‘സിനിമയിലെ മാഫിയ ഗ്രൂപ്പിന്റെ പീഡനം ലൈംഗികം മാത്രമല്ല; ഇനിയും ഉറക്കം നടിക്കരുത്’
Mail This Article
തിരുവനന്തപുരം∙ സിനിമാ മേഖലയെ പ്രതികൂലമായി ബാധിക്കുന്ന റിപ്പോർട്ടാണ് ജസ്റ്റിസ് ഹേമയുടേതെന്ന് സംവിധായകൻ വിനയൻ. സിനിമയിലേക്ക് വരുന്ന പുതിയ തലമുറയെ ആശങ്കപ്പെടുത്തുന്ന റിപ്പോർട്ടാണ്. ‘ഇത് ഇത്രയല്ലേ ഉള്ളൂ, ഇതിനെക്കാൾ വലുത് കണ്ടിട്ടുണ്ട്’ എന്ന രീതിയിൽ മന്ത്രിമാർവരെ സംസാരിക്കുന്നത് കണ്ടതായി വിനയൻ മാധ്യമങ്ങളോട് പറഞ്ഞു. സിനിമാക്കാരും ഈ രീതിയിൽ സംസാരിക്കുന്നത് കണ്ടു. ഇനിയും ഉറക്കം നടിക്കരുതെന്നാണ് അവരോട് തനിക്ക് പറയാനുള്ളത്. അത് സിനിമാ മേഖലയെ കൂടുതൽ കുഴപ്പത്തിലേക്ക് കൊണ്ടുപോകും. ഹേമ കമ്മിറ്റി നിർദേശങ്ങൾ ശക്തമായി നടപ്പിലാക്കണമെന്നും വിനയൻ പറഞ്ഞു.
‘‘ സിനിമാരംഗത്ത് മാഫിയ ഗ്രൂപ്പിന്റെ പീഡനം ലൈംഗികമായി മാത്രമല്ല. മറ്റ് തരത്തിലുള്ള പീഡനം ഏറ്റുവാങ്ങിയ ആളാണ് ഞാൻ. ഈ പോക്ക് മലയാള സിനിമയ്ക്ക് ശരിയല്ലെന്ന് വർഷങ്ങൾക്ക് മുൻപ് ഞാൻ പറഞ്ഞതാണ്. സിനിമയിലെ താഴേത്തട്ടിലുള്ളവർക്കായി എന്റെ നേതൃത്വത്തിൽ യൂണിയനുണ്ടാക്കി. ‘മാക്ട’ സംഘടന തകർത്തതിന് മുന്നിൽനിന്നത് ഒരു നടനാണെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്. സംഘടനാ പ്രശ്നങ്ങളിൽ ഇടപെട്ടതിന്റെ ഭാഗമായാണ് ഞാൻ 12 വർഷത്തോളം സിനിമയ്ക്കു പുറത്തു നിന്നത്. ഈ റിപ്പോർട്ട് ചരിത്ര പ്രാധാന്യമുള്ളതാണ്’’– വിനയൻ പറഞ്ഞു.