അറിയില്ല. ‍‍

മൊഴി നൽകിയ ആളെന്ന നിലയിൽ തനിക്ക് അതറിയാനുള്ള അവകാശമുണ്ടെന്നും രഞ്ജിനി വാദിച്ചു. തുടർന്നാണ് മൊഴി നൽകിയ ആളെന്ന നിലയിൽ രഞ്ജിനിക്ക് ഹൈക്കോടതി സിംഗിൾ ബെഞ്ചിനെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കിയത്. അതേ സമയം, സിംഗിൾ ബെഞ്ചിനെ സമീപിക്കുന്നതിന് 21 വരെ റിപ്പോര്‍ട്ട് പുറത്തു വിടുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. ഇന്നു തന്നെ സിംഗിൾ ബെഞ്ചിനെ സമീപിക്കാവുന്നതാണെന്നും കോടതി നിരീക്ഷിച്ചു.

English Summary:

Hema Commission Report: Kerala HighCourt Rejects Actress Ranjini Plea

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com