ADVERTISEMENT

ചെന്നൈ∙ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിന് ശേഷം നിർണായക നീക്കത്തിനൊരുങ്ങി തമിഴ് നടൻ വിജയ്. തന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പതാക താരം ഉടൻ പുറത്തിറക്കും. ഓഗസ്റ്റ് 22ന് ചെന്നൈയ്ക്കു സമീപം പനയൂരിൽ വച്ച് നടക്കുന്ന പാർട്ടി ഭാരവാഹികളുടെ യോഗത്തിലാണ് വിജയ്, പാർട്ടി പതാക പുറത്തിറക്കുക. പതാകയുടെ നിറത്തെ സംബന്ധിച്ചും സൂചനകൾ പുറത്തുവരുന്നുണ്ട്. പൂർണമായും മഞ്ഞയായിരിക്കുമെന്നും പതാകയിലെ ചിഹ്നമായി വാകപ്പൂവ് ഉൾപ്പെടുത്തുമെന്നുമാണ് പുറത്തുവരുന്ന സൂചനകൾ.

തമിഴ്നാട്ടിൽ സമത്വത്തിന്റെ അടയാളമായാണ് മഞ്ഞ നിറം ഉപയോഗിക്കുന്നത്. ഇതിന് പുറമെ കാർഷിക സമ്പൽ സമൃദ്ധിയുടെ സൂചകമായി വാകപ്പൂവിനെയും കാണുന്നു. ഈ രണ്ട് ചിഹ്നങ്ങളും പാർട്ടിക്കൊടിയിൽ വേണമെന്ന് വിജയ് നിർദേശിച്ചുവെന്നാണ് സൂചന. തിങ്കളാഴ്ച പൗർണമി ദിനത്തിൽ പാർട്ടി ആസ്ഥാനത്ത് മഞ്ഞ നിറത്തിലുള്ള കൊടി ഉയർത്തിയിരുന്നു. ഓഗസ്റ്റ് 22ന് നടക്കുന്ന ചടങ്ങിൽ തമിഴ്‌നാട്, കേരളം, പുതുച്ചേരി, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള തമിഴക വെട്രി കഴകത്തിന്റെ മുന്നൂറോളം ഭാരവാഹികള്‍ക്കാണ് ക്ഷണം ലഭിച്ചിരിക്കുന്നത്. പരിപാടിയിലേക്ക് 100 ഓളം മാധ്യമ പ്രവർത്തകരെയും പാർട്ടി ഭാരവാഹികൾ ക്ഷണിച്ചിട്ടുണ്ടെന്ന് പാർട്ടി ജനറൽ സെക്രട്ടറി ബുസി ആനന്ദിനോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.

അതേസമയം വിജയുടെ പുതിയ ചലച്ചിത്രമായ ‘ഗോട്ടി’ന്റെ റിലീസിന് മുന്നോടിയായി പാർട്ടി പതാക വ്യാപകമാക്കാനാണ് നീക്കം നടക്കുന്നത്. സെപ്റ്റംബർ 5നാണ് വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ‘ഗോട്ട്’ ലോകവ്യാപകമായി റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ഫ്ലക്സ് ബോർഡുകൾക്കൊപ്പം പാർട്ടി പതാക വ്യാപകമായി സ്ഥാപിക്കാനുള്ള നിർദേശവും പാർട്ടി ഭാരവാഹികൾ നൽകിയിട്ടുണ്ട്. അതിനിടെ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം സെപ്തംബർ 22ന് വിഴുപുരം ജില്ലയിലെ വിക്രവണ്ടിയിൽ നടത്താനാണ് നീക്കം. സേലം, ട്രിച്ചി, മധുരൈ എന്നിവിടങ്ങളിൽ സംസ്ഥാന സമ്മേളനം നടത്താൻ വെട്രി കഴകം ഭാരവാഹികൾ ശ്രമിച്ചിരുന്നെങ്കിലും അനുമതി ലഭിക്കാതായതോടെയാണ് സമ്മേളന വേദിയായി വിക്രവണ്ടി തിരഞ്ഞെടുത്തത്.

അതിനിടെ അന്തരിച്ച ഡിഎംഡികെ അധ്യക്ഷനും നടനുമായ വിജയകാന്തിന്റെ ചെന്നൈയിലെ വസതിയിൽ വിജയ് സന്ദർശനം നടത്തി. വിജയകാന്തിനെ ഗോട്ട് സിനിമയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) വഴി അവതരിപ്പിക്കാൻ അനുമതി നൽകിയതിന് ഡിഎംഡികെ ജനറൽ സെക്രട്ടറി പ്രേമലത വിജയകാന്തിനോട് വിജയ് നന്ദി അറിയിച്ചിട്ടുണ്ട്. വിജയകാന്തിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തിയാണ് വിജയ് മടങ്ങിയത്.

English Summary:

Actor Vijay likely to unveil Tamilaga Vettri Kazhagam flag on August 22

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com