ആകാശത്തുനിന്ന് എഫ്ഐആർ ഇടാനാകില്ലെന്ന് ബാലൻ; ‘അമ്മ’യ്ക്ക് പെൺമക്കളില്ലെന്ന് ശ്രീമതി
Mail This Article
പാലക്കാട് / കണ്ണൂർ ∙ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആകാശത്തുനിന്ന് എഫ്ഐആർ ഇടാനാകില്ലെന്ന് മുൻ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ എ.കെ. ബാലൻ. റിപ്പോർട്ട് പൂഴ്ത്തിവയ്‌ക്കേണ്ട ആവശ്യം സർക്കാരിനില്ല. നിലവിലെ റിപ്പോർട്ട് പ്രകാരം കേസെടുക്കുന്നതിനു പ്രായോഗിക തടസ്സങ്ങളുണ്ട്. സർക്കാരിനു വ്യക്തിപരമായ പരാതികൾ ലഭിച്ചിട്ടില്ല. അത്തരത്തിൽ പരാതി ലഭിക്കുകയും അവ പ്രസിദ്ധീകരിക്കാൻ സാധിക്കുകയും ചെയ്താൽ മാത്രമേ കേസെടുക്കാൻ സാധിക്കൂ.
മൊഴി തന്നവരുടെ സ്വകാര്യത ഉറപ്പ് വരുത്തണമെന്നത് ഹേമ കമ്മിറ്റിയുടെ ആവശ്യമായിരുന്നു. കിട്ടിയ മൊഴികൾ പ്രകാരം നിയമനടപടി വേണമെന്ന് ഹേമ കമ്മിറ്റിക്ക് ആവശ്യപ്പെടാമെന്നും എ.കെ. ബാലൻ പറഞ്ഞു.
സ്ത്രീകൾക്ക് പ്രാതിനിധ്യം നൽകാത്ത താരസംഘടന അമ്മയുടെ ഭാരവാഹിപ്പട്ടിക വലിച്ചെറിയണമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി.കെ.ശ്രീമതി പറഞ്ഞു. അമ്മയ്ക്ക് പെൺമക്കളില്ലെന്ന് പണ്ടേ പറഞ്ഞതാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ ഗൗരവത്തിലുളള നടപടിയെടുക്കണം. മൊഴികളുടെ അടിസ്ഥാനത്തിൽ കേസെടുക്കാമോ എന്ന് നിയമോപദേശം തേടണമെന്നും ശ്രീമതി പറഞ്ഞു.